ആര്‍ഷഭാരത തേജോപുഷ്പം

വിശുദ്ധിയുടെ പരിമളം പരത്തിയ ആര്‍ഷഭാരതത്തിന്റെ അഭിമാനമായിത്തീര്‍ന്ന വി. അല്‍ഫോന്‍സാമ്മയുടെ അര്‍പ്പണജീവിതം ലോകത്തിന്റെ മുമ്പില്‍ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നുനില്‍ക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരള കത്തോലിക്കാ സഭയ്ക്കു ലഭിച്ച ദൈവത്തിന്റെ പ്രത്യേക ദാനമാണ് വി. അല്‍ഫോന്‍സ.

കുലീനയായ ഗൃഹനാഥയോ, പ്രശസ്തയായ കലാകാരിയോ, മികച്ച ഉദ്യോഗസ്ഥയോ ആയിത്തീരാവുന്നതായിരുന്നു മുട്ടത്തുപാടത്ത് അന്നക്കുട്ടിയുടെ ജീവിതം. പക്ഷേ, സമൃദ്ധിയുടെ പ്രലോഭനങ്ങള്‍ തിരസ്‌കരിച്ച് അവള്‍ വരിച്ചത് വേദനയുടെയും ത്യാഗത്തിന്റെയും ദുരിതവഴികളാണ്. ദൈവികസ്‌നേഹം ആവോളം അനുഭവിച്ചറിഞ്ഞ്, അത് തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടുവോളം പകര്‍ന്ന്, സ്വയം ഒരു ബലിയായി – സ്‌നേഹബലിയായി തന്നെത്തന്നെ അര്‍പ്പിച്ച ഒരു ധീരകന്യകയാണ്, സമര്‍പ്പിതയാണ് വി. അല്‍ഫോന്‍സാ. ജീവിതകാലത്ത് ആരും അവളെ അറിഞ്ഞില്ല. എന്നാല്‍, മരണശേഷം തന്റെ എളിയദാസിയെ വാനോളം ഉയര്‍ത്തുവാന്‍ അവിടുന്ന് തിരുമനസ്സായി. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമ 8:28).

പ്രാര്‍ത്ഥനാപുഷ്പം

പ്രാര്‍ത്ഥന മനസിന്റെ പ്രവൃത്തിയല്ല. ഹൃദയത്തിന്റെ സ്പന്ദനമാണ്. ദൈവവിളി എന്ന മഹാദാനത്തിനായി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുകയും അതിനായി അഗ്നിപ്രവേശനം വഴി വലിയ ത്യാഗമനുഷ്ഠിക്കുകയും ചെയ്ത വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം പ്രാര്‍ത്ഥനയിലധിഷ്ഠിതമായിരുന്നു. വി. അല്‍ഫോന്‍സാമ്മയുടെ വാക്കുകള്‍ ഇതായിരുന്നു: ”സമയം കിട്ടുമ്പോഴെല്ലാം എനിക്ക് കുര്‍ബാനയുടെ സന്നിധിയില്‍ ചെലവഴിക്കണം, എന്റെ കര്‍ത്താവിനെ എനിക്ക് പൂര്‍ണ്ണമായി സ്‌നേഹിക്കണം എന്നുമാത്രമേ എനിക്ക് ആഗ്രഹമുള്ളു.”

അവള്‍ക്ക് പ്രാര്‍ത്ഥന സ്വന്തം ആവശ്യങ്ങളുടെ പട്ടികയോ, പരാതികളുടെ നിരയോ ഒന്നുമല്ലായിരുന്നു. മറിച്ച്, ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കുന്ന ‘ആമ്മേന്‍’ പറച്ചില്‍ മാത്രമായിരുന്നു. അവള്‍ക്കുണ്ടായ എല്ലാ വേദനകളും തിരുഹൃദയനാഥന്റെ തിരുമുറിവില്‍ കൊച്ചുപൂക്കളായി സമര്‍പ്പിച്ചു.

സമര്‍പ്പിതപുഷ്പം

സന്യാസത്തെ, സന്യാസമാക്കി തീര്‍ക്കുന്നത് സമര്‍പ്പണമാണ്. ഈശ്വരന് ഏറ്റവും പ്രിയങ്കരമായ നൈവേദ്യം തിരുസന്നിധാനത്തില്‍ കലര്‍പ്പ് കൂടാതെ സമര്‍പ്പിക്കുന്ന നമ്മുടെ ജീവിതമാണ്.

”ഒരു കന്യകയുടെ സന്തോഷം ഈശോയോടു കൂടി, ഈശോയില്‍, ഈശോയ്ക്കുവേണ്ടി ഈശോ വഴിയാണ്” (വി. അഗസ്റ്റിന്‍).

”നിങ്ങളുടെ കരങ്ങള്‍ ദൈവത്തിന്റെ നീട്ടപ്പെട്ട കരങ്ങളില്‍ അര്‍പ്പിക്കുക, അവിടുന്ന് നമ്മെ പിടിച്ചുകയറ്റും, അപ്പോള്‍ നാം പുതിയ സൃഷ്ടികളായിത്തീരും” (ഷൈ്വറ്റ്‌സര്‍).

ലോകദൃഷ്ടിയില്‍ വന്‍കാര്യങ്ങളൊന്നും അവള്‍ ചെയ്തിട്ടില്ലെങ്കിലും മനുഷ്യന്റെ ഉള്ള് കാണുന്ന ദൈവം അവളുടെ സമര്‍പ്പണത്തിന്റെയും വിശ്വസ്തതയുടെയും ആഴം കണ്ടു, അവളെ മഹത്വീകരിച്ചു. ”കര്‍ത്താവേ, അങ്ങയുടെ സ്വന്തമെന്നപോലെ എന്നോട് എന്തും പ്രവര്‍ത്തിച്ചുകൊള്ളുക.” ദൈവത്തിന് പൂര്‍ണ്ണമായി തന്നെത്തന്നെ വിട്ടുകൊടുത്തു കൊണ്ടുള്ള അവളുടെ സമര്‍പ്പണം വിശ്വാസത്തിന്റെ പുഷ്പിക്കലാണ്.

സ്‌നേഹപുഷ്പം

സ്‌നേഹം പ്രാഥമികമായി ഒരു വികാരമോ ആഗ്രഹമോ അല്ല. പ്രത്യുത, പ്രവൃത്തിയിലേയ്ക്ക് നമ്മെ ഉണര്‍ത്തുന്ന ഒരു തീരുമാനമാണ്. സ്‌നേഹം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. അത് ആരെയും ഒഴിവാക്കുന്നില്ല. സ്‌നേഹാര്‍ദ്രമായ ഹൃദയത്തോടെ ദൈവകാരുണ്യത്തെ വാഴ്ത്തിപ്പാടിയ അല്‍ഫോന്‍സയുടെ ജീവിതം ഒരു സ്‌നേഹാര്‍ച്ചനയായിരുന്നു. സ്‌നേഹത്തിന് അര്‍ഹതയില്ലാത്തവരെ സ്‌നേഹിക്കുന്നതിലും, മാപ്പിന് അര്‍ഹതയില്ലാത്തവരോട് ക്ഷമിക്കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തി. ഒരിക്കല്‍ അവള്‍ എഴുതി: ”എനിക്കുള്ളത് ഒരു സ്‌നേഹപ്രകൃതമാണ്. എന്റെ ഹൃദയം മുഴുവന്‍ സ്‌നേഹമാണെന്നു തോന്നുന്നു.”

സ്‌നേഹം പൊഴിയുന്ന പുഞ്ചിരിയിലൂടെ, സൗഹൃദം തുടിക്കുന്ന സംഭാഷണങ്ങളിലൂടെ, അവസരോചിതമായ സഹായത്തിലൂടെ, കൊച്ചുകൊച്ചു സമ്മാനങ്ങളിലൂടെ, ആശ്വാസദായകമായ പ്രാര്‍ത്ഥനയിലൂടെ, ഉന്മേഷം പകരുന്ന അഭിനന്ദനവചസ്സുകളിലൂടെ നിര്‍ലോഭം അതു പ്രകാശിച്ചിരുന്നു.

സഹനപുഷ്പം

”എന്നെ മുഴുവനും ഞാന്‍ ഈശോയ്ക്ക് വിട്ടുകൊടുത്തിരിക്കയാണ്; അവിടുത്തെ ഇഷ്ടം പോലെ എന്നോട് എന്തും ചെയ്തുകൊള്ളട്ടെ, ദൈവസ്‌നേഹത്തെപ്രതി ദുരിതങ്ങള്‍ സഹിക്കുക, അതില്‍ സന്തോഷിക്കുകയും ചെയ്യുക ഇതു മാത്രമേ ഞാന്‍ ഇഹത്തില്‍ ആഗ്രഹിക്കുന്നുള്ളൂ.”

അല്‍ഫോന്‍സാമ്മയെ സംബന്ധിച്ചിടത്തോളം സഹനം സ്‌നേഹത്തിന്റെ പര്യായമായി മാറി. കുരിശ് തന്നാണ് ഈശോ സ്‌നേഹിക്കുന്നതെന്നും സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ അവിടുന്ന് കുരിശുകളും സങ്കടങ്ങളും കൊടുക്കുകയുള്ളൂ എന്നും അവള്‍ വിശ്വസിച്ചു. വേദനകളും രോഗപീഡകളും നിരന്തരം അലട്ടിയിട്ടും ശിശുസഹജമായ നൈര്‍മ്മല്യത്തോടെ പുഞ്ചിരിച്ച് അതിനെയൊക്കെ നേരിട്ടു. യാതൊരാശ്രയവും ഇല്ലാതെ കുരിശില്‍ കിടന്ന് വളരെയേറെ വേദനകള്‍ സഹിച്ച ദിവ്യനാഥന്റെ സഹനമോര്‍ത്താല്‍ തന്റെ സഹനം നിസ്സാരമെന്നു ചിന്തിക്കുകയും കൂടുതല്‍ സഹിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഭൗതികമായ നേട്ടങ്ങളിലും ലൗകികസുഖങ്ങളിലും സംതൃപ്തി കണ്ടെത്തുന്നവരെ സംബന്ധിച്ച് അല്‍ഫോന്‍സാമ്മയുടെ ജീവിതം ക്ലേശപൂര്‍ണ്ണമാണ്. ആസക്തികളുടെ ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുന്നവര്‍ക്കേ ആത്മീയതയുടെ പാതയിലൂടെ മുന്നേറി ദൈവസാക്ഷാത്കാരം നേടാന്‍ സാധിക്കുകയുള്ളു.

”മനുഷ്യന്‍, മനുഷ്യന്റെ സ്വന്തമാണ്. എല്ലാ മനുഷ്യരും അന്യോന്യം അവകാശികളാണ്, നിങ്ങള്‍ കണ്ണ് തുറന്നു നോക്കൂ, നിങ്ങളുടെ സമയം അല്പം ലഭിക്കുന്നതിനുവേണ്ടി, സൗഹൃദത്തിനുവേണ്ടി സ്‌നേഹത്തിനും കൂട്ടായ്മയ്ക്കുംവേണ്ടി, ഒരു ചെറിയ സഹായത്തിനുവേണ്ടി നിങ്ങളുടെ കണ്ണുകളിലേയ്ക്ക് നോക്കിനില്‍ക്കുന്ന നിരവധിയാളുകളെ കാണാം” (ഷൈ്വറ്റ്‌സര്‍).

തന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്, അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമ്പോഴാണെന്ന് തീര്‍ച്ചയുണ്ടായിരുന്നു അല്‍ഫോന്‍സാമ്മയ്ക്ക്. ഭരണങ്ങാനത്തെ ഫ്രാന്‍സിസ്‌കന്‍ ആരാമത്തില്‍ പൊട്ടിവിടര്‍ന്ന ഈ തേജോപുഷ്പം വിശുദ്ധിയുടെ പരിമളം പരത്തി, ആര്‍ഷഭാരതത്തിന് ഒരു അലങ്കാരമായി, അഭിമാനമായി ഇന്നു സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്നു.

കടപ്പാട്: ഗോതമ്പുമണി