കായികവിനോദങ്ങൾ പുണ്യങ്ങള്‍ അഭ്യസിക്കാന്‍ സഹായിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

കായികവിനോദങ്ങൾ സ്ഥിരോത്സാഹത്തിന്‍റെയും, സമർപ്പണത്തിന്‍റെയും ആത്മപരിത്യാഗത്തിന്‍റെയും പാഠങ്ങൾ നൽകുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. യുറോപ്പിയൻ സൈക്കിൾ മല്‍സരക്കളിക്കാരുടെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നവസരത്തില്‍ ആണ് പാപ്പാ ഈ കാര്യം പറഞ്ഞത്.

സഭയുടെ കായിക ലോകവുമായുള്ള ബന്ധം ഒരു നീണ്ട ചരിത്രമാണെന്നും, കായിക വിനോദങ്ങൾ മാനുഷീക വികസനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും ലക്ഷ്യപ്രാപ്തിക്കായി സകലവും നൽകാൻ പ്രേരിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. നീണ്ട നിഷ്‌ക്കര്‍ഷയുള്ള പരിശ്രമവും, ജീവിതത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത അച്ചടക്കവും ആവശ്യമായ കായികവിനോദം തോൽവികളിൽ നിരാശപ്പെടാതെ, ഉറച്ച തീരുമാനത്തോടെ പുനരാരംഭിക്കാനും നമ്മെ പഠിപ്പിക്കുന്നു. പാപ്പാ പറഞ്ഞു.

ലക്ഷ്യത്തിലെത്തുമ്പോഴുള്ള ജീവിതസന്തോഷം പ്രകടിപ്പിക്കാനുള്ള അവസരവും അത് നൽകുന്നു. കായികാഭ്യാസികൾക്കു മറ്റുള്ളവരുമായി പ്രത്യേകിച്ച് യുവജനങ്ങളുമായി സംവാദിക്കാൻ ഒരു അപൂർവമായ കഴിവുണ്ട്. കുലീനമായ ഉയർന്ന ലക്ഷ്യത്തിനായി സമർപ്പിക്കാനും ജീവിതത്തിന്‍റെ പരമമായ മൂല്യങ്ങളെ അവരിലേക്ക്‌ പകരാനും കഴിയും എന്നും പാപ്പാ അഭിപ്രായപ്പെട്ടു. കായിക കലകളെ പിന്തുടരുന്ന എല്ലാവരും മനുഷ്യന്‍റെ സമഗ്രമായ ഉന്നതിക്കുവേണ്ടി അതിനെ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ വ്യക്‌തി പ്രശസ്തിയുടെയും, ധനലാഭത്തിന്‍റെയും അടിമയായി കായികവിനോദത്തെ മലിനമാക്കുമെന്നും പറഞ്ഞ പാപ്പാ കായികലോകത്ത് കണ്ടുവരുന്ന മയക്കുമരുന്നിന്‍റെയും, വഞ്ചനയുടെയും, സ്വയവും മറ്റുള്ളവരെയും അവഹേളിക്കുന്നതിലും അനീതിയുടെയും സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. പുതുതലമുറ ആരോഗ്യപരമായ പാരമ്പര്യങ്ങളിലും ജനപ്രിയ സംസ്കാരങ്ങളിലും അനുയാത്ര ചെയ്യേണ്ട ആവശ്യകതയേയും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.