സ്വാതന്ത്ര്യത്തിന്റെ ആന്തരികധാര

ഏഴു ദശാബ്ദത്തിലേറെയായി, അവകാശമുണ്ട് എന്നു കരുതുന്ന ‘സ്വാതന്ത്ര്യം’ എന്ന വികാരത്തിന്റെ സ്വകാര്യ അഹങ്കാരവുമായാണ് ഈ ആഗസ്റ്റ് 15 നാം ആഘോഷമാക്കി മാറ്റുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന പദം ഒരു അലങ്കാരം പോലെ ഉപയോഗിക്കുന്നതില്‍ നാം സംതൃപ്തരാണുതാനും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി ഇറങ്ങുവാന്‍ പോകുന്ന പേടകത്തിന്റെ (ചന്ദ്രയാന്‍ 2) ദൗത്യവും പ്രതീക്ഷിക്കുന്ന വിജയവും സാഭിമാനം ഉറ്റുനോക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ 72 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, പ്രത്യാശയോ അതോ ആശങ്കയാണോ നമ്മുടെ മനസ്സില്‍ നിറയുന്നത്.

ഉന്നാവ് – ഇന്നൊരു ഗ്രാമത്തിന്റെ പേര് മാത്രമല്ല, മാനം സംരക്ഷിക്കാനായി ജീവന്‍ അപായപ്പെടുത്താന്‍ വിധിക്കപ്പെട്ട എല്ലാ ഹതാശയരുടെയും പ്രതീകമാണ്. അധികാരവും പണവും ഉയര്‍ത്തുന്ന നൃശംസതയുടെ രക്തസാക്ഷിത്വമാണ്. അനീതിയ്‌ക്കെതിരെ പോരാടുവാനായി നിശ്ചയിച്ചുറപ്പിച്ചതിന്റെ ഫലമായി ഇരയാക്കിപ്പെടേണ്ടി വരുന്ന നവ-അടിമത്വത്തിന്റെ ചിത്രം. CCD (Caffe-Coffee-Day) വളര്‍ന്നു വികസിച്ച് വിജയം കൊയ്യുന്ന സംരഭകത്വത്തിന്റെ സാക്ഷ്യമല്ല. മറിച്ച്, നവ ഉദാരവത്ക്കരണ നയത്തിന്റെയും, മാര്‍ക്കറ്റിന്റെയും ഓഹരിയുടെയും മിഥ്യാസ്വപ്നങ്ങള്‍ക്കു പിന്നാലെയുള്ള ഓട്ടത്തിനിടയില്‍ ജീവന്‍ ഹനിക്കേണ്ടി വരുന്നതിന്റെ അടയാളമാണ്. പാര്‍ലമെന്റിലെ ഭൂരിപക്ഷം എന്ന സങ്കേതമുപയോഗിച്ച്, ഒരു ജനത അനുഭവിക്കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു പ്രമേയം മാത്രം മതിയെന്ന് കാശ്മീര്‍ വിഭജനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സമൂഹത്തിന്റെ പൊതുചത്വരത്തില്‍ നിന്നും വെളിച്ചത്തിന്റെ കണികകള്‍ അറ്റുപോകുന്നതിന്റെയും ഇരുളിന്റെ കാളിമ നമ്മെ ചൂഴ്ന്നുനില്‍ക്കുന്നതിന്റെയും പരിതോവസ്ഥയിലാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ച് നാം ചില പര്യാലോചനകള്‍ നടത്തുക.

കേവലമായ പൗരാവകാശമായോ രാഷ്ട്രീയ പ്രവര്‍ത്തനമായോ (Political Activities) കാണുന്നതിലല്ല, മാനവികതയുടെ സമഗ്രമായ ആവിഷ്‌ക്കാരമായി സ്വാതന്ത്ര്യത്തെ സ്വന്തമാക്കുന്നതിലാണ് അതിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ഈ സാകല്യതയെ ആത്മാവില്‍ സ്വന്തമാക്കിയ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം ഈ ആഘോഷത്തോടു ചേര്‍ന്ന് ആചരിക്കുന്നതിന്റെ പ്രസക്തിയും ഇതു തന്നെയാണ്.

പരിശുദ്ധ അമ്മയ്ക്ക് തന്റെ വ്യക്തിജീവിതത്തില്‍ നിറയുന്ന ആന്തരികമായ ഒരു അനുഭവവും ഉള്‍ക്കാഴ്ചയുമായിരുന്നു സ്വാതന്ത്ര്യം. നസ്രത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ പ്രാര്‍ത്ഥനാ നിരതയായിരുന്ന അമ്മയുടെ പക്കലേയ്ക്കാണ് ദൂതന്‍ മംഗളവാര്‍ത്തയുമായി എത്തിയത്. ദൂതന്റെ സന്ദേശം അവള്‍ക്ക് ആശങ്കയുടെയും സന്ദേഹത്തിന്റെയും വാര്‍ത്ത ആയിരുന്നു. അതുകൊണ്ടാണ് തികഞ്ഞ ആശ്ചര്യത്തോടെ അവള്‍ ചോദ്യമുയര്‍ത്തിയത് – ‘ഇത് എങ്ങനെ സംഭവിക്കും?’ കര്‍ത്താവിന്റെ ആത്മാവ് നിന്നില്‍ നിറയുമെന്ന ദൂതന്റെ മറുപടിയില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ ആദ്യപടി അവള്‍ ദര്‍ശിക്കുകയായിരുന്നു. താന്‍ കാണുന്ന ഭൗതീകതയുടെ കേവല പരിപ്രേക്ഷ്യകള്‍ക്ക് അതീതമാണ് യാഥാര്‍ത്ഥ്യമെന്ന് മറിയം തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അവളുടെ ജീവിതവഴിയിലുടനീളം ഈ തിരിച്ചറിവിന്റെ മുദ്ര അടയാളപ്പെടുത്തുന്നുമുണ്ട്. അത്യുന്നതന്റെ ശക്തിയെ ഉദരത്തില്‍ സംവഹിക്കാന്‍ സമ്മതം മൂളുന്നവള്‍ ഭൗതീകതയുടെ സാധാരണ കാഴ്ചകള്‍ക്കപ്പുറേത്തയ്ക്ക് ദര്‍ശിക്കുവാന്‍, തന്നെ ഒരുക്കി.

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ മകന് പിറവി നല്‍കിയപ്പോഴും, കാനായിലെ കല്യാണവിരുന്നില്‍ അവനെ അനുസരിക്കാന്‍ മൊഴിഞ്ഞപ്പോഴും, അവന്റെ ജീവിത നാള്‍വഴികളില്‍ അവനൊപ്പം ആയിരുന്നപ്പോഴും, കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ നിശബ്ദയായപ്പോഴും, ഒടുവില്‍ നിശ്ചേതിതമായ മകന്റെ ദേഹം തന്റെ ദേഹത്തോട് ചേര്‍ത്തപ്പോഴും ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന അതിഭൗതീക തലങ്ങളെ ധ്യാനിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു.

ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തുറവിയുടെ കാഴ്ച്ചപ്പാടാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യാനുഭവം. നമ്മുടെ ജീവിതത്തിലും നാം ജീവിക്കുന്ന ചുറ്റുപാടുകളിലും വന്നുചേരുന്ന എല്ലാ സംഭവങ്ങളെയും പാദാര്‍ത്ഥികലോകത്തിന്റെ ഭൗതീകതലങ്ങളില്‍ നിന്നും വിഭിന്നമായി നോക്കിക്കാണുവാന്‍ ഒരാള്‍ക്ക് കഴിയണം. ജീവിതയാഥാര്‍ത്ഥ്യത്തിന്റെ ഈ ആന്തരീകതയെ ദര്‍ശിക്കുവാന്‍ ഒരാള്‍ക്ക് കഴിഞ്ഞാല്‍ ഭൗതീകമായ പല പ്രശ്‌നങ്ങളെയും അതിജീവിക്കുവാന്‍ നമുക്ക് കഴിയും.
സ്വാതന്ത്ര്യം എന്ന അനുഭവത്തെ അതിന്റെ ബാഹ്യപരതയില്‍ നിന്നും അടര്‍ത്തിമാറ്റി ആത്മാവിന്റെ ആന്തരീകതയില്‍ പ്രതിഷ്ഠിക്കുവാനായിട്ടുള്ള ഉള്‍ക്കരുത്തും ആര്‍ജ്ജവത്വവും ദാര്‍ശനീകമായ ആഴവും നാം സ്വന്തമാക്കേണ്ടിയിരിക്കുന്നു. ഇത് കേവല വൈകാരികതിയില്‍ നിന്നുമുള്ള ഒരു ആഴപ്പെടലാണ്. ഇത്തരത്തിലുള്ള ആത്മീയാനുഭൂതിയുടെ സമഗ്രവും സാകല്യവുമായ ആവിഷ്‌ക്കാരമാണ് ദൈവതൃക്കരങ്ങളിലേയ്ക്കുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം. ‘ഇതാ കര്‍ത്താവേ, നിന്റെ ദാസി, നിന്റെ ഹിതം പോലെ എന്നില്‍ നിറവേറട്ടെ’ എന്നത് ഈ സ്വാതന്ത്ര്യത്തിന്റെ പരമമായ ആവിഷ്‌ക്കാരവുമാണ്.

സ്വാതന്ത്ര്യത്തിന്റെ ഈ സമഗ്രതയിലേയ്ക്ക് ഉയരുവാനായുള്ള ശ്രമമായിരിക്കണം ഒരോ സ്വാതന്ത്ര്യദിനവും. സ്വാതന്ത്ര്യത്തിന്റെ ആന്തരീകമൂല്യത്തെ ധ്യാനിക്കുവാനും ഉള്‍ക്കൊള്ളുവാനും ശേഷിയില്ലാതാവുമ്പോഴാണ് രാഷ്ട്രീയം ഒരു ധാര്‍മ്മികമൂല്യമാകാതെ കമ്മി-രാഷ്ട്രീയ കിടമത്സരമായും വ്യക്തിപരമായ ഏറ്റുമുട്ടലുകളായും മാറുന്നത്. സമൂഹത്തിന്റെ പൊതുനന്മയ്ക്കായി നിലപാടുകള്‍ എടുക്കേണ്ടവര്‍ അത് വിസ്മരിച്ച് സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങള്‍ക്ക് വഴിപ്പെടുമ്പോള്‍ ഒരു ജനത അര്‍ഹിക്കുന്ന സ്വാതന്ത്ര്യാനുഭവം കേവലം മരീചികയായിരിക്കും. രാഷ്ട്രനിര്‍മ്മാണത്തിന് ആവശ്യമായ ആന്തരീകവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ ചോരുന്നിടത്ത് ഇരകളുടെ (Victims) എണ്ണം പെരുകും; ചൂഷിതരുടെയും.

ഭൗതീകതയുടെ കേവലതലങ്ങള്‍ക്ക് അതീതമായി സ്വാതന്ത്ര്യത്തിന്റെ ആന്തരീകമൂല്യത്തെക്കുറിച്ച് ധ്യാനിക്കുവാനും അതിന്റെ ആഴത്തിലേയ്ക്ക് വളരുവാനും നിതാന്തജാഗ്രതയോടെ നമുക്കും ശ്രമിക്കാം. Eternal Vigilence is the Price of Liberty (നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില) എന്ന തത്വം മറക്കാതെ ജാഗ്രതയോടെ നമുക്കും ഉണര്‍ന്നിരിക്കാം.

യഥാര്‍ത്ഥമായ സ്വാതന്ത്ര്യനുഭവത്തിലേയ്ക്ക് വളരാന്‍ പരിശുദ്ധ അമ്മയുടെ ജീവിതവും മാതൃകയും നമുക്ക് പ്രചോദനമേകട്ടെ. അമ്മയുടെ മാദ്ധ്യസ്ഥ്യം നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

റവ. ഡോ. സജി മാത്യു കണയങ്കല്‍ CST