മലയാളികളെ വീണ്ടും ഗൃഹാതുരതയിലേയ്ക്ക് കൊണ്ടുപോകുവാനായി ഹരിശങ്കറിന്റെ കാറ്റിനരികെയിലെ ഗാനം

അശോകന്‍ നായകനായെത്തുന്ന ‘കാറ്റിനരികെ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന് വരികളൊരുക്കിയത് വിശാല്‍ ജോണ്‍സണ്‍ ആണ്. നോബിള്‍ പീറ്റര്‍ ഈണം നല്‍കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇടുക്കിയിലെ മനോഹരമായ ദൃശ്യങ്ങളാണ് പാട്ടിന്റെ മുഖ്യാകര്‍ഷണം. ദൃശ്യങ്ങള്‍ക്കൊപ്പം ഗായകന്‍ ഹരിശങ്കറിന്റെ മനോഹരമായ ആലാപനമാണ് മറ്റൊരു പ്രത്യേകത. ഫാ. റോയി ജോസഫ് കപ്പൂച്ചിന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കാറ്റിനരികെ. അശോകനൊപ്പം സിനി എബ്രഹാം, ജോബി, സിദ്ധാര്‍ത്ഥ് ശിവ, മാസ്റ്റര്‍ പവന്‍ റോയി, ബേബി അനന്ദ്രിത മനു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ഫാ. റോയി ജോസഫിനൊപ്പം ഫാ. ആന്റണി ലാസര്‍ കപ്പൂച്ചിനും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സ്മിറിന്‍ സെബാസ്റ്റ്യനും, ഫാ. റോയി ജോസഫും കൂടിയാണ്. ഷീനൂബ് ടി ചാക്കോയുടെയാണ് ഛായാഗ്രഹണം. വിശാഖ് രാജേന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ക്യാപ് ക്രിയേഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.