ആത്മീയജീവിതത്തില്‍ തളര്‍ച്ചയും മടുപ്പും അനുഭവപ്പെടുന്നുണ്ടോ? പരിഹാരമിതാ

എത്ര ഭക്തിയും ദൈവഭയവും ഉള്ളവരുടെയും ജീവിതത്തില്‍ ഇത്തരം ഒരനുഭവം ഉണ്ടാകും. ചില സമയങ്ങളില്‍ നമുക്ക് വലിയ ആത്മീയസന്തോഷം ലഭിക്കും. എന്നാല്‍ ആത്മീയമായ വരള്‍ച്ചയും സന്തോഷമില്ലായ്മയും അനുഭവിക്കുന്ന അവസരങ്ങളും ഉണ്ട്. എല്ലാ വിശുദ്ധരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം എന്തു ചെയ്യണം?

ഈ സാഹചര്യങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ലെങ്കിലും പ്രാര്‍ത്ഥന മുടക്കരുത് എന്നാണ് ആവിലായിലെ വി. അമ്മത്രേസ്യ പറയുന്നത്. ദൈവസാന്നിധ്യത്തില്‍ നിലനില്‍ക്കാന്‍ നമുക്ക് ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍, പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ലെങ്കില്‍ ഹൃദയം കൊണ്ട് ദൈവത്തിന്റെ നേര്‍ക്ക് ഉറക്കെ നിലവിളിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രയോജനകരമായ ഒരു പ്രാര്‍ത്ഥന നമ്മുടെ ചിന്തകളും വികാരങ്ങളും അതേപടി ദൈവത്തോട് പങ്കുവയ്ക്കുക എന്നതാണ്. നല്ലതോ ചീത്തയോ ആകട്ടെ, മനസ്സില്‍ തോന്നുന്നതെന്തും ഒരു സ്‌നേഹിതനോടെന്ന വണ്ണം ദൈവത്തോട് തുറന്നുപറയുക. നമുക്ക് ദൈവസാന്നിധ്യം അനുഭവപ്പെടുന്നില്ലെങ്കില്‍ പോലും ദൈവം അവിടെ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുക.

ആത്മീയ വരള്‍ച്ച അനുഭവപ്പെടുന്ന അവസരങ്ങളില്‍ ആവര്‍ത്തിച്ചു ചൊല്ലാവുന്ന ഒരു കൊച്ചു പ്രാര്‍ത്ഥന ഇതാ….

എന്റെ ദൈവമേ, ഞാന്‍ ഒന്നുമല്ല. എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. അങ്ങയോട് എന്തു പറയണം എന്നുപോലും എനിക്കറിയില്ല. അവിടുത്തെ ഈ എളിയ ദാസന്റെ/ദാസിയുടെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കുമാറാകണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ