വി. അല്‍ഫോന്‍സാമ്മയെ സ്‌നേഹിക്കുന്ന ഒരു സിസ്റ്റര്‍ തന്റെ ദൈവവിളിയെക്കുറിച്ച് എഴുതുന്നു

സി. സൗമ്യ കവിയില്‍ എസ്.ഡി

‘ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദം കൊള്ളും.’ (ഏശ. 61.10) സഹനത്തിന്റെ തീച്ചൂളയില്‍ അഗ്‌നിശുദ്ധി ചെയ്ത് വിശുദ്ധിയുടെ പ്രഭ വിതറിയ വി. അല്‍ഫോന്‍സാമ്മയെപ്പറ്റി ബന്ധപ്പെടുത്തിയേ ഒരു എസ്.ഡി സന്യാസ സഭാംഗമായിട്ടും ദൈവവിളിയെപ്പറ്റി എനിക്കു ചിന്തിക്കാനാവു.

അല്‍ഫോന്‍സാമ്മയിലേക്കുള്ള ആകര്‍ഷണം ആരംഭിക്കുന്നത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കു ലഭിച്ച ഒരു രോഗസൗഖ്യത്തിലൂടെയാണ്. വര്‍ഷങ്ങളായി അലട്ടിയിരുന്ന രോഗത്തില്‍ നിന്നു സൗഖ്യം നേടാന്‍ അല്‍ഫോന്‍സാമ്മയോട് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നു ഒരു അടുത്ത ബന്ധു ഉപദേശിച്ചു. അല്‍ഫോന്‍സാമ്മയെക്കുറിച്ചു അധികം ഒന്നും കേട്ടില്ലങ്കിലും ചേച്ചിയുടെ വാക്കുകള്‍ വിശ്വസിച്ചു എന്റെ രോഗ സൗഖ്യത്തിനായി മൂന്നു ദിവസം തുടര്‍ച്ചയായി അല്‍ഫോന്‍സാമ്മയോടു പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ്യം വഴി നടത്തിയ കൊച്ചുപ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു എനിക്കു പൂര്‍ണ്ണ സൗഖ്യം നല്‍കി.

അന്നുമുതല്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചു. ജീവചരിത്രം കണ്ടെത്തി വായിച്ചു. തന്റെ മനസ്സു കൊതിച്ച നാഥനെ സ്വന്തമാക്കാന്‍വേണ്ടി ലോകസുഖസന്തോഷങ്ങളെയും അതിനു വിഘാതമായി കണ്ട തന്റെ സൗന്ദര്യത്തെപ്പോലും നിസ്സാരമായി കരുതിയ അന്നക്കുട്ടി എന്ന ആ യുവകന്യകയുടെ ധീരമാതൃക എന്നെയും ഏറെ ആകര്‍ഷിച്ചു. അല്‍ഫോല്‍സാമ്മ എനിക്ക് വെറുമൊരു സ്വര്‍ഗീയ മധ്യസ്ഥ മാത്രമായിരുന്നില്ല; എന്റെ ഒരു കുഞ്ഞേച്ചിയെപോലെയായിരുന്നു. പിന്നീട് ഞാന്‍ വരച്ച ചിത്രങ്ങളില്‍ പ്രധാന കഥാപാത്രം അല്‍ഫോന്‍സാമ്മയായി. ആ സ്‌നേഹബന്ധം ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ എനിക്കു പുത്തന്‍ ഉണര്‍വു നല്‍കി.

അല്‍ഫോന്‍സാമ്മയോടുള്ള സ്‌നേഹമാണ് വീട്ടിലെ പ്രാര്‍ത്ഥനാമുറി അലങ്കരിക്കാന്‍ പ്രേരണ നല്‍കിയത്. വിശുദ്ധരുടെ പുസ്തകങ്ങള്‍ വായിക്കുവാനും അവരെപ്പോലെ ആകാനുമുള്ള ചിന്ത മൊട്ടിടുന്നത് ഈ കാലഘട്ടത്തിലാണ്. അങ്ങനെ ഒരു ദിവസം അമ്മച്ചിയുടെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ‘ക്രിസ്താനുകരണം’ എന്ന പുസ്തം കണാനിടയായി. അതിന്റെ ആദ്യ പേജില്‍ കണ്ട ഒരു ചിത്രവും അടിക്കുറിപ്പായി കൊടുത്തിരിക്കുന്ന തിരുവചനവും എന്റെ കൊച്ചുഹൃദയത്തെ സ്പര്‍ശിച്ചു: ‘ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.

എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല'(യോഹ.8.22). ആ തിരുവചനം ഈശോ എന്നോട് പറയുന്നതുപോലെ തോന്നി. വിശുദ്ധരുടെ ജീവചരിത്രവായനകള്‍ ഒരു സിസ്റ്ററാകാനുള്ള ആഗ്രഹം എന്നില്‍ ജനിപ്പിച്ചു. അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എനിക്കും എന്തുകൊണ്ട് ആയിക്കൂടാ? ഈ ചിന്ത എന്റെ കൊച്ചുമനസ്സില്‍ രൂപപ്പെടാന്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് വി. അല്‍ഫോന്‍സാമ്മയുടെ ജീവിതമായിരുന്നു.

അല്‍ഫോന്‍സാമ്മയോട് നല്ല ആത്മബന്ധമുണ്ടായിരുന്നെങ്കിലും, ആദ്യമായി ഒരു ദൈവവിളിക്യാമ്പ് കൂടിയതും സിസ്റ്ററാകാന്‍ പേരെഴുതി കൊടുത്തതും മറ്റൊരു സന്യാസ സഭയിലായിരുന്നു. ഹൈറേഞ്ചിലുള്ള മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ പി.ഡി.സി ക്ക് പഠിക്കുന്ന സമയത്ത് ആ സഭയിലെ രണ്ടു സിസ്റ്റേഴ്‌സ് അവിടെയെത്തി. കത്തോലിക്കരായ പെണ്‍കുട്ടികളെ വിളിച്ചുകൂട്ടി ദൈവവി ളിയെക്കുറിച്ചു സംസാരിക്കുകയും അവരുടെ സഭയില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ പേരു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ സംസാരവും പെരുമാറ്റവുമെല്ലാം ഇഷ്ടപ്പെട്ട് ഞാനും പേരും എഴുതി കൊടുത്തു. പക്ഷെ, വീട്ടില്‍ ഇതൊന്നും പറഞ്ഞില്ലായിരുന്നു.

പി.ഡി.സി പഠനം പൂര്‍ത്തിയാക്കി റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. ആ സഭയിലേക്ക് ക്ഷണിച്ചു കൊണ്ട് ഒരു കത്തു ലഭിച്ചു. അപ്പോഴാണ് വീട്ടുകാര്‍ ഞാന്‍ ആ സഭയില്‍ പേരു കൊടുത്തിരുന്ന കാര്യം അറിയുന്നത്. അവിടെ പോകാന്‍ വീട്ടിലാരും സമ്മതിച്ചില്ല. മഠത്തില്‍ ചേരണമെന്നു നിര്‍ബന്ധമാണെങ്കില്‍ വീടിനോട് അടുത്തുള്ള ഏതെങ്കിലും മഠത്തില്‍ ചേര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. ഞങ്ങളുടെ ഇടവകയില്‍ അന്നു ശുശ്രൂഷ ചെയ്തിരുന്നത് എസ്.ഡി സിസ്റ്റേഴ്‌സ് ആയിരുന്നു. അവരോട് എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു. അങ്ങനെയിരിക്കെ അവധിക്കാലത്ത് ഞങ്ങളുടെ ഇടവകയില്‍ എസ്.ഡി സിസ്റ്റേഴ്‌സ് ഒരു ദൈവവിളി ക്യാമ്പ് നടത്തി. അതില്‍ പങ്കെടുക്കുകയും ആ ക്യാമ്പില്‍നിന്നും എസ്.ഡി സഭയിലേക്ക് ദൈവം തെരഞ്ഞടുക്കുകയുമായിരുന്നു.

എസ്.ഡി സിസ്റ്റേഴ്‌സിനെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നെങ്കിലും എന്നെ ഓരോരോ തടസ്സങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു നോക്കി. മഠത്തില്‍ പോകാനുള്ള തീരുമാനമറിത്ത മൂത്ത സഹോദരന്‍ ‘ജീവിതം ഒന്നേയുള്ളൂ. അത് നഷ്ടപ്പെടുത്തിക്കളയരുത്’ എന്നു പറഞ്ഞപ്പോള്‍ ‘ജീവിതം ഒന്നല്ലേയുള്ളൂ. അതുകൊണ്ടാണ് കൂടുതല്‍ ശ്രേഷ്ഠമെന്നു തോന്നുന്ന സന്യാസം തെരഞ്ഞെടുക്കുന്നതെന്ന്’എന്നായിരുന്നു എന്റെ മറുപടി. ഇന്നു പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ അല്‍ഫോന്‍സാമ്മയാണ് ഇങ്ങനെ പറയാന്‍ ശക്തി നല്‍കിയതെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നു. തീരുമാനം ഉറച്ചതാണെന്നു മനസ്സിലായതുകൊണ്ടാവാം പിന്നീട് എന്റെ സ്വാതന്ത്രമായ തീരുമാനത്തിന് ആരും തടസ്സം നിന്നില്ല.

വിളിച്ചവന്‍ കൂടെനിന്നു ശക്തിപ്പെടുത്തിയ തുകൊണ്ടും അവന്റെ സ്വന്തമായി ജീവിക്കണമെന്ന തീവ്രമായ ആഗ്രഹം ഉള്ളിലുണ്ടായിരുന്നതുകൊണ്ടും എല്ലാ പ്രതിബന്ധങ്ങളെയും സധൈര്യം തരണംചെയ്ത് 1992 ഫെബ്രുവരി 10 ന് എസ്. ഡി സഭയിലെ മറ്റു പതിനെട്ടു സഹോദരിമാരോടൊപ്പം പ്രഥമ വ്രതവാഗ്ദാനവും സന്യാസ വസ്ത്ര സ്വീകരണവും നടത്തി. ഇന്നു ഒരു എസ്.ഡി സിസ്റ്ററായതില്‍ അഭിമാനിക്കുന്നു. കാരണം യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം പങ്കുവച്ചു ജീവിക്കുന്ന സന്യാസിനിമാരുടെ സഭയാണിത്. എന്റെ ആധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയില്‍ അവസരങ്ങളും പ്രോത്സാഹനങ്ങളും നല്കി സഭ എന്നും കൂടെയുണ്ട്. ഇപ്പോള്‍ ഞാന്‍ മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ അധ്യാപികയായി സേവനം ചെയ്യുന്നെങ്കില്‍ അതു എസ്.ഡി. സന്യാസസഭ വളരാനുള്ള സാധ്യത തുറന്നു നല്‍കിയതിനാലാണ്.

അല്‍ഫോന്‍സാമ്മയോടുള്ള എന്റെ ഭക്തി തിരിച്ചറിഞ്ഞ പലരും, എന്റെ അമ്മ ഉള്‍പ്പെടെ “നിനക്ക് അല്‍ഫോന്‍സാമ്മയോട് ഇത്രയും സ്‌നേഹമാണേല്‍ അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ ചേര്‍ന്നാല്‍ മതിയായിരുന്നല്ലോ?” എന്നു ചോദിച്ചട്ടുണ്ട്. അതിനുത്തരം ദൈവത്തിനു മാത്രമേ അറിയൂ. അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ ചേര്‍ന്നില്ലെങ്കിലും അല്‍ഫോന്‍സാമ്മയോടുള്ള എന്റെ സ്‌നേഹത്തിന് ഒരു കുറവുമുണ്ടായിട്ടില്ല അതിനാലാണ് എന്റെ സ്വര്‍ഗീയമദ്ധ്യസ്ഥയായി വി. അല്‍ഫോന്‍സാമ്മയെ തെരഞ്ഞടുത്തത്. ജീവിതത്തിലെ സഹനങ്ങളില്‍ തളരാതെ മുന്നോട്ടുപോകാനും സഹനത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് അവയെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കാനും അല്‍ഫോന്‍സാമ്മ ഇന്നും ഒരു വഴിവിളക്കായി നിലകൊള്ളുന്നു.

അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കാനും സര്‍വശക്തന്റെ തണലില്‍ കഴിയാനുമുള്ള സൗഭാഗ്യമാണ് ഈ സന്യാസ വിളി. സന്യാസദൈവവിളി മനുഷ്യരുടെ തെരഞ്ഞെടുപ്പല്ല. ദൈവത്തിന്റെ ദാനമാണ്. ദൈവം തനിക്ക് ഇഷ്ടമുള്ളവരെ വിളിക്കുന്നു. വിളി കേള്‍ക്കുന്നവര്‍ അതിന് പ്രത്യുത്തരം നല്‍കുന്നു. ലോകം തരുന്ന സ്‌നേഹത്തെക്കാളും സന്തോഷത്തെക്കാളും നൂറുമടങ്ങു ശ്രേഷ്ഠമായ സ്‌നേഹവും സന്തോഷവും സമാധാനവുമാണ് ഈ ജീവിതത്തില്‍ അനുഭവിക്കാനാകുന്നത്. അത് യേശുവു മായുള്ള ആഴമായ സഖിത്വബന്ധത്തില്‍ നിന്നുണ്ടാകുന്നതാണ്. പരിശുദ്ധാത്മാവിലുള്ള ആനന്ദമാണത്.

അതില്ലാതാക്കാന്‍ ഈ ലോകത്തിലെ ഒരു വ്യക്തിക്കോ ശക്തിക്കോ ആവില്ല. ലോകം സമര്‍പ്പിതരെ നോക്കി പരിഹസിക്കുമ്പോഴും വിമര്‍ശനശരങ്ങളുതിര്‍ക്കുമ്പോഴും ഞാന്‍ ഈ ജീവിതത്തെ സ്‌നേഹിക്കുന്നു. എത്ര പ്രതിസന്ധികള്‍ക്കിടയിലും ഈ ജീവിതത്തെ ചേര്‍ത്തുപിടിച്ചു മുന്നേറുവാന്‍വലിയ ചങ്കൂറ്റമൊന്നും വേണമെന്നില്ല വിശുദ്ധ അല്‍ഫോന്‍സായെപ്പോലെ ദൈവസ്‌നേഹമാകുന്ന അഗ്‌നി ഹൃദയത്തില്‍ എന്നും കത്തിജ്വലിപ്പിച്ചാല്‍ മതി.

സി. സൗമ്യ കവിയില്‍ എസ്.ഡി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.