അന്തരിച്ച ഷില്ലോങ് ആർച്ചുബിഷപ്പിന്റെ മൃതസംസ്കാരം 23 ന്      

അമേരിക്കയിൽ വാഹനാപകടത്തിൽ അന്തരിച്ച ഷില്ലോങ് ആർച്ചുബിഷപ് ഡൊമിനിക് ജാലയുടെ മൃതസംസ്‌കാരം ഒക്ടോബർ 23 ബുധനാഴ്ച് ഷില്ലോങ്ങിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ദിവ്യബലിക്ക് ശേഷമാണ് പരിശുദ്ധ കന്യാമാതാവിന്റെ കത്തിഡ്രൽ ദേവാലയത്തിൽ വെച്ച് അന്തിമ ശുശ്രുഷകൾ ആരംഭിക്കുന്നത്. അന്തിമകർമ്മങ്ങൾക്ക് വിവിധ ബിഷപ്പുമാർ കാർമ്മികത്വം വഹിക്കും.

ഒക്ടോബര് പത്തിന് കാലിഫോർണിയയിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന മലയാളി വൈദികൻ മൂവാറ്റുപുഴ രണ്ടാർ ഇടവകാംഗം ഫാദർ മാത്യു വെള്ളാങ്കലും മരണമടഞ്ഞിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഒക്ടോബര് 20 ന് മൃതദേഹം ഇന്ത്യയിൽ എത്തിക്കും.

സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസ്, ബർണിഹത്ത് ഇടവക, നൊങ് പൊഹ, ഉംസണിങ്, മൗലായി എന്നീ ഇടവകകളിലും അദ്ദേഹത്തിൻ്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒക്ടോബര് 20 മുതൽ  കത്തിഡ്രൽ ദേവാലയത്തിൽ അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം ഒരുക്കും. സലേഷ്യൻ കോൺഗ്രിഗേഷനിൽ അംഗമായിരുന്ന അദ്ദേഹം 41 വർഷം വൈദികനായും 19 വർഷം ബിഷപ്പായും സേവനം അനുഷ്ഠിച്ചിരുന്നു. ഭാരതത്തിലെ ലത്തീൻ മെത്രാൻ സമിതിയംഗം, സിസിബിഐ യുടെ ലിറ്റർജി കമ്മീഷൻ ചെയർമാൻ, ഇംഗ്ലീഷ് ലിറ്റർജി അന്താരാഷ്ട്ര കമ്മീഷൻ   അംഗം എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.