തിരുസഭയിലെ പുതിയ ഏഴു വിശുദ്ധ പുഷ്പങ്ങൾ

ജെയ്സൺ കുന്നേൽ

ഭൂമിയിൽ സ്വർഗ്ഗം പണിത ഏഴു പേർ കൂടി അൾത്താരയുടെ വണക്കത്തിനു യോഗ്യരായിരിക്കുന്നു. ഫ്രാൻസിസ് പാപ്പ ഏഴു പേരെ ഒക്ടോബർ പതിനാലാം തീയതി വിശുദ്ധരായി പ്രഖ്യാപിച്ചു. ഒരു മാർപാപ്പയും ഒരു മെത്രാനും ഒരു അൽമായ സഹോദരനും സന്യാസസഭാ സ്ഥാപകരായ രണ്ടു വനിതകളും രണ്ടു  വൈദികരും പുതിയ വിശുദ്ധരുടെ നിരയിൽ ഉൾപ്പെടുന്നു.

പോൾ ആറാമൻ പാപ്പ

1968ൽ പ്രസദ്ധീകരിച്ച ഹ്യൂമനേ വീത്തേ അഥവാ മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനം വഴി മനുഷ്യജീവനു മാറി വരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ നേരിടേണ്ട വെല്ലുവിളികളെപ്പറ്റി പ്രവചിച്ച വ്യക്തിയാണ് പോൾ ആറാമൻ പാപ്പ. 1920 മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി വൈദീകനായി അഭിഷിക്തനായ അദ്ദേഹത്തെ 1954ൽ പന്ത്രണ്ടാം പീയൂസ് പാപ്പ  മിലാൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു. 1958ൽ ജോൺ ഇരുപത്തി മൂന്നാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി.

1963 ജൂൺ 21 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോൾ ആറാമൻ 1978 വരെ ആ ചുമതല വഹിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാന ഘട്ടത്തിൽ സഭയെ നയിച്ചതും ബിഷപ് സിനഡു സ്ഥാപിക്കുകയും ചെയ്തതു പോൾ ആറാമൻ പാപ്പയുടെ ഭരണ നേട്ടമാണ്.

മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനത്തിൽ കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങളുടെ സമൂഹത്തിൽ വരുത്ത സ്വാധീനത്തെക്കുറിച്ചു പാപ്പ അന്നേ പ്രവചിച്ചിരുന്നു. Evangelii Nuntiandi (One Proclaiming the Gospel) എന്ന അപ്പസ്തോലിക പ്രബോധനം  സുവിശേഷവത്കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഫ്രാൻസീസ് പാപ്പയുടെ അഭിപ്രായത്തിൽ “ഇന്നത്തെ കാലഘട്ടത്തിനു വേണ്ടി എഴുതപ്പെട്ട ഏറ്റവും വലിയ അജപാലന പ്രബോധനമാണത്.”

വിമാനത്തിൽ യാത്ര ചെയ്ത ആദ്യ മാർപാപ്പ പോൾ ആറാമനാണ്. അമേരിക്കയും ഇന്ത്യയും സന്ദർശിച്ച ആദ്യ മാർപാപ്പയും പോൾ ആറാമൻ തന്നെ. 2014 ഒക്ടോബർ 19 നു പോൾ ആറാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ന്യുൺസ്സിയോ സുൾപ്രിസിയോ

യുവജനങ്ങളുടെ സിനഡു നടക്കുന്ന ഒക്ടോബർ മാസം തന്നെയാണ് ന്യുൺസ്സിയോ സുൾപ്രിസിയോയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഏറ്റവും ഉത്തമമായ സമയം.

പത്തൊൻപതാം വയസ്സിൽ മരണമടഞ്ഞെങ്കിലും സഹനങ്ങളിലും അടിപതറാത്ത ദൈവ വിശ്വാസത്തിന്റെ പ്രതീകമായിരുന്നു ന്യൂൺസ്സിയോ. അവൻ കുട്ടിയായിരിക്കുമ്പോഴെ അവന്റെ മാതാപിതാക്കൾ മരിച്ചിരുന്നു. പിന്നിടു അവനെ നോക്കിയിരുന്ന ബന്ധു ന്യൂൺസ്സിയോയെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ന്യൂൺസ്സിയോയുടെ ഒരു കാലിൽ ഒരു വലിയ വിഷവ്രണം ഉണ്ടായെങ്കിലും ആ സഹനങ്ങളിലെല്ലാം അവൻ യേശുവിൽ ശക്തി കണ്ടെത്തി. നേപ്പിൾസിലെ ആശുപത്രിയിൽ ആയിരുന്ന സമയങ്ങളിൽ അവൻ മറ്റു രോഗികളെയും പരിചരിച്ചിരുന്നു. പിന്നിടു ബോൺ ക്യാൻസർ ബാധിച്ചാണ് ന്യൂൺസിയോ മരണത്തിനു കീഴടങ്ങിയത്.

1963ൽ പോൾ ആറാമൻ പാപ്പ ന്യൂൺസ്സിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖാപിച്ചു. തദവസരത്തിൽ പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “യുവജനങ്ങൾക്കു അവർ ചിന്തിക്കുന്നതിനെക്കാൾ പ്രധാനപ്പെട്ടതും അർത്ഥവത്തായതുമായ ദൗത്യമുണ്ടെന്നു ഈ യുവാവിന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു. ന്യൂൺസ്സിയോയുടെ ജീവിതം നമ്മോടു പറയുന്നു യുവജന കാലഘട്ടം സ്വതന്ത്രമായ അഭിനിവേശത്തിന്റെയും, അനിവാര്യമായ പതിത്തിന്റെയും, കീഴടക്കാനാവാത്ത  പ്രതിസന്ധികളുടെയും മാന്യമായ ദോഷ ചിന്തയുടെയും ഉപദ്രവകാരിയായ സ്വാർത്ഥതയുടെയും കാലഘട്ടമായി കണകാക്കരുത്. അതിനപ്പുറം യുവത്വം ഒരു അതുല്യമായ ഒരു അവസരമാണ് അതൊരു കൃപയാണ്, നിഷ്കളങ്കരായിരിക്കുക, പരിശുദ്ധരായിരിക്കുക, സന്തോഷവാന്മാരായിരിക്കുക ശക്തരായിരിക്കുക, ജീവിതത്തിനോടു പൂർണ്ണമായ അഭിനിവേശം ഉള്ളവരായിരിക്കുക ഇതൊരു അനുഗ്രഹമാണ്.”

മരിയ കാതറിൻ  കാസ്പർ

മരിയ കാതറിൻ കാസ്പർ ഒരു ജർമ്മൻ സന്യാസ ഭവനത്തിൽ ഒരു എളിയ ജീവിതം നയിച്ച ഒരു സന്യാസിനിയാണ്. ആരോഗ്യ പ്രശ്നങ്ങളാൽ കുട്ടിക്കാലത്തു ഭൂരിഭാഗവും വിട്ടിൽ തന്നെയായിരുന്നു. കുട്ടിയായിരിക്കുമ്പോൾ കാതറിൻ കൂട്ടുകാർക്കൊപ്പം അടുത്തുള്ള മരിയൻ കപ്പേളയിൽ പ്രാർത്ഥിക്കാൻ പോകുമായിരുന്നു, ഇതവളെ ചെറുപ്രായത്തിൽത്തന്നെ സന്യാസ ജീവിതത്തിലേക്കാർഷിച്ചു.

ഇരുപത്തിയൊന്നാം വയസ്സിൽ പിതാവു മരിച്ചപ്പോൾ കാതറിനും അമ്മയും മറ്റൊരു കുടുംബത്തിനൊപ്പം താമസിക്കാൻ തുടങ്ങി, ഈ സമയത്തു ഉപജീവനത്തിനായി അവൾ വയലിൽ വേലക്കു പോയിരുന്നു.

ചെറുപ്രായത്തിൽ തന്നെ ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു കാതറിൻ. അവളുടെ മാതൃക മറ്റുള്ളവർക്കു പ്രചോദനമായി. പിന്നീട്  പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കാൻ കാതറിനും മറ്റു നാലു സ്ത്രിക്കും ചേർന്നു The Poor Handmaids of Jesus Christ എന്ന സന്യാസ സമൂഹത്തിനു രൂപം നൽകി. വലിയ മരിയ ഭക്തയായിരുന്ന കാതറിൻ അവളുടെ പേരു മരിയ കാതറിൻ എന്നാക്കി. ഈ സന്യാസ സമൂഹം ഇന്ത്യയിലും ബ്രസിലിലും അമേരിക്കയിലും ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ എളിയ ശുശ്രൂഷ ചെയ്യുന്നു. 1978 ഏപ്രിൽ 16 നു കാതറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

ഓസ്കാർ റോമേരോ

1980 മാർച്ചുമാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു ഓസ്കാർ റോമേ രോ

ഒരു വലിയ കുടുംബത്തിൽ ജനിച്ചു വളർന്ന ഓസ്കാറിന്റെ ജീവിത ശൈലിയും ലളിതമായിരുന്നു. വൈദ്യുതി ഇല്ലാത്ത കുട്ടിക്കാലം. ഓസ്കാറും സഹോദരങ്ങളും നിലത്താണു കിടന്നുറങ്ങിയിരുന്നത്.

പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയി പിന്നിടു കുടുംബത്തിന്റെ ഉപജിവനത്തിനായി ജോലി ചെയ്യാൻ ആരംഭിച്ചു. ദൈവവിളി തിരിച്ചറിഞ്ഞ ഓസ്കാർ പതിനാലാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ 1942 ൽ വൈദീകനായി അഭിഷിക്തനായി.

വലിയ ഒരു വാഗ്മി എന്ന നിലയിൽ പേരെടുത്ത ഓസ്കാറച്ചന്റെ ശബ്ദം എന്നും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു.

1970 ൽ സാൻ സാൽവദോർ രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഓസ്കാറച്ചൻ നാലു വർഷങ്ങൾക്കു ശേഷം സാൻറിയാഗോ ദേ മരിയ എന്ന രൂപതയുടെ മെത്രാനും പിന്നിട് 1977 ൽ സാൻ സാൽവദോർ അതിരൂപതയുടെ അതിരൂപതാധ്യക്ഷനുമായി നിയമിതനായി. എൽ സാൽവദോറിൽ രാഷ്ടിയ അരക്ഷിതാവസ്ഥയും അക്രമണവും കൊടികുത്തി വാണ സമയത്തു ഓസ്കാർ മെത്രാൻ പാവങ്ങളുടെ പടത്തലവനായി. സൈനിക അടിച്ചമർത്തലിനും മനുഷ്യവകാശ ധ്വംസനത്തിനുമെതിരെ അദ്ദേഹം അൾത്താരയിലും തെരുവോരങ്ങളിലും ശബ്ദമുയർത്തി അതു ഓസ്കാർ മെത്രാനു ധാരാളം ശത്രുക്കളെ സമ്മാനിച്ചു. ക്യാൻസർ രോഗികളുടെ ആശുപത്രിയിൽ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റു മരിച്ചു. 2015 മെയ് മാസം 23 നു ആർച്ചുബിഷപ് ഓസ്കാർ റോമാരെയേ  ഫ്രാൻസിസ് പാപ്പ  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫ്രാൻചെസ്കോ സ്പിനെല്ലി

ഫ്രാൻചെസ്കോ അച്ചൻ പുരോഹിതനായി അഭിഷിക്തനായ വർഷം 1875 ൽ ഒരു ദിവസം റോമിലെ സാന്താ മരിയ മജ്ജോറ ബസിലിക്കാ സന്ദർശിക്കാൻ ഇടയായി. പുൽക്കൂടിനു മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ഒരു പറ്റം യുവതികൾ വിശുദ്ധ കുർബാനയിലെ യേശുവിനെ ആരാധിക്കുന്ന ഒരു ദർശനം അദ്ദേഹത്തിനുണ്ടായി. ശക്തമായ ഈ പ്രചോദനമാണ് വിശുദ്ധ കുർബാനയുടെ ആരാധനയുടെ സഹോദരിമാർ Sister Adorers of the Blessed Sacrament എന്ന സന്യാസ സമൂഹം സ്ഥാപിക്കാനുള്ള കാരണം.

ഇറ്റലിയിലെ മിലാനിൽ  ജനിച്ച ഫ്രാൻചെസ്കോയ്ക്കു ചെറുപ്പം മുതൽ വിശുദ്ധ കുർബാനയോടു ആഴമേറിയ ഭക്തി ഉണ്ടായിരുന്നു. ഫ്രാൻചെസ്കോയ്ക്കു പതിനാലാം വയസ്സിൽ ഒരു അപകടത്തെ തുടർന്നു നട്ടെല്ലിനു ഗുരുതരമായ പരിക്കു സംഭവിച്ചു എന്നു ദൈവാലയത്തിൽ മാതാവിന്റെ തിരു സ്വരുപത്തിനു മുമ്പിൽ പ്രാർത്ഥിച്ചപ്പോൾ അത്ഭുത സൗഖ്യം ലഭിച്ചു എന്നു ഫ്രാൻചെസ്കോ അച്ചന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ദിവ്യകാരുണ്യത്തോടുള്ള സ്നേഹം പാവപ്പെട്ടവരെയും ദരിദ്രരെയും സ്നേഹിക്കാനും അവർക്കു വേണ്ടി ശുശ്രൂഷ ചെയ്യുവാനും ആ പുണ്യാത്മാവിനു പ്രചോദനമായി. 1992 ൽ ഫ്രാൻചെസ്കോ അച്ചൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ടു.

വിൻസെൻസോ റോമാനോ

ഇറ്റലിയിലെ മൗണ്ട് വേസുവിസ് അഗ്നിപർവ്വതത്തിന്റെ ദുരിതം അനുഭവിച്ച റ്റോറേ ദെൽ ഗ്രേകോ എന്ന നഗരത്തിലാണ് വിൻസെൻസോ റോമാനോ അച്ചൻ തന്റെ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചിചിരുന്നത്രുന്നത്. അഗ്നി പർവ്വത സ്ഫോടനത്തെ തുടർന്നു തകർന്നടിഞ്ഞ സാന്താ ക്രോച്ചേ എന്ന ഇടവക പള്ളി അച്ചൻ തന്നെയാണു പുനർനിർമ്മിമിച്ചത്.

1751 ൽ ജനിച്ച വിൻസെൻസോ പഠിച്ചതു നേപ്പിൾസിലാണ്. അവിടെ വച്ചു വി. അൽഫോൻസ് ലിഗോരിയുടെ രചനകൾ  അടുത്തറിഞ്ഞ വിൻസെൻസോ പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി തിരിച്ചറിഞ്ഞു. 1775 ൽ ഇരുപത്തി നാലാം വയസ്സിൽ വിൻസെൻസോ വൈദീകനായി അഭിഷിക്തനായി.

ഇടവകക്കാരുടെ ആത്മീയ ശുശ്രൂഷ  മാത്രമായിരുന്നില്ല അച്ചന്റെ ശ്രദ്ധ, പാവപ്പെട്ടവരെയും അനാഥരെയും തേടി തെരുവിലേക്കും അദ്ദേഹം ഇറങ്ങി. അവർക്കു വേണ്ടി ഭിക്ഷ യാചിക്കാൻ വിൻസെൻസോ അച്ചൻ മടിച്ചിരുന്നില്ല. വൈദീക പരിശീലനത്തിനായി നല്ല വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. 1963ൽ വിൻസെൻസോ അച്ചനെ വാഴ്ത്തപ്പെട്ടവനായി സഭ പ്രഖ്യാപിച്ചു.

നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ

ആദ്യകുർബാന സ്വീകരണ ദിവസം തന്നെ സന്യാസിനി ആകാനുള്ള വിളി നസ്രാരിയ തിരിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വസത്തോടു നിസങ്കത പുലർത്തിയിരുന്ന അവളുടെ കുടുംബം അവളെ എപ്പോഴും നിരുത്സാഹപ്പെടുത്തുമായിരുന്നു. വിശുദ്ധ കുർബാനയിലും ഭക്താഭ്യാസങ്ങളിലും പങ്കെടുക്കാൻ തുടങ്ങിയതോടെ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ  നസ്രാരിയ ചേർന്നു.

സ്പെയിനിൽ ജനിച്ചു വളർന്ന അവളുടെ കുടുബം മെക്സിക്കോയിലേക്കു മാറി. അവിടെ അവൾ Little Sisters of the Abandoned Elderly എന്ന സന്യാസ സഭയിലെ സഹോദരിമാരെ പരിചയപ്പെട്ടു. പിന്നിടു ആ സഭയിൽ ചേർന്ന നസ്രാരിയ 1915ൽ നിത്യവ്രതവാഗ്ദാനം നടത്തി ബോളീവിയയിൽ ശുശ്രൂഷക്കായി അയക്കപ്പെട്ടു. ഈ  സഭയിൽ പാചകക്കാരി, നേഴ്സ്, വിടു കാവൽക്കാരി എന്നീ നിലയിൽ ജോലി നോക്കി അവൾ. സുവിശേഷത്തെ പ്രതിയുള്ള തീഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാൻ അവളെ പ്രേരിപ്പിച്ചു. 1925 നസ്രാരിയായും ആറു സഹോദരിമാരും ചേർന്ന്  The Pontifical Crusade എന്ന സഭ സ്ഥാപിച്ചു. പിന്നിടു ഈ സഭയുടെ നാമം Congregation of the Missionary Crusaders of the Church എന്നാക്കി. മതപരമായ വിദ്യാഭ്യാസം കൂട്ടികൾക്കും മുതിർന്നവർക്കും നൽകുന്നതിൽ ഈ സന്യാസ സമൂഹം നിരന്തരം ശ്രദ്ധിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ലാറ്റിൻ അമേരിക്ക മുഴുവനും യുറോപ്പിന്റെ ഫല ഭാഗങ്ങളിലും ഈ സന്യാസ സമൂഹം സാന്നിധ്യം അറിയിച്ചു. നസ്രാരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ടതു 1992 സെപ്റ്റംബർ 27 നാണ്.

ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.