പള്ളിക്കൂദാശക്കാലത്തിന്റെ ആത്മീയത

മിശിഹാ തന്റെ മണവാട്ടിയായ സഭയെ പരമപിതാവിന് സമര്‍പ്പിക്കുന്ന മഹത്വപൂര്‍ണ്ണമായ ദിനങ്ങള്‍ മുന്‍കൂട്ടി ധ്യാനിക്കുകയും അനുഭവിക്കുകയുമാണ്, പള്ളിക്കൂദാശാ കാലഘട്ടത്തില്‍. ദൈവം രൂപം കൊടുത്ത രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ അവിടുന്ന് സകലത്തിന്റേയും നാഥനായി വാഴും; സഭ മഹത്വത്തിലേക്ക് പ്രവേശിക്കും. ഈ ഭൂമിയിലുള്ള സഭ ദൈവത്തെ മഹത്വപ്പെടുത്തുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയസഭയുടെ മുന്നാസ്വാദനമാണ്. ഭൗമികമെങ്കിലും സ്വര്‍ഗ്ഗീയദാനങ്ങളാല്‍ പരിപുഷ്ടമാണ് സഭ. മണവാട്ടിയായ സഭയും വരനായ ഈശോമിശിഹായും ഈ കാലഘട്ടത്തിലെ ധ്യാനവിഷയങ്ങളാണ്. പൗരസ്ത്യ സുറിയാനി ആരാധനക്രമപാരമ്പര്യമുള്ള സീറോ മലബാര്‍ സഭയ്ക്ക് ഇത് ആരാധനാവത്സരത്തിന്റെ പരിസമാപ്തിയാണ്.

തിരുസ്സഭയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയം. ഈശോ ദൈവപുത്രനാകുന്നു എന്ന വിശ്വാസമാകുന്ന പാറമേല്‍ (മത്താ 16: 13-9) സ്നേഹത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള (1 കൊറി 12: 28-13 : 19) ഒരു ആരാധനാ സമൂഹമാണ് സഭ (ഏശ 6: 1-13). ഇത് ദൈവത്തിന്റെ സമാഗമകൂടാരമാണ്. ഈ കൂടാരത്തില്‍ കര്‍ത്താവിന്റെ നിരന്തര സാന്നിദ്ധ്യമുണ്ട്. (പുറ 26: 17-36). അതുകൊണ്ടുതന്നെ സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടിചൂടി നില്‍ക്കുന്ന ഒരു രഹസ്യമായി നാം സഭയെ കാണുന്നു.

പിതാവിന്റെ സ്നേഹവും പുത്രന്റെ കൃപയും പരിശുദ്ധാത്മ സഹവാസവും സഭയില്‍ നിരന്തരം ഉണ്ട്. ഇതു മനുഷ്യര്‍ക്ക് സാന്ത്വനമരുളുന്നു. പഴയനിയമത്തില്‍ യെഹോവായ്‍ക്ക് വാസസ്ഥലമെന്നോണം മോശ നിര്‍മ്മിച്ച കൂടാരത്തിന്റെ സ്ഥാനത്തുള്ള പുതിയനിയമ കൂടാരമാണ് സഭ. പത്രോസാകുന്ന പാറമേലും പത്രോസിന്റെ വിശ്വാസമാകുന്ന പാറമേലും പണിതതാണിത്.

സഭ പുതിയ പറുദീസയാണ്. ഈ പുതിയ പറുദീസയുടെ സ്ഥാപകന്‍ ഈശോയാണ്. കര്‍ത്താവ് രക്തം കൊടുത്ത് രക്ഷിച്ചവരുടെ സമൂഹമാണ് സഭ. സഭയില്‍ നിത്യജീവന്റെ രഹസ്യങ്ങളായ ബലിപീഠമുണ്ട്, വി. കുര്‍ബ്ബാനയുണ്ട്, കൂദാശകളുണ്ട്, കൂദാശകളുടെ പരികര്‍മ്മത്തിനായി വൈദികരുമുണ്ട്. സഭയുടെ മക്കള്‍ സഭയാകുന്ന സൗധത്തെ നിരന്തരം പണിതുയര്‍ത്തുന്നവരാണ്. ദിവ്യകാരുണ്യത്താല്‍ ജീവന്‍ നിലനിര്‍ത്തുന്നവരാണ് സഭാമക്കള്‍. അവര്‍ തീര്‍ത്ഥാടനം ചെയ്യുന്ന ഒരു സമൂഹമാണ്. ഈ ലോകത്തിലായിരിക്കുന്ന സഭ നിരന്തരം നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. ശിഥിലീകരണ ശക്തികള്‍ സഭയെ തകര്‍ക്കാന്‍ പരിശ്രമിക്കും. തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള നിരന്തര പോരാട്ടമാണ് സഭയുടെ നവീകരണം. പരിശുദ്ധാത്മാവാണ് സഭയെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നത്.

റവ. ഫാ. കുര്യാക്കോസ് മൂഞ്ഞേലി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.