ഉത്ഥിതനെ തേടി: മാനസാന്തരം – 41

മുന്നറിയിപ്പുകളെ അവഗണിക്കുന്നവർക്ക് മാനസാന്തരം എന്നും അന്യമായിരിക്കും. ഒരുതരത്തിൽ പറഞ്ഞാൽ മാനസാന്തരം ഒരു തിരിച്ചറിവാണ്. നടക്കുന്ന വഴികൾ അല്ല നടക്കേണ്ട വഴികൾ എന്ന തിരിച്ചറിവ്. ആ തിരിച്ചറിവ് ലഭിക്കണമെങ്കിൽ നടക്കുന്ന വഴികളിലെ അതായത് ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിലെ പോരായ്മകൾ കണ്ടുപിടിക്കണം. അവയെ തിരുത്താൻ തയ്യാറായാൽ നടക്കേണ്ട വഴി, ആയിരിക്കേണ്ട അവസ്ഥ ഏതാണെന്നു മനസ്സിലാക്കാൻ കഴിയും.

വഴിയും സത്യവും ജീവനും ആയവനെ അനുഗമിക്കുക. മാനസാന്തരപ്പെട്ടാൽ മാത്രം പോര. അതിനു യോജിച്ച ജീവിതശൈലി രൂപപ്പെടുത്തിയെടുക്കണം. ലോകത്തിന്റെ പ്രകാശമായ തമ്പുരാനിൽ ശരണപ്പെട്ടുകൊണ്ട് നന്മയിൽ ജീവിക്കാം. വൃക്ഷങ്ങളുടെ വേരിനു വയ്ക്കപ്പെട്ട കോടാലി ജീവിതത്തിൽ തിന്മകളെ വെട്ടിമാറ്റാൻ ഉപയോഗപ്പെടുത്താം.

പ്രാർത്ഥിക്കാം

ഈശോയെ, നീയാകുന്ന വഴിയിലൂടെ നീയാകുന്ന സത്യത്തിൽ വിശ്വസിച്ചു നിത്യജീവൻ സ്വന്തമാക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ സ്വന്തം ജീവിതത്തിൽ പുറപ്പെടുവിക്കുവാൻ, അതുവഴി മറ്റുള്ളവർക്ക് മാതൃകയാകുവാൻ എന്നെ സഹായിക്കണമേ, ആമേൻ.

നിയോഗം

അനുതപിക്കാതെ പാപത്തിൽ തന്നെ തുടരുന്ന കഠിനപാപികൾക്കു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, അനുതപിക്കാതെ പാപത്തിൽ തന്നെ തുടരുന്ന എല്ലാ കഠിന പാപികളുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍ (ലൂക്കാ 3:8).

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു