ഉത്തരീയത്തെ സാത്താന്‍ ഭയപ്പെടുന്നതിനുള്ള കാരണങ്ങള്‍

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട നിരവധി ഭക്താനുഷ്ടാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉത്തരീയം ധരിക്കല്‍. ഈശോയോടും അവിടുത്തെ മാതാവായ പരിശുദ്ധ കന്യകാമറിയത്തോടുമുള്ള അടുപ്പവും ആശ്രയത്വവും വെളിപ്പെടുത്തുന്നതും പ്രഘോഷിക്കുന്നതുമായ ഒരു ഭക്തവസ്തു.

ഉത്തരീയത്തിന്റെ അതുല്യശക്തിയെയും സാത്താനില്‍ നിന്ന് അത് നല്‍കുന്ന സംരക്ഷണത്തെയും കുറിച്ച് സഭയില്‍ അനേകം ആത്മാക്കള്‍ക്ക് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. കൃപയുടെ ആഭരണം എന്ന ബുക്ക്‌ലെറ്റില്‍, ധന്യന്‍ ഫ്രാന്‍സിസ് യെപ്‌സിന്റെ ജീവിതത്തിലെ ഒരനുഭവത്തില്‍ ഉത്തരീയത്തിന്റെ ശക്തിയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

ഒരിക്കല്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്ന് ഉത്തരീയം താഴെ വീണു. അദ്ദേഹം ഉടനടി അതെടുത്ത് ധരിച്ചതും സാത്താന്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചു: ‘അനേകം ആത്മാക്കളെ ഞങ്ങളില്‍ നിന്ന് അകറ്റുന്ന ആ വസ്തു എടുത്തുമാറ്റൂ’ എന്ന്. അതുവഴിയായി സാത്താന്‍ ഭയപ്പെടുന്ന മൂന്ന് കാര്യങ്ങളെ വെളിപ്പെടുത്തപ്പെട്ടു. ഒന്ന് യേശുനാമം, രണ്ട് മരിയനാമം, മൂന്ന് കര്‍മ്മല മാതാവിന്റെ ഉത്തരീയം.

വി. പീറ്റര്‍ ക്ലാവറും ആത്മാക്കളെ നേടുന്നതിനായി ഉത്തരീയശക്തിയെ കൂട്ടുപിടിച്ച വ്യക്തിയാണ്. വിശ്വാസം സ്വീകരിച്ച് എത്തുന്നവരെ മാമ്മോദീസാ മുക്കിയശേഷം ഉത്തരീയം അണിയിച്ചു മാത്രമേ അദ്ദേഹം പറഞ്ഞുവിട്ടിരുന്നുള്ളൂ. പ്രശസ്ത ഭൂതോച്ഛാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തും ഒരിക്കല്‍ സാത്താന്‍ തന്നോട് വെളിപ്പെടുത്തിയ ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ‘താങ്കള്‍ പരിശുദ്ധ മറിയത്തിന്റെ പേര് ഉച്ചരിക്കുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു’ എന്നായിരുന്നു അത്.

ഇതിനെല്ലാം പുറമേ ഉത്തരീയം ധരിക്കുന്ന വ്യക്തിയില്‍ വിശ്വാസത്തിന്റെ ആഴവും വര്‍ദ്ധിക്കും. സ്വര്‍ഗത്തോട് അടുപ്പിക്കുന്നു എന്നത് മാത്രമല്ല, സാത്താനില്‍ നിന്ന് നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നതുകൂടിയാണ് ഉത്തരീയത്തിന്റെ മേന്മയും പ്രത്യേകതയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.