യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 7-ാം ദിവസം – ഉദ്ദേശ ലക്ഷ്യങ്ങള്‍

എഴുതി തയ്യാറാക്കി കൂടെ കൊണ്ടുനടന്ന യാത്രാലക്ഷ്യങ്ങളില്‍ പ്രസക്തമെന്നും ഉപകാരപ്രദമെന്നും തോന്നിയതുമായ ചിലതു മാത്രം താഴെ കുറിക്കുന്നു:

ഉദ്ദേശലക്ഷ്യങ്ങള്‍

1. ഒരിക്കലും മുടങ്ങാതെ, എനിക്കുവേണ്ടി എന്നും കിഴക്കുദിക്കുന്ന സൂര്യനെ കുറേദിവസം മുടങ്ങാതെ അതിരാവിലെ കാണാനും അതിനെ സ്വാഗതം ചെയ്ത് വിടരുന്ന പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനും ഞാന്‍ ആഗ്രഹിച്ചു.

2. തീര്‍ത്ഥാടനപാതയിലെ ഗ്രാമങ്ങളിലുള്ള കൊച്ചുപള്ളികളിലെയും പട്ടണങ്ങളിലെ ബസിലിക്കകളിലെയും പള്ളിമണികള്‍ ദൈവസാന്നിധ്യം അനുസ്മരിപ്പിക്കാന്‍ ദിവസത്തില്‍ പലനേരം മുഴങ്ങുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു.

3. എനിക്കറിയാത്ത ഭാഷകള്‍ കേള്‍ക്കാനും ഭാഷയില്ലാതെ മറ്റുള്ളവരുമായി സല്ലപിക്കാനും ഞാനൊരുങ്ങി.

4. മറ്റ് തീര്‍ത്ഥാടകര്‍ തങ്ങളുടെ ജീവിതഭാരം കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടുപഠിക്കാന്‍ ഞാന്‍ കൊതിച്ചു.

5. തീര്‍ത്ഥാടനപാതയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങളില്‍ നിന്ന് കഥകളും കടങ്കഥകളും കേള്‍ക്കാന്‍ ഞാന്‍ അഭിലഷിച്ചു.

6. മുമ്പേ നടന്ന തീര്‍ത്ഥാടകരുടെ പാദങ്ങളെ പിന്‍ചെന്ന് അവര്‍ നടന്ന മലകളും വനങ്ങളും മുറിച്ചുകടന്ന അരുവികളും അനുധാവനം ചെയ്യാനും അവര്‍ക്കായി പാടിയ കിളികളുടെ സംഗീതത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാനും തീരുമാനിച്ചു.

7. അനേക വിശുദ്ധര്‍ നടന്ന പാവനപാതയിലെ പരിശുദ്ധിയുടെ ഗന്ധം ശ്വസിക്കുവാനും അനേകം പാപികള്‍ നടന്നു പരിഹാരം ചെയ്ത നന്മപ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുവാനും എനിക്ക് സാധിക്കണം.

8. ഞാന്‍ ചുമക്കുന്ന എന്റെ പാപത്തിന്റെ ഭാണ്ഡങ്ങള്‍ തിരിച്ചറിയണമെന്നും തീര്‍ത്ഥാടനാനന്തരം ചിലതൊക്കെ ഇറക്കിവയ്ക്കുന്നതിനുള്ള ശക്തി സംഭരിക്കണമെന്നും ആഗ്രഹിച്ചു.

9. ജീവിതസന്തോഷം അന്വേഷിച്ച് മിഥ്യകളുടെ പിന്നാലെ അലയാതെ ദൈവത്തിലും ദൈവസാന്നിധ്യത്തിലുമായിരിക്കുന്നതിന്റെ ആത്മീയാനന്ദം തിരിച്ചറിയുക.

10. ലോകത്തോട് ഒന്നും സംസാരിക്കാതെ ദൈവത്തോട് മാത്രം സംസാരിക്കുക. പ്രാര്‍ത്ഥന ചൊല്ലി ശ്വസിക്കാനും അങ്ങനെ പ്രാര്‍ത്ഥനയാകാനും പരിശ്രമിക്കുക.

11. ശരീരത്തിലും മനസ്സിലുമുള്ള ദുര്‍മേദസ്സ് ഇല്ലാതാക്കി ആത്മീയവളര്‍ച്ചയ്ക്കുള്ള പുതിയ മേഖലകള്‍ കണ്ടെത്തുക.

12. ആത്മീയജീവിതം അല്‍പംകൂടി ആഴപ്പെടുത്തുന്നതിന് തന്നെത്തന്നെ അല്‍പം അറിയാന്‍ പരിശ്രമിക്കുക. തന്നെ അറിയുന്നതിലൂടെ ദൈവത്തെ കൂടുതല്‍ അറിയുക.

13. വഴിയില്‍ കണ്ടുമുട്ടുന്ന യാത്രികരെ കേള്‍ക്കുക, സഹായിക്കുക, അവരായിരിക്കുന്ന അവസ്ഥയില്‍ അംഗീകരിച്ച് ആദരിക്കുക.

14. ഞാന്‍ തനിയെ നടക്കുമ്പോള്‍ ആരുമറിയാതെ എന്റെ മനസ്സിലേയ്ക്ക് കടന്നുവരുന്നവര്‍ ആരൊക്കെയാണ്? അവരുമായുള്ള എന്റെ ബന്ധം എന്താണ്? എന്തുകൊണ്ടാണ് അവരൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായതെന്ന് ചിന്തിക്കുക.

15. ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്ന എന്റെ ആഗ്രഹത്തിന് സഹായകമായി എന്തെല്ലാം പുതുതായി ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുക.

16. അഹങ്കാരത്തിന്റെ അംശങ്ങളെ ജീവിതത്തില്‍ നിന്നും ഇല്ലാതാക്കി എളിമയോടെ ജീവിക്കാനുള്ള വഴികള്‍ കണ്ടെത്തുക.

17. ദൈവസൃഷ്ടിയെ, പ്രത്യേകിച്ച് പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെയും അടുത്തറിയുവാനും അതായിരിക്കുന്ന അവസ്ഥയില്‍ സ്‌നേഹിച്ച് വളര്‍ത്താനുമുള്ള വഴികള്‍ അന്വേഷിക്കുക.

18. എന്റെ പ്രാര്‍ത്ഥന വഴിയായി അനേകം ജീവിതങ്ങളില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുക. ഞാനറിയാതെ എന്റെ ജീവിതവുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവം ഇടപെടാന്‍ പ്രാര്‍ത്ഥിക്കുക.

19. ശരീരത്തില്‍ വലുതായ വേദനയും സഹനങ്ങളും ഏറ്റുവാങ്ങുക. ആ വേദനകള്‍ കര്‍ത്താവിന്റെ കുരിശോട് ചേര്‍ത്തുവച്ച് സൗഖ്യത്തിന്റെ ആനന്ദം അനുഭവിക്കുക.

20. തീര്‍ത്ഥാടനാനുഭവങ്ങള്‍ മറ്റുള്ളവരുടെ ആത്മീയോന്നതിക്ക് ഉതകുവിധം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. അങ്ങനെയെങ്കില്‍ അതിനായി വഴികള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും തീര്‍ത്ഥയാത്രയില്‍ വിചിന്തനം ചെയ്യുക.

എഴുതാനും വായിക്കാനും സുഖമുള്ള കാര്യങ്ങളാണ് അക്ഷരരൂപത്തില്‍ എന്റെ മനസ്സില്‍ നിന്നും പുറത്തുവന്നത്. പ്രലോഭനപൂരിതമായ സാധാരണ മനുഷ്യജീവിതത്തില്‍ അതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയം തോന്നാം. കാലത്തിനു മാത്രമേ, തീരുമാനങ്ങളില്‍ ഉറച്ചുനിന്ന് ഒരാള്‍ക്ക് വിജയിക്കുവാന്‍ സാധിച്ചോ എന്ന് തെളിയിക്കുവാന്‍ സാധിക്കൂ. എങ്കിലും ഇങ്ങനെ വല്ലപ്പോഴും നടത്തുന്ന ചെറിയ തീര്‍ത്ഥാടനങ്ങള്‍ ജീവിതമാകുന്ന വലിയ തീര്‍ത്ഥാടനത്തിന് ശക്തി പകരുമെന്ന കാര്യത്തില്‍ എനിക്ക് തെല്ലും സംശയമില്ല.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)