യാക്കോബിന്റെ വഴി: തീർത്ഥാടന കുറിപ്പുകൾ 44-ാം ദിവസം – തീര്‍ത്ഥാടനം ഭൂമിയുടെ അതിര്‍ത്തിയില്‍ അവസാനിക്കുന്നു

മദ്ധ്യകാല യുഗത്തിലെ സാന്റിയാഗോ തീര്‍ത്ഥാടനങ്ങളില്‍ മൂന്നിലൊന്നും ഫിനിസ്‌തേര്‍ (Finisterra) എന്ന ചെറുപട്ടണത്തിലാണ് അവസാനിച്ചിരുന്നത്. അന്റ്‌ലാന്റിക് സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശമാണ് ലോകത്തിന്റെ അതിര്‍ത്തി എന്ന് അക്കാലത്ത് ജനങ്ങള്‍ വിശ്വസിച്ചിരുന്നതിനാല്‍ സാന്റിയാഗോ തീര്‍ത്ഥാടനം ലോകത്തിന്റെ അതിര്‍ത്തിയില്‍ വരെ എത്തിയെങ്കിലേ പൂര്‍ണ്ണമാവൂ എന്ന് പല തീര്‍ത്ഥാടകരും കരുതിയിരുന്നു. ഫിനിസ്‌തേര്‍ (finis terrae) എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘ഭൂമിയുടെ അതിര്‍ത്തി’ (End of the Earth) എന്നാണ്. തിരയും, തീരവും, നിത്യവും ആലിംഗനത്തിലായിരിക്കുന്ന ഇവിടെയാണ് ഭൂമി അവസാനിക്കുന്നതും സമുദ്രം ആരംഭിക്കുന്നതും. അതിന്റെ കാണാമറയത്താണ് സൂര്യന്‍ എന്നും അസ്തമിക്കുന്നതും.

കത്തീഡ്രല്‍ ദൈവാലയത്തിലെ പുണ്യകര്‍മ്മങ്ങളെല്ലാം അനുഷ്ഠിച്ചതിനു ശേഷം, രണ്ടാം തീര്‍ത്ഥാടനത്തിന്റെ അന്ത്യത്തില്‍ ലഭിച്ച അധിക ദിവസങ്ങള്‍ ഫിനിസ്‌തേറില്‍ ചിലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ഇറ്റലിക്കാരനായ തീര്‍ത്ഥാടന സുഹൃത്ത് ജാംപൗളോ, ഭാര്യയുടെ പെട്ടെന്നുള്ള മരണം മൂലം തിരികെ പോയപ്പോള്‍ പുതുതായി രണ്ട് സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു. ലിത്വാനിയായില്‍ (Lithuania) നിന്നുള്ള ഡൊമിനിക്കാസും അദ്ദേഹത്തിന്റെ ഭാര്യ കമില്ലയും. ഡൊമി നിക്കാസ് സൈന്യത്തിലെ മേജറും, കമില്ല അവിടെയൊരു യൂണിവേഴ്‌സിറ്റിയിലെ സൈക്യാട്രി പ്രൊഫസറുമാണ്. അവരെ പരിചയപ്പെട്ടത് സൗഹൃദത്തോടൊപ്പം ആ രാജ്യത്തിന്റെ ചില നല്ല സാംസ്‌കാരിക പൈതൃകങ്ങള്‍ പഠിക്കുന്നതിനും എന്നെ സഹായിച്ചു. ഞങ്ങള്‍ മൂന്നുപേരും സാന്റിയാഗോയില്‍ നിന്ന് ബസിലാണ് ഫിനിസേ്തറില്‍ എത്തിയത്. ഏകദേശം 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ സമയമെടുത്തു.

ഞങ്ങള്‍ താമസിച്ചിരുന്ന, സത്രത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള മുനമ്പിലേയ്ക്ക് സമുദ്രതീരത്തു കൂടിയുള്ള നടത്തം ആയാസരഹിതവും, എന്നാല്‍ ആനന്ദപ്രദവുമായിരുന്നു. മലകളാല്‍ ചുറ്റപ്പെട്ട ആ പ്രദേശത്തെ കാഴ്ചകള്‍ വന്യവും നാടകീയവുമായിരുന്നു. കടല്‍ത്തീരത്തോടു ചേര്‍ന്നുനില്‍ക്കുന്ന മലയിടുക്കുകളില്‍ ഇടതൂര്‍ന്നു വളരുന്ന യൂക്കാലിയുടെയും, പൈന്‍മരങ്ങളുടെയും മനംമയക്കുന്ന ഗന്ധം, കടയില്‍ നിന്നും വലിയ വിലകൊടുത്തു വാങ്ങുന്ന സുഗന്ധദ്രവ്യങ്ങളെക്കാള്‍ സൗരഭ്യമുള്ളതായിരുന്നു. കടലില്‍ നിന്നു വന്ന തണുത്ത കാറ്റും, മലയില്‍ നിന്നും വന്ന സുഗന്ധകാറ്റും ആ വഴിയില്‍ നിന്നു കിന്നാരം പറഞ്ഞ് പിരിഞ്ഞു പോകു ന്നതിന്റെ നേര്‍ത്ത സ്വരം ഞങ്ങളുടെ കാതുകളിലുമെത്തി.

സാന്റിയാഗോയിലെ പോലെ തന്നെ ഇവിടെയും തീര്‍ത്ഥാടകര്‍ അനുഷ്ഠിച്ചിരുന്ന ഒരുപാട് കര്‍മ്മങ്ങളുണ്ടായിരുന്നു. ഫിനിസ്റ്റേര്‍ കടല്‍ത്തീരത്തുള്ള പാറക്കൂട്ടങ്ങളില്‍ തീ കൂട്ടി തീര്‍ത്ഥാടനത്തിനുപയോഗിച്ച മുഷിഞ്ഞ വസ്ത്രങ്ങള്‍ കത്തിച്ചുകളയുന്ന പാരമ്പര്യം ഈ അടുത്തകാലം വരെയും നിലനിന്നിരുന്നു. പ്രപഞ്ചത്തിലെ മൂലപദാര്‍ത്ഥങ്ങളായ ഭൂമിയും, ജലവും, വായുവും, അഗ്നിയും (ഇന്ത്യന്‍ ചിന്തയനുസരിച്ച് ആകാശവും) ഇവിടെ ഒന്നിക്കുന്നു. തീര്‍ത്ഥാടനത്തിന്റെ അവസാനം തീര്‍ത്ഥാടകന്‍ തന്നിലുള്ള തിന്മയുടെ വാസനകളെല്ലാം കത്തിച്ചുകളഞ്ഞ് അഗ്നിയാല്‍ ശുദ്ധീകരിക്കപ്പെട്ട് തിരികെപ്പോകുന്നതിന്റെ അടയാളമായിട്ടാണ് ഈ ആചാരം അനുഷ്ഠിച്ചിരുന്നത്.

ഈ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്ന് പലരും, അവിടെ സ്ഥാപിച്ചിരിക്കുന്ന വലിയ തൂണുകളില്‍ തങ്ങളുടെ വസ്ത്രങ്ങളും, ഷൂസുമൊക്കെ വച്ചിട്ട് പോകാറുണ്ട്. ഏതോ മലയടിവാരത്തില്‍ നിന്നുമെടുത്ത് പോക്കറ്റിലിട്ട, കളയാന്‍ മറന്നുപോയ ചെറിയ പാറക്കഷണം ഒരു നേര്‍ച്ചയായി അവിടെയുണ്ടായിരുന്ന കുരിശിന്‍ ചുവട്ടില്‍ ഞാന്‍ നിക്ഷേപിച്ചു. അതുവരെ കൊണ്ടുനടന്ന ദുഃഖങ്ങളും വേദനകളുമൊക്കെ അതോടൊപ്പം പോകട്ടെയെന്ന് ഞാനും പ്രാര്‍ത്ഥിച്ചു.

തീര്‍ത്ഥാടന യാത്രയുടെ ആരംഭത്തില്‍ പറഞ്ഞ ‘വഴി’ (The Way) എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ മാര്‍ട്ടിന്‍ ഷീന്‍, തന്റെ മകന്റെ ചിതാഭസ്മം ഇവിടെ കൊണ്ടുവന്നാണ് കടലില്‍ ഒഴുക്കി പ്രാര്‍ത്ഥിച്ചു മടങ്ങിയത്. ഇങ്ങനെ ചെയ്യുന്ന മറ്റനേകം തീര്‍ത്ഥാടകരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. എന്റെ പാപങ്ങളും, ദുഷ്തഴക്കങ്ങളും കത്തിച്ച് കടലില്‍ ഉപേക്ഷിച്ച് ശുദ്ധീകരിക്കപ്പെട്ടവനായി മടങ്ങിപ്പോകാന്‍ ഞാനും ആഗ്രഹിച്ചു. തിരമാലകളൊന്നുമില്ലാതെ ശാന്തമായി ഉറങ്ങുന്ന ആ കടല്‍ത്തീരത്തെ പാറക്കല്ലില്‍ കയറി അനന്തതയില്‍ കണ്ണുംനട്ട് ഞാനവിടെ കുറേനേരം വെറുതെയിരുന്നു.

അസ്തമയസൂര്യന്‍ സമുദ്രനിരപ്പില്‍ മനോഹരചിത്രങ്ങള്‍ വരയ്ക്കുന്ന തിരക്കിലായിരുന്നു. ചിത്രകലയുടെ ദേവതയായ അഥീന (Athena), ആകാശം തന്റെ ക്യാന്‍വാസാക്കി മാറ്റി മനുഷ്യര്‍ക്കുവേണ്ടി സ്വര്‍ഗ്ഗത്തിലെ ദൃശ്യങ്ങള്‍ വരയ്ക്കുന്നു. ആ ദേവതയോട് മത്സരിക്കാനെന്നവണ്ണം പാറക്കൂട്ടത്തിലെ ചെടികള്‍ക്കിടയില്‍ ചാടിക്കളിക്കുന്ന ചിലന്തിയും ചെറിയ വലകള്‍ കെട്ടി ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും…)