യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ നാലാം ദിവസം – വീണ്ടും പഴയ പ്രതാപത്തിലേയ്ക്ക്

ഈ അടുത്തകാലത്ത് സാന്റിയാഗോ തീര്‍ത്ഥാടനം പഴയ പ്രതാപത്തലേയ്ക്കുയരുന്നതിന് ധാരാളം കാരണങ്ങളുണ്ട്. 1980-കളില്‍ സ്‌പെയിനിലെ ചില വൈദികര്‍ തങ്ങളുടെ ഇടവകകളില്‍ നിന്നും സാന്റിയാഗോയിലേയ്ക്ക് പദയാത്രകളാരംഭിച്ചു. 1987-ല്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഫ്രാന്‍സില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടനപാത യൂറോപ്പിലെ ആദ്യത്തെ സാംസ്‌കാരിക പാതയായി പ്രഖ്യാപിച്ചു. യുനെസ് കോ (UNESCO) അതിന് ലോകപൈതൃക പദവി നല്‍കുകയും ചെയ്തു. പ്രശസ്തരായ പല എഴുത്തുകാരും തങ്ങളുടെ തീര്‍ത്ഥാടന അനുഭവങ്ങള്‍ കോര്‍ത്തിണക്കി സാഹിത്യകൃതികള്‍ രചിച്ചു.

ഈ ശ്രേണിയിലെ ഏറ്റവും പ്രശസ്തമായ കൃതിയാണ് ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോയു ടെ ‘തീര്‍ത്ഥാടനം’ (Pilgrimage). 1987-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ആത്മകഥാരൂപേണ എഴുതിയിരിക്കുന്നതാണ്. തീര്‍ത്ഥാടനം മൂലം ശാരീരകവും ആത്മീയവുമായി തന്നിലുണ്ടായ മാറ്റങ്ങളെ വൈകാരികതയോടെ അവതരിപ്പിച്ചിരിക്കുന്ന ഒരു കൃതിയാണിത്.

2010-ല്‍ അമേരിക്കന്‍ ചലച്ചിത്ര താരം മാര്‍ട്ടിന്‍ ഷീന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ‘വഴി’ (The Way) എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ എമിലിയോ എസ് തേവസ് എഴുതി സംവിധാനം ചെയ്തു നിര്‍മ്മിച്ച ഈ സിനിമ വലിയ വിജയമായിരുന്നു. സാന്റിയാഗോ തീര്‍ത്ഥാടനത്തിനായി വീട്ടില്‍നിന്നും ഇറങ്ങിത്തിരിച്ച മകന്‍ ഡാനിയേല്‍ (എമിലിയോ) യാത്രയുടെ ആരംഭത്തില്‍ പിരനീസ് മലനിരകളില്‍ പ്രകൃതിക്ഷോഭത്തിലകപ്പെട്ട് അകാലചരമം പ്രാപിക്കുന്നു. നേത്രരോഗ വിദഗ്ദനായ ഡോ. തോമസ് ആവ്‌റി (മാര്‍ട്ടിന്‍ ഷീന്‍) മകന്റെ മൃതശരീരം വീണ്ടെടുക്കുന്നതിനായി എത്തുന്നു. എന്നാല്‍, മകനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനായി ഡാനിയേലിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന യാത്ര ഡോ. തോമസ് ആവ്‌റി തുടരുന്നു. മകന്റെ ഭൗതികശരീരം ദഹിപ്പിച്ച ചിതാഭസ്മവുമായി വികാരവായപ്പോടു കൂടി ഒരു പിതാവ് നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ ഇതിവൃത്തം. മകന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിമോചിതനായി ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കുപറ്റാനുള്ള അഭിനിവേശത്തോടൊയാണ് ഡോ. തോമസ് തന്റെ തീര്‍ത്ഥാടനം അവസാനിപ്പിക്കുന്നത്.

ഡോണ്‍ ഏലിയാസ് (1929-1989 Don Elias Valina Sampedro), ഒ ചെബ്രയ്‌റോ (O’ Cebreiro) എന്ന ചെറുഗ്രാമത്തിലെ പള്ളിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച വൈദികനാണ്. സ്‌പെയിനിലെ സലമാങ്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നും യാക്കോബിന്റെ വഴിയെക്കുറിച്ച് പഠിച്ച് ഡോക്ടറേറ്റ് നേടിയ ഈ വൈദികന്‍ ഈ തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാനവഴിയായ ‘ഫ്രഞ്ചു പാത’ (The French Way) പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആദ്യമായി 1984-ല്‍ ഈ വഴി മുഴുവന്‍ മഞ്ഞച്ചായം കൊണ്ട് അടയാളപ്പെടുത്തി തീര്‍ത്ഥാടകര്‍ക്ക് സാന്റിയാഗോയിലേയ്ക്കുള്ള യാത്ര എളുപ്പമാക്കിത്തീര്‍ത്തു. കൂടാതെ, യൂറോപ്പിലെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ സാന്റിയാഗോ വഴിയുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും വിവിധ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാനുള്ള ഉപാധിയാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ക്ലാസ്സുകള്‍ നയിച്ചു. അങ്ങനെ യൂറോപ്പിലെ പുതുതലമുറയ്ക്ക് സാന്റിയാഗോ തീര്‍ത്ഥാടനം വീണ്ടും ആകര്‍ഷകമായിത്തീര്‍ന്നു. ആധുനിക സാങ്കേതികവിദ്യകളും നവീന യാത്രാമാര്‍ഗ്ഗങ്ങളും സാന്റിയാഗോ തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യവും പ്രശസ്തിയും ലോകത്തിന്റെ നാലുകോണുകളിലും സാന്റിയാഗോയെ പ്രശസ്തമാക്കി തീര്‍ത്തു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍ 

(തുടരും …)