യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 33-ാം ദിവസം – യാത്രയിലെ ഏറ്റവും ദുഃഖകരമായ അനുഭവം

പതുക്കെ ഉണര്‍ന്നു വരുന്ന റിബദേയോ പട്ടണം

ആവില്ലാസ് പട്ടണത്തിലെത്തിയപ്പോള്‍ ജാംപൗളോ നേരത്തെ തന്നെ അവിടെയെത്തി എന്നെ കാത്തിരിക്കുകയായിരുന്നു. നാളെ കുഴപ്പമൊന്നും കൂടാതെ നടക്കുവാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ ഉണര്‍ന്നു. അടുത്ത പട്ടണമായ റിബദേയോ (Ribadeo) ലക്ഷ്യമാക്കി നടന്നു. അന്നത്തെ യാത്ര മനോഹരമായിരുന്നു. റിബദേയോ പട്ടണത്തിലേയ്ക്ക് പ്രവേശിക്കുന്നത് കടല്‍ കയറിക്കിടക്കുന്ന സ്ഥലത്തിനു മുകളിലൂടെയുള്ള നീണ്ട ഒരു പാലത്തിലൂടെയാണ്. ഉണര്‍ന്നു വരുന്ന ആ കൊച്ചുപട്ടണത്തെ നോക്കി കൈയ്യിലിരുന്ന ജപമാലമണികള്‍ ഉരുട്ടി ഞങ്ങള്‍ രണ്ടുപേരും പ്രാര്‍ത്ഥനാപൂര്‍വ്വം നടന്നു.

കഴിഞ്ഞ ദിവസത്തെ കാലിന്റെ വേദനകള്‍ കുറഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു ജാംപൗളോ. ഉദ്ദേശിച്ചതിലും ഒരു ദിവസം മുമ്പേ സാന്റിയാഗോയിലെത്തണമെന്നും ജാംപൗളോ ആഗ്രഹിച്ചു. അവിടെ നിന്ന് ബസില്‍ രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ കടല്‍തീരത്തുള്ള ഫിനിസ്റ്റേര്‍ (Finister) എന്ന സ്ഥലത്തെത്താം. മധ്യകാലയുഗത്തില്‍ സാന്റിയാഗോ തീര്‍ത്ഥാടകര്‍ ഫിനിസ്റ്റേര്‍ ലോകത്തിന്റെ ഏറ്റവും അറ്റത്തുള്ള സ്ഥലമാണെന്ന വിശ്വാസത്താല്‍ തങ്ങളുടെ യാത്ര അവിടേയ്ക്ക് നീട്ടിയിരുന്നു.

യാത്രയിലെ ഏറ്റവും ദുഃഖകരമായ അനുഭവം

ലോറന്‍സോ (Lorenzo) എന്ന ഗ്രാമത്തിലായിരുന്നു അന്ന് ഞങ്ങള്‍ക്ക് അന്തിയുറങ്ങേണ്ടിയിരുന്നത്. അന്ന് ഞാന്‍, ജാംപൗളോയെക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ താമസിക്കുന്ന സത്രത്തിലെത്തി. 2017 ജൂണ്‍ 25-ാം തീയതി ഞായറാഴ്ച യാത്രയിലെ മറക്കാനാവാത്ത ഒരു ദിവസമായി മാറുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഗ്രാമത്തിലെ പള്ളിയിലെ കുര്‍ബാന ഉച്ചയ്ക്ക് കഴിഞ്ഞിരുന്നതിനാല്‍ സത്രത്തില്‍ കുര്‍ബാന ചൊല്ലുവാന്‍ സാധിക്കുമോ എന്ന് ഞാന്‍ അന്വേഷിച്ചു. അവിടെ യാതൊരു സൗകര്യവും ഇല്ലായിരുന്നതിനാല്‍ അന്ന് കുര്‍ബാന ചൊല്ലാന്‍ സാധിക്കില്ലല്ലോ എന്ന സങ്കടം എനിക്കുണ്ടായി. സത്രത്തിലെ അവസാനത്തെ കിടക്ക ജാംപൗളോ വരുന്നതുവരെ ആര്‍ക്കും കൊടുക്കാതെ സൂക്ഷിക്കുക വലിയ പണിയായിരുന്നു. ഞാന്‍ പലപ്രാവശ്യം ഫോണില്‍ വിളിച്ചിട്ടും എനിക്ക് അദ്ദേഹം യാതൊരു മറുപടിയും തന്നില്ല.

കുറച്ചുകഴിഞ്ഞപ്പോള്‍ യാത്രാക്ഷീണത്താല്‍ അന്തിയുറങ്ങേണ്ട കിടക്കയില്‍ ഇരുന്നുറങ്ങുകയായിരുന്ന എന്നെ ആരോ വിളിച്ചുണര്‍ത്തി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ജാംപൗളോ എന്റെ മുമ്പില്‍ നില്‍ക്കുന്നു. വിറയാര്‍ന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു ‘My wife passed away in an accident a few hours ago’ (എന്റെ ഭാര്യ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഒരു അപകടത്തില്‍ മരിച്ചു). എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ പകച്ചുനിന്നു. പിന്നീട് അദ്ദേഹത്തെ ആലിംഗനം ചെയ്ത് ഞങ്ങള്‍ രണ്ടുപേരും കുറേനേരം സങ്കടപ്പെട്ടു കരഞ്ഞു.

ജാംപൗളോയുടെ വിവാഹം കഴിഞ്ഞിട്ട് 44 വര്‍ഷങ്ങളായി. എല്ലാ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അദ്ദേഹം ആദ്യം ചെയ്യുക ഭാര്യയെ വിളിച്ച് അന്നത്തെ കാര്യങ്ങള്‍ സംസാരിക്കുകയാണ്. ഇടവകയില്‍ വിവാഹ ഒരുക്ക ക്ലാസ്സുകളുടെ ഭാഗമായി, വിവാഹം കഴിക്കുന്നവര്‍ക്ക് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട മാതൃകാദമ്പതികളായിരുന്നു ജാംപൗളോയും അദ്ദേഹത്തിന്റെ ഭാര്യ അന്നീനയും (Annina).

ഭാര്യ മരിച്ച ദിവസം ഏകദേശം രണ്ട് മണിയായപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ തൊമാസൊ (Thommaso) വിളിച്ചു. പതറിയ സ്വരത്തില്‍ തൊമാസോ ചോദിച്ചു: ‘ഡാഡി, അങ്ങ് വീട്ടില്‍ തിരികെ വരുമെന്ന് വാക്ക് തന്നിട്ടല്ലേ യാത്രയ്ക്ക് പോയത്?’ ‘അതെ. പക്ഷേ അതിപ്പോള്‍ ചോദിക്കാനുള്ള കാരണം എന്താണ്?’ തൊമാസായുടെ പതിവില്ലാത്ത ചോദ്യങ്ങള്‍ ജാംപൗളോയെ അസ്വസ്ഥനാക്കി. ‘എന്നാല്‍, അമ്മ ഇനിയൊരിക്കലും തിരിച്ചുവരില്ല.’ അവിശ്വസനീയമായ വാക്കുകള്‍ കേട്ട് ജാംപൗളോ തളര്‍ന്നിരുന്നു.

ജാംപൗളോ തീര്‍ത്ഥാടനത്തിനു പോയപ്പോള്‍, അന്നീന വീട്ടില്‍ നിന്നും രണ്ട് മണിക്കൂര്‍ യാത്ര ദൂരത്തിലുള്ള വെറോണായില്‍ (Verona) സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. അവിടെ വച്ച് ഉച്ചഭക്ഷണത്തിനായി അടുത്തുള്ള റസ്റ്റോറന്റിലേക്ക് പോയപ്പോള്‍ എതിരെ വന്ന കാറുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലാത്ത ഭാര്യയുടെ മരണം ജാംപൗളോക്ക് വലിയൊരു ആഘാതമായിരുന്നു.

ആപത്ത് വരുമ്പോഴാണ് മനുഷ്യര്‍ എല്ലാം മറന്ന് ഒന്നാവുന്നത്. പെട്ടെന്ന് ബൈലോറഷ്യക്കാരായ (Bielorussia) ദമ്പതികള്‍ അദ്ദേഹത്തിനു വേണ്ട ഭക്ഷണം ക്രമീകരിച്ചു. ജര്‍മ്മന്‍കാരിയായ ഒരു ഡോക്ടര്‍ അദ്ദേഹത്തിന്റെ യാത്രയ്ക്കു വേണ്ട ടിക്കറ്റുകള്‍ ക്രമീകരിച്ചു. സൗകര്യമില്ലാതിരുന്ന ആ സത്രത്തിന്റെ അടുക്കള വൃത്തിയാക്കി മേശയില്‍ വെള്ളത്തുണി വിരിച്ച് ജാംപൗളോയുടെ ഭാര്യയുടെ ആത്മശാന്തിക്കായി ഞാന്‍ അന്നത്തെ കുര്‍ബാന അര്‍പ്പിച്ചു. ആ അടുക്കളയിലെ അടുപ്പില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ച് ഒരുപാട് തീര്‍ത്ഥാടകര്‍ ശാരീരികശക്തി സംഭരിച്ചിട്ടുണ്ട്. ആദ്യമായി ആ അടുക്കളയില്‍ താല്‍ക്കാലികമായി ഉയര്‍ത്തിയ അള്‍ത്താരയിലെ ആത്മീയമേശയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ആത്മീയഭക്ഷണവും നല്‍കപ്പെട്ടു. കത്തോലിക്കരും, അകത്തോലിക്കരും, അവിശ്വാസികളും ഒരു വ്യത്യാസവുമി ല്ലാതെ അന്നത്തെ കുര്‍ബാനയില്‍ സംബന്ധിച്ചു. സമാധാനാശംസയുടെ സമയത്ത് അവിടെയുണ്ടായിരുന്ന ഓരോരുത്തരും ജാംപൗളോയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു.

ജീവിതമാകുന്ന തീര്‍ത്ഥാടനത്തില്‍ നമ്മളറിയാത്ത വഴിത്തിരിവുകള്‍ ഉണ്ടാകും. തന്റെ ഭാര്യയുടെ ഈ ലോകത്തിലെ തീര്‍ത്ഥാടനം ജാംപൗളോയുടെ സാന്റിയാഗോ തീര്‍ത്ഥാടനത്തിന് മുമ്പേ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. വലിയ ദൈവവിശ്വാസിയായ ജാംപൗളോ, ഭാര്യയുടെ ഓര്‍മ്മകളും പേറി സെപ്റ്റംബര്‍ മാസത്തില്‍ തിരികെ വന്ന് തന്റെ സാന്റിയാഗോ തീര്‍ത്ഥാടനം വീണ്ടും, അവസാനിപ്പിച്ചിടത്തു നിന്നും ആരംഭിച്ചു പൂര്‍ത്തിയാക്കി.

സഹയാത്രികനെ നഷ്ടപ്പെട്ടതിന്റെ സങ്കടവും, ജീവിതത്തിന്റെ മറ്റ് ഭാരങ്ങളുടെ ഭാണ്ഡവും പേറി സാന്റിയാഗോ ലക്ഷ്യമാക്കി എന്റെ തീര്‍ത്ഥാടനം തുടര്‍ന്നു കൊണ്ടേയിരുന്നു.

ഫാ.മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)