യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 30-ാം ദിവസം – സാന്റില്ലാനയിലെ മിണ്ടാമഠവും മലയാളി സിസ്റ്റേഴ്‌സും

അറ്റ്‌ലാന്റിക് (Atlantic) സമുദ്രതീരത്തോട് ചേര്‍ന്നുകിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് സാന്റില്ലാന (Santillana del Mar). 4-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഡയക്ലീഷന്‍ (Diocletion) ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഇറ്റലിയിലെ നേപ്പിള്‍സില്‍ (Napoli) വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധയാണ് ജൂലിയാന. സെന്റ് ജൂലിയാനയുടെ പേരില്‍ നിന്നാണ് ഇന്നും പൗരാണികതയുടെ കഥകള്‍ പേറുന്ന ഈ ഗ്രാമത്തിന് സാന്റില്ലാന (സാന്റിയാന എന്നാണ് ശരിയായ ഉച്ചാരണം) – എന്ന പേര് ലഭിക്കുന്നത്. മധ്യകാലയുഗത്തിലെ കല്ലുപാകിയ പാതകളും, കൊത്തുപണികളോടു കൂടിയ പൗരാണിക ഭവനങ്ങളും, ഒരുപാട് കാലത്തെ ചരിത്രം വിളിച്ചുപറയുന്ന ചിത്രങ്ങള്‍ ഭിത്തിയില്‍ ആലേഘനം ചെയ്തിരിക്കുന്ന ദേവാലയങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. ഈ കൊച്ചുനഗരത്തിന്റെ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനായി പുറമെ നിന്നുള്ള വാഹനങ്ങള്‍ക്ക് നഗരത്തിനുള്ളിലേയ്ക്ക് പ്രവേശനമില്ല. ഉരുളന്‍കല്ല് പാകിയ പാതകള്‍ മനോഹരമെങ്കിലും തീര്‍ത്ഥാടകന് വലിയ വെല്ലുവിളിയാണ്.

അവിടുത്തെ കോണ്‍വെന്റിന്റെ സത്രത്തിലായിരുന്നു (Alberguce EI Convento) അന്ന് ഞങ്ങള്‍ക്ക് അന്തിയുറങ്ങേണ്ടിയിരുന്നത്. ഒരുകാലത്ത് നൂറുകണക്കിന് സിസ്റ്റേഴ്‌സ് ഉണ്ടായിരുന്ന ആ മഠത്തിന്റെ (Cloisterd Convent) ഒരു ഭാഗം ഇപ്പോള്‍ സാന്റിയാഗോ തീര്‍ത്ഥാടകരുടെ താമസത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. അതിനോട് ചേര്‍ന്നുള്ള മഠത്തില്‍ ഇപ്പോള്‍ 15 സിസ്റ്റേഴ്‌സ് താമസിക്കുന്നുണ്ട്. അതിലൊരാള്‍ മാത്രമെ പുറത്തേ കാര്യങ്ങള്‍ക്കായി ഇടപെടാറുള്ളു. താമസ സ്ഥലത്തെത്തിയ ഉടന്‍തന്നെ വൈകുന്നേരത്തെ കുര്‍ബാനയ്ക്ക് സംബന്ധിക്കുന്നതിനുള്ള അനുവാദത്തിനായി ഞാന്‍ അവിടുത്തെ റിസപ്ഷനില്‍ ചെന്ന് അന്വേഷിച്ചു. റിസപ്ഷനിലെ മറയുടെ പിറകില്‍ നിന്നു സംസാരിച്ച സിസ്റ്ററിന്റെ സ്പാനിഷ് ഭാഷ എനിക്കും, എന്റെ ഇംഗ്ലീഷ് ഭാഷ സിസ്റ്ററിനും മനസ്സിലായില്ല. അല്‍പസമയത്തെ ആയാസകരമായ ആശയസംവേദനത്തിലൂടെ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാവുന്ന ഒരു ഭാഷയുണ്ടെന്ന് തിരിച്ചറിഞ്ഞു. അവിടെയുള്ള രണ്ട് സിസ്റ്റേഴ്‌സ് കേരളത്തിലെ കൊച്ചിയില്‍ നിന്നുള്ളവരാണ്. സഹോദരിമാരായ അവരില്‍ ഒരാള്‍ 19 വര്‍ഷവും മറ്റേയാള്‍ 21 വര്‍ഷവുമായി സ്‌പെയിനിലെ ഈ മഠത്തില്‍ അംഗങ്ങളായിട്ട്.

വലിയ ആത്മീയാനുഗ്രഹത്തിന്റെ അവസരമായിരുന്നു പുരാതനമായ ഈ മഠത്തിലെ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ സാധിച്ചത്. അന്നവിടെ കുര്‍ബാന ചൊല്ലിയ വൈദികന്‍ സമാധാനശുശ്രൂഷയുടെ സമയത്ത് മലയാളികളായ രണ്ടു സിസ്റ്റേഴ്‌സിനെയും അള്‍ത്താരയുടെ മുമ്പിലേയ്ക്ക് വിളിപ്പിച്ചു. ആദ്യമായിട്ടാണ് ആ സിസ്റ്റേഴ്‌സിന്റെ നാട്ടില്‍ നിന്ന് ഒരു വൈദികന്‍ തീര്‍ത്ഥാടകനായി അവിടെ എത്തുന്നത്. അവരുടെ കരങ്ങള്‍ സ്പര്‍ശിച്ച് സമാധാനം ആശംസിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള അവസരം അങ്ങനെ എനിക്ക് ലഭിച്ചു.

മിണ്ടാമഠങ്ങളില്‍ വളരെ അപൂര്‍വ്വമായി നടക്കുന്ന ഒരു സംഭവമാണ് ഇത്തരത്തിലുള്ള സമാധാനാശംസ. അസാധാരണമായ ഒരു ശാന്തിയും സമാധാനവും സൗന്ദര്യവും അവരുടെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു. എല്ലായ്‌പ്പോഴും യേശുവിനെ മാത്രം ധ്യാനിച്ചു കഴിയുന്ന അവരുടെ മുഖത്ത് യേശുവിന്റെ രൂപം പ്രതിഫലിക്കുന്നുണ്ടായിരുന്നു. മിക്കപ്പോഴും എന്നെക്കുറിച്ചും എന്റെ കാര്യങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചു കഴിയുന്ന എന്നിലേയ്ക്ക് അവരുടെ കരസ്പര്‍ശം വഴിയായി യേശുവിന്റെ ശക്തി പ്രവഹിക്കണമേയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ പാപങ്ങള്‍ക്കും തിന്മകള്‍ക്കും വേണ്ടി ലോകത്തില്‍ നിന്നകന്ന് പ്രാര്‍ത്ഥന വഴി മറ്റുള്ളവര്‍ക്ക് അനുഗ്രഹം വാങ്ങി നല്‍കുന്നവരാണിവര്‍. അവരുടെ സാന്നിധ്യത്തിലായിരുന്ന ആ നിമിഷങ്ങളില്‍ അവരിലുള്ള യേശുസാന്നിധ്യത്തിന്റെ വിശുദ്ധിയുടെ പരിമളം എനിക്കും അനുഭവിക്കുവാന്‍ സാധിച്ചു.

അള്‍ത്താരയ്ക്കു മുമ്പിലിരുന്ന് മണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ച് മറ്റുള്ളവര്‍ക്ക് അനുഗ്രഹം വാങ്ങിനല്‍കുന്ന എന്റെ പരിചയത്തിലുള്ള എല്ലാ സിസ്റ്റേഴ്‌സിനെയും ഞാന്‍ അപ്പോള്‍ ഓര്‍ത്തു. പിച്ചവച്ചു നടന്ന നാള്‍ മുതല്‍ താഴെ വീഴാതെ പിടിച്ചുനടക്കാന്‍ ഒരുപാട് സിസ്റ്റേഴ്‌സ് സഹായിച്ചിട്ടുണ്ട്. എന്നെ ആദ്യ കുര്‍ബാനയ്‌ക്കൊരുക്കിയതും, അള്‍ത്താരയുടെ പടികള്‍ ചവിട്ടാന്‍ സഹായിച്ചതും, ദൈവവിളിയില്‍ വളരാന്‍ സഹായിച്ചതുമായ എല്ലാ സിസ്റ്റേഴ്‌സിനെയും ഓര്‍ത്ത് ഞാന്‍ അപ്പോള്‍ പ്രാര്‍ത്ഥിച്ചു. ലോകത്തിലായിരുന്നുകൊണ്ട് ലോകത്തിന്റേതല്ലെന്ന ചിന്തയോടെ ജീവിക്കുന്ന മിണ്ടാമഠത്തിലെ ഈ സിസ്റ്റേഴ്‌സിനെയും ഞാന്‍ യേശുവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.

ഈ ആവൃത്തിക്കുള്ളിലെ അള്‍ത്താരയുടെ മുമ്പിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന അവരുടെ വിശുദ്ധിയുടെ സൗരഭ്യം, ലോകവ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കരുത്താകട്ടെ. ഇങ്ങനെ അറിയപ്പെടാത്ത അനേകം ‘മദര്‍ തെരേസമാരും’, ‘അല്‍ഫോന്‍സാമ്മമാരും’ ഒരുപാട് മഠങ്ങളിലിരുന്നു പ്രാര്‍ത്ഥിക്കുന്നതുകൊണ്ടാണ് മറ്റുപലരും ദൈവകൃപയോടെ ജോലി ചെയ്യുന്നതും, ജീവിക്കുന്നതും.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും…)