യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 16-ാം ദിവസം – പ്രശസ്തമായ റോന്‍സസ്‌വാലസ്

‘തീര്‍ത്ഥാടനം എന്റെ ലക്ഷ്യം’ (La Meta è il Cammino) എന്ന പേരില്‍ തന്റെ ഒന്നാം തീര്‍ത്ഥാടനാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് എന്റെ സഹയാത്രികനായ ജാംപൗളോ ഇറ്റാലിയന്‍ ഭാഷയില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാമത്തെ യാത്രയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പേര് ‘സാന്റിയാഗോയിലേയ്ക്കുള്ള വടക്കന്‍ തീര്‍ത്ഥാടനത്തില്‍ ലൊറന്‍സായിലൊരു സ്റ്റോപ്പ്’ (Fermata a Lorenzà : Verso Santiago sul Camino del Nord) എന്നാണ്. ഒന്നും എഴുതാതെ തന്നെ രണ്ടു പുസ്തകങ്ങളിലെയും പ്രധാന കഥാപാത്രം എന്ന നിലയില്‍ അദ്ദേഹത്തിന്റെ വായനക്കാരുടെയിടയില്‍ എനിക്ക് തീരെ ചെറുതല്ലാത്ത പേരും പ്രശസ്തിയുമൊക്കെ ഉണ്ടായി. ഒരു നാളാഗമ ശൈലിയിലാണ് അദ്ദേഹം ഇത് എഴുതിയിരിക്കുന്നത്. അങ്ങനെയൊരു രചനാരീതി അവലംബിച്ചാല്‍ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനുപോലും എന്റെ കൃതി പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. അതുകൊണ്ട് രണ്ട് യാത്രകളിലെയും തീര്‍ത്ഥാടനാനുഭവങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ് ഞാന്‍ ഈ കഥ പറയുന്നത്.

ഫ്രാന്‍സില്‍ നിന്നും പിരനീസ് മല കയറിയിറങ്ങുന്നത് റോന്‍സസ്‌വാലസ് എന്ന ഗ്രാമത്തിലേയ്ക്കാണ്എന്ന് നേരത്തെ പറഞ്ഞിരുന്നു. വളരെ ചരിത്രപ്രാധാന്യമുള്ള ഒരു സ്പാനിഷ് ഗ്രാമമാണിത്. യുദ്ധം ചെയ്ത് അപരാജിതനായി മുന്നേറിയ റോമന്‍ ചക്രവര്‍ത്തിയായ ഷാര്‍ളമൈന്‍ (Charlemagne) എ.ഡി. 788-ല്‍ ഈ ഗ്രാമത്തില്‍ വച്ച് ബാസ്‌ക് (Basque) സൈന്യത്തില്‍ നിന്നും പരാജയം ഏറ്റുവാങ്ങി. 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഇവിടുത്തെ പള്ളി തീര്‍ത്ഥാടകരുടെ അഭയകേന്ദ്രമാണ്. ഷാര്‍ളമൈന്റേത് എന്ന് കരുതപ്പെടുന്ന ഒരു ചെസ്സ് ബോര്‍ഡും അവിടുത്തെ മ്യൂസിയത്തിലെ അമൂല്യശേഖരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തെ, സ്പാനിഷ് ഭാഷയിലുള്ള കുര്‍ബാനയില്‍ ധാരാളം തീര്‍ത്ഥാടകരും ഉണ്ടായിരുന്നു. എന്നെക്കൂടാതെ തീര്‍ത്ഥാടകരായ മൂന്ന് വൈദികര്‍ കൂടി കുര്‍ബാനയില്‍ സംബന്ധിച്ചു. ഓരോ തീര്‍ത്ഥാടകന്റെയും തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ഒരു ശുശ്രൂഷയോടു കൂടിയാണ് അന്നത്തെ കുര്‍ബാന അവസാനിച്ചത്.

റോന്‍സസ്‌വാലസില്‍ നിന്നും അതിരാവിലെ തന്നെ ഉണര്‍ന്ന് ഞങ്ങളുടെ തീര്‍ത്ഥയാത്ര അടുത്തഗ്രാമത്തെ ലക്ഷ്യമാക്കി ആരംഭിച്ചു. പല ഗ്രാമങ്ങള്‍ താണ്ടി ട്രിനിഡാഡ് ദി ആരേ (Trinidad de Arre) എന്ന ഗ്രാമത്തിലായിരുന്നു അന്ന് ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ടിയിരുന്നത്. നാല്‍പതിലധികം കിലോമീറ്റര്‍ അന്നേ ദിവസം നടക്കേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചതേയില്ല. പിന്നീട് പല പ്രാവശ്യം ഇത്രയും ദൂരം നടന്നുവെങ്കിലും ആദ്യാനുഭവം വലിയ ശാരീരികപ്രയാസങ്ങള്‍ സൃഷ്ടിച്ചു. സാധാരണ ഗതിയില്‍ ആദ്യത്തെ 30 കിലോമീറ്റര്‍ വലിയ പ്രയാസങ്ങള്‍ കൂടാതെ നടക്കാന്‍ സാധിക്കുമായിരുന്നു. അത് നാല്‍പതിനു മുകളിലാകുമ്പോള്‍ നടക്കുന്നതിനു പകരം നിരങ്ങിനീങ്ങുകയായിരിക്കും. ചിലപ്പോഴൊക്കെ കണ്ണില്‍ക്കൂടി തീ പാറുന്നതു പോലത്തെ അനുഭവമായിരുന്നു. വേദന കൊണ്ട് കരയുന്നത്, വേദന അവസാനിച്ചു കഴിയുമ്പോള്‍ ഒരു സൗഖ്യം പ്രദാനം ചെയ്യുമെന്നത് യാത്രയിലൂടെ എനിക്ക് കിട്ടിയ ഒരു ജീവിതാനുഭവമായിരുന്നു. കുരിശിലൂടെയും സഹനത്തിലൂടെയുമാണല്ലോ മനുഷ്യരക്ഷ തന്നെ കര്‍ത്താവ് സാധിതമാക്കിയത്. ആ വേദനകളോട് താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ വേദനകള്‍ എത്ര നിസ്സാരങ്ങളാണെന്നും എനിക്ക് തോന്നി. അസ്ഥികള്‍ നുറുങ്ങുന്ന വേദനയുടെ അവസരത്തിലും എന്റെ സഹയാത്രികര്‍ ആശ്വാസമായിട്ട് എന്റെ കൂടെയുണ്ടായിരുന്നു. ഏകദേശം അര മണിക്കൂര്‍ ധാരസ്‌നാനയന്ത്രത്തിനടിയില്‍ (Shower) നിന്ന് ചൂടുവെള്ളത്തില്‍ കുളിച്ചപ്പോള്‍ യാത്രയുടെ അവശിഷ്ടമായ പൊടി മാത്രമല്ല, ശരീരത്തിന്റെ വേദനകളും അലിഞ്ഞുപോകുന്നതായി എനിക്കു തോന്നി.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)