തിരുവോസ്തി വില്‍പ്പനയ്ക്ക് വച്ചത് തെറ്റ്: എസ്റ്റി കോം 

ആശീര്‍വദിച്ച ഓസ്തികള്‍ വില്‍പ്പനയ്ക്ക് വച്ചത് സൈറ്റിന്റെ പോളിസികള്‍ക്ക് വിരുദ്ധമാണെന്ന് വെളിപ്പെടുത്തി എസ്റ്റി കോം ഇ കൊമേഴ്‌സ് വെബ്സൈറ്റ്. തിരുവോസ്തി വില്‍പ്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് വന്‍തോതില്‍ പരാതികള്‍ ലഭിച്ചതിനെയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനെയും തുടര്‍ന്നാണ് ഈ വെളിപ്പെടുത്തലുമായി സൈറ്റ് അധികൃതര്‍ രംഗത്തെത്തിയത്.

മെയ് ഏഴാം തീയതിയാണ് സൈറ്റില്‍ പുരോഹിതന്‍ ആശീര്‍വദിച്ച യഥാര്‍ത്ഥ കത്തോലിക്കാ തിരുവോസ്തി എന്ന് തുടങ്ങുന്ന വിവരണത്തോടെ വില്പനയ്ക്ക് വച്ചിരുന്നത്. ‘സാത്താനിക ആരാധകര്‍ക്ക്’ എന്നും സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു. പെന്റഗോര എന്ന കച്ചവടസ്ഥാപനമാണ് തിരുവോസ്തികള്‍ വില്പനയ്ക്ക് വച്ചിരുന്നത്.

ഇത് വിവാദമായതിനെ തുടര്‍ന്നാണ് സൈറ്റിന്റെ നിബന്ധനകളും നിയമങ്ങളും തെറ്റിച്ച ഒന്നായിരുന്നു ഇതെന്നും കരകൗശലവസ്തുക്കള്‍, പുരാതനമായ സാധനങ്ങള്‍, ക്രാഫ്റ്റ് വര്‍ക്കുകള്‍ തുടങ്ങിയവ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്നും മോഷ്ടിച്ച വസ്തുക്കള്‍ വയ്ക്കാന്‍ പാടില്ല എന്നുമുള്ള നിബന്ധന സൈറ്റ് മുന്നോട്ടുവച്ചിരുന്നു എന്നും വ്യക്തമാക്കിയത്. ഈ സംഭവം കത്തോലിക്കരെ ഏറെ വിഷമിപ്പിച്ചുവെന്നും മതവികാരത്തെ വൃണപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് എത്തിയത്. എന്തുതന്നെ ആയാലും ലോകം മുഴുവനുള്ള ക്രിസ്ത്യാനികള്‍ക്ക് ഇത്  മുന്നറിയിപ്പായി മാറിയിരിക്കുകയാണ്.