തെരുവിന്റെ മക്കളെ ദൈവമക്കളാക്കുന്ന ‘സാധന റിന്യൂവൽ സെന്റർ’

    മരിയ ജോസ്

    മക്കളേ, നമുക്ക് പ്രാർത്ഥിക്കാം…” ശബ്ദം കേട്ട മാത്രയിൽ അവർ ഓടിയെത്തി. “പ്രാർത്ഥിക്കുമ്പോ കൈകൂപ്പി നിക്കണോട്ടോ മക്കളേ…” നിഷ്കളങ്കതയോടെ അവർ തലയാട്ടി. ഇവിടെ വിളിച്ചവർ വിളികേട്ടവരുടെ മാതാപിതാക്കളോ, വിളികേട്ടവർ ഇവരുടെ മക്കളോ അല്ല. എങ്കിലും അവിടെ പിതൃ-പുത്രബന്ധത്തിന്റെ ഒരു ദൈവികമായ ഭാവം ഉയരുകയായിരുന്നു. ഈ ഒരു ഭാവം തന്നെയാണ് തിരുവനന്തപുരം മൺവിളയിലുള്ള ‘സാധന റിന്യൂവൽ സെന്ററിനെ’ വ്യത്യസ്തമാക്കുന്നതും.

    സൗന്ദര്യത്തിലോ, പണത്തിലോ, ലാഭത്തിലോ ബന്ധങ്ങൾ കൊരുത്തിടാൻ വെമ്പുന്ന ലോകത്ത് ജാതിയോ, മതമോ, ഭാഷയോ, ദേശമോ എന്തിന് സ്വന്തം പേര് പോലും ഓർമ്മയില്ലാത്ത മാനസികരോഗികൾക്കു നേരെ കരുണയുടെ കരുതൽ നീട്ടുന്ന ഒരു സംഘം ക്ലരീഷ്യൻ വൈദികരെക്കുറിച്ചും സാധന റിന്യൂവൽ സെന്ററിനെക്കുറിച്ചും ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഫാ. വിനിൽ കുരിശുതറ

    വഴിയരികില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്ച്ചയുമായി…

    തിരുവനന്തപുരത്തെ തെരുവോരങ്ങളില്‍ അനേകം മാനസികരോഗികള്‍ അലഞ്ഞുതിരിഞ്ഞിരുന്ന സമയം. പതിവുപോലെ ഒരു യാത്രയിലായിരുന്നു വലിയതുറ സെന്റ്‌ സേവ്യേഴ്സ് ഇടവകയുടെ വികാരിയായിരുന്ന ക്ലരീഷ്യന്‍ വൈദികന്‍ ഫാ. അലക്സാണ്ടര്‍ കുരീക്കാട്ടിലച്ചന്‍. അതും ഒരു ഓണത്തോട് അടുക്കുന്ന ദിവസം, വഴിയരികിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടയിലാണ് അദ്ദേഹം സമനില തെറ്റി വഴിയോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളുകളെ ശ്രദ്ധിക്കുന്നത്. വഴിയരികില്‍ ആരോ വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കഴിക്കുന്ന കുറച്ചുപേര്‍. ആ കാഴ്ച ആ വൈദികന്റെ ഉള്ളുലച്ചു. സുഭിക്ഷതയില്‍ നാം ഓണം ആഘോഷിക്കുമ്പോള്‍ ഈ മക്കള്‍ എന്തുചെയ്യും, ഇവര്‍ക്ക് ആര് ഭക്ഷണം കൊടുക്കും… എന്നിങ്ങനെയുള്ള ചിന്തകള്‍ അച്ചന്റെ മനസ്സില്‍ ഉയര്‍ന്നുതുടങ്ങി. ആ ചിന്തകള്‍, വഴിയരികില്‍ കണ്ട കാഴ്ച്ചകള്‍ ഒരു നിമിഷത്തേയ്ക്ക് ചിന്തിപ്പിച്ച ഒന്നായിരുന്നില്ല. മറിച്ച്, ഉറങ്ങാന്‍ സമ്മതിക്കാത്ത കാഴ്ച്ചകളായി മാറുകയായിരുന്നു.

    അവര്‍ക്കായി എന്ത് നല്‍കുവാന്‍ കഴിയും എന്നുമാത്രമാണ് പിന്നീടുള്ള ഓരോ നിമിഷവും അദ്ദേഹം ചിന്തിച്ചത്. തുടർന്ന് ലത്തീൻ അതിരൂപതയുടെ ബിഷപ്പായ അഭി. സൂസെപാക്യം പിതാവിന്റെ അനുഗ്രഹാശിസുകളോടെ 2006-ൽ സാധനാ റിന്യൂവൽ സെന്റർ എന്ന സ്ഥാപനം മാനസികരോഗികൾക്കായി പ്രവർത്തനം ആരംഭിച്ചു.

    “പോരുന്നോ മക്കളെ…?”

    സ്വന്തം മക്കളോടുപോലും ക്രൂരത കാണിക്കുന്ന ഒരു ലോകത്ത് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ ചേർത്തുനിർത്തുന്ന ഭവനം. ഇവിടേയ്ക്ക് കടന്നുവരുന്ന ഓരോ വ്യക്തിയെയും സ്വന്തം മക്കളെപ്പോലെയാണ് കരുതുന്നത്. വഴിയോരത്തു നിന്ന് കണ്ടെത്തുമ്പോൾ പലപ്പോഴും ഇവർക്ക് സ്വന്തം ഊരോ പേരോ പോലും ഓർമ്മ കാണില്ല. എവിടെയെങ്കിലും മാനസികരോഗികളെ കണ്ടാൽ ആളുകൾ അറിയിക്കും. അപ്പോൾ അവിടെയെത്തി അവർക്ക് ഭക്ഷണവും മറ്റും നൽകും. എന്നിട്ട് അവരോട് ചോദിക്കും.. “പോരുന്നോ മക്കളെ…?”

    അതൊരു വലിയ ക്ഷണമാണ്. ഒരുപക്ഷെ, മക്കളാകുവാനുള്ള വിളി. പലരും പോരുവാൻ തയ്യാറാണെങ്കിലും ചിലരൊക്കെ വരാൻ മടി കാണിക്കാറുണ്ട്. ഇവർക്ക് രണ്ടു ദിവസം ഭക്ഷണം കൊണ്ടുക്കൊടുക്കുമ്പോൾ അവരും ഒപ്പം വരുവാൻ തയ്യാറാകും. ആദ്യമൊക്കെ അച്ചന്മാർ നേരിട്ടു പോയിട്ടായിരുന്നു ഇവരെ കൂട്ടിക്കൊണ്ടു വന്നിരുന്നത്. എങ്കിലും ഇപ്പോൾ ധാരാളം നിയമ പ്രതിസന്ധികൾ ഉള്ളതിനാൽ പോലീസുകാർ വഴിയാണ് ഇവിടേയ്ക്ക് ആളുകളെ എത്തിക്കുന്നത്.

    ഈ സ്ഥാപനത്തിലേക്ക് കടന്നുവരുന്നവരെ ആദ്യം മനുഷ്യക്കോലത്തിലാക്കിയെടുക്കുക എന്ന ദൗത്യമാണ് അച്ചന്മാർക്കുള്ളത്. താടിയും മുടിയും വെട്ടി, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളൊക്കെ ഇടീപ്പിച്ച് അവരെ മൊത്തത്തിൽ പുതിയ മനുഷ്യരാക്കിയെടുക്കുന്നു. തുടർന്ന്  ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കാണ് ഇവരെ കൊണ്ടുപോവുന്നത്. അവിടെ ആവശ്യമായ ചികിത്സകൾ നൽകിയതിനുശേഷം അവരെ തിരികെ ഇവിടേയ്ക്ക് കൊണ്ടുവരുന്നു. അവരിൽ ചിലർക്കൊക്കെ അപ്പോൾ ഊരും പേരും ഒക്കെ ഓർമ്മ വന്നിരിക്കും. അവരുടെ കൃത്യമായ വിവരങ്ങൾ ലഭിച്ചാൽ തിരികെ അവരുടെ വീടുകളിലെത്തിക്കുവാൻ ശ്രമിക്കും.

    അങ്ങനെ 15-ഓളം ആളുകളെ അവരുടെ വീട്ടുകാരുടെ കരങ്ങളിൽ ഏൽപ്പിക്കാൻ കഴിഞ്ഞു എന്ന് വിനിൽ അച്ചൻ അഭിമാനത്തോടെ ഓർക്കുന്നു. എന്നാൽ, ചിലപ്പോഴൊക്കെ സങ്കടം തോന്നാറുണ്ട്. ചിലരുടെയൊക്കെ ബന്ധുക്കളെ വിളിക്കുമ്പോൾ ‘അവരെ ഞങ്ങൾക്കു വേണ്ട നിങ്ങൾക്കും വേണ്ടയെങ്കിൽ എവിടുന്നു കിട്ടിയോ അവിടെത്തന്നെ അവരെ ഉപേക്ഷിക്കൂ..’ എന്നുള്ള പ്രതികരണങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അച്ചൻ വേദനയോടെ പറഞ്ഞുനിർത്തി.

    ഓഖിയുടെ നേരത്തും സഹായമായി മാറിയ കേരളത്തിന്റെ സ്വന്തം പട്ടാളക്കാർ

    ഈ സ്ഥാപനം തുടങ്ങിയ സമയങ്ങളിൽ ഇവർക്ക് ആവശ്യമായ ഭക്ഷണം കണ്ടെത്തുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയായിരുന്നു. ഈ സമയങ്ങളിലൊക്കെയും ദൈവത്തിന്റെ വലിയ ഒരു കരുതൽ ഈ മക്കളുടെമേൽ ഉണ്ടായിരുന്നത് കാണുവാൻ ഇടയായിട്ടുണ്ടെന്ന് വിനിലച്ചൻ വെളിപ്പെടുത്തുന്നു. ആദ്യമൊക്കെ കുരീക്കാട്ടിൽ അച്ചൻ വികാരിയായിരുന്ന സെന്റ് സേവ്യേഴ്സ് പള്ളിയിൽ നിന്നും മറ്റുമുള്ള ആളുകളുടെ സഹായത്താലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവന്നിരുന്നത്. എന്നാൽ, ആളുകൾ പിന്നീട് ഈ സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞുവന്ന് സഹായം ചെയ്യുവാൻ തുടങ്ങി.

    ആ കൂട്ടത്തിൽ പ്രത്യേകം എടുത്തുപറഞ്ഞ ഒരു കാര്യം, സാഹായവുമായി കടന്നുവന്നത് വലിയ കുടുംബങ്ങളിൽ നിന്നുള്ള ആളുകളൊന്നും ആയിരുന്നില്ല. ഇടത്തരം കുടുംബങ്ങളിൽ നിന്നും തീരദേശത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളിൽ നിന്നുമൊക്കെയാണ് ഈ മക്കൾക്കായുള്ള പൊതിച്ചോർ ലഭിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾ – ഈ അടുത്തിടെയല്ലേ ലോകം അവരെ പടയാളികൾ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത്. എന്നാൽ, ഈ സ്ഥാപനം തുടങ്ങിയതിനുശേഷം കഴിഞ്ഞ 16 വർഷമായി ചെറിയതുറ മുതൽ പള്ളിത്തുറ വരെയുള്ള സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളിൽ നിന്ന് ഈ മക്കൾക്കുള്ള ഭക്ഷണം എത്തിയിരുന്നതിന് യാതൊരു മുടക്കവും ഉണ്ടായിട്ടില്ല. ഓഖി വന്നപ്പോൾ, കടലിൽപ്പോയ ഭർത്താവും മക്കളും തിരിച്ചുവരാത്തതിന്റെ ആകുലത മുഴുവൻ നെഞ്ചിൽ പേറി അവിടുത്തെ അമ്മമാർ ഈ മക്കൾക്കായി ഭക്ഷണം തയ്യാറാക്കിവച്ചു എന്നുപറയുമ്പോൾ അവർക്കൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയാതെ അച്ചൻ കുഴങ്ങുകയായിരുന്നു.

    ഇന്ന് പല ആളുകളിൽ നിന്നായി ഈ മക്കൾക്കുള്ള പൊതിച്ചോറുകളും മറ്റും എത്തുന്നു. രാവിലെയും വൈകിട്ടും പൊതിച്ചോറാണ് ഇവർക്ക് നൽകുന്നത്. അത് പല ഏരിയയിൽ നിന്നായി ഓരോ ദിവസവും അച്ചന്മാരെത്തി ശേഖരിക്കുന്നു. രാവിലത്തെ ഭക്ഷണം പലരും സ്പോൺസർ ചെയ്യുകയോ അവിടെത്തന്നെ ഉണ്ടാക്കുകയോ ആണ് ചെയ്യുന്നത്. ഇതു കൂടാതെ ഇവരുടെ വസ്ത്രങ്ങൾ അലക്കുവാൻ ഇടവകകളിൽ നിന്ന് അമ്മമാർ സഹായിക്കാനെത്തുന്നു. അനേകം സുമനസുകളിലൂടെ ദൈവം ഈ സ്ഥാപനത്തെ നയിക്കുന്നതിന് കഴിഞ്ഞ പതിനാറ് വർഷമായി ഇവർ സാക്ഷ്യം വഹിക്കുകയാണ്.

    മക്കളുടെ ഭവനം

    ഇവിടേയ്ക്ക് കടന്നുവരുന്ന ഓരോ വ്യക്തികളെയും മക്കളെന്നാണ് ഈ അച്ചന്മാർ വിളിക്കുന്നത്. ഭക്ഷണം നൽകി തെരുവിൽ നിന്ന്, പോരുന്നോ മക്കളേ …? എന്ന ചോദ്യം അക്ഷരാർത്ഥത്തിൽ ഒരു വിളിയായി മാറുകയാണ്. അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേയ്ക്കുള്ള വിളി. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഇവർക്ക് ഈ അച്ചന്മാർ ആരൊക്കെയോ ആയി മാറുകയാണ്. വേദനിച്ചിരിക്കുമ്പോൾ, അസ്വസ്ഥരാകുമ്പോൾ അവരെ ചേർത്തുപിടിച്ച് പ്രത്യാശയിലേയ്ക്ക് നയിക്കുകയാണ് ഈ വൈദികർ.

    ഇവരെ ‘മക്കളേ’ എന്നല്ലാതെ ഇവരുടെ പേര് വിളിച്ചാൽ ഇവർ ആരും തന്നെ വിളികേൾക്കാറില്ല. ‘മക്കളേ’ എന്നു വിളിച്ചാല്‍ എല്ലാവരും ഓടിയെത്തും. വിനിലച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഒപ്പംതന്നെ ഇവരുടെ പ്രാർത്ഥനയ്ക്ക് വലിയ ഒരു ശക്തി ഉണ്ടെന്ന് ഈ സ്ഥാപനത്തിന്റെ ഡയറക്ടർ ഡൊമിനിക് അച്ചൻ വെളിപ്പെടുത്തുന്നു. ഒരു സംഭവം അച്ചൻ ഓർക്കുന്നത് ഇങ്ങനെ…

    ഒരിക്കൽ ടാങ്കിലേയ്ക്ക് വെള്ളം കയറ്റുകയും മറ്റും ചെയ്യുന്ന മകൻ അച്ചന്റെയടുത്ത് വന്നു പറഞ്ഞു: ‘അച്ചാ, നമുക്ക് ഒരു 2000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് ആവശ്യമായിട്ട് വരുന്നുണ്ട്. വാങ്ങണം’ എന്ന്. അന്ന് അച്ചൻ ആ മകനോട് പറഞ്ഞു ‘വാങ്ങാം, നീ പ്രാർത്ഥിക്കൂ’ എന്ന്. അവർ പ്രാർത്ഥനയിൽ  ഈ കാര്യം പറഞ്ഞു പ്രാർത്ഥിച്ചിരുന്നിരിക്കാം.. അന്ന് വൈകിട്ട് ഒരു ഫോൺകോൾ വന്നു. ‘അധികം ഉപയോഗിച്ചിട്ടില്ലാത്ത 2000 ലിറ്ററിന്റെ ഒരു ടാങ്ക് ഉണ്ട്. കൊണ്ടുവരട്ടെ?’ എന്നു ചോദിച്ച്. അച്ചനു പോലും അത്ഭുതം ആയിരുന്നു ആ ഒരു സംഭവം. ഇതുപോലെ നിരവധി കാര്യങ്ങൾ ഈ മക്കളുടെ പ്രാർത്ഥനയിലൂടെ അത്ഭുതകരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

    ഇന്ന് ഇവിടെ എണ്‍പതോളം മക്കളുണ്ട്. ഇവരെ നോക്കുന്നത് വിനിൽ അച്ചനെ കൂടാതെ ഫാ. ഡൊമിനിക് കൂട്ടിയാനിക്കല്‍, ഫാ. സജി വാളിപ്ലാക്കൽ, ഫാ. മാര്‍ട്ടിന്‍ വിളക്കുന്നേൽ എന്നിവരാണ്‌. വിനിലച്ചന്‍ അധ്യാപകവൃത്തി ഉപേക്ഷിച്ചാണ് ഈ മക്കളെ ശുശ്രൂഷിക്കുന്നതിനായി എത്തിയത്. ഇവിടെ ഈ മക്കള്‍ക്കൊപ്പമുള്ള ജീവിതം സന്തുഷ്ടമാണ്. അതൊരിക്കലും ഞങ്ങളുടെ നന്മ കൊണ്ടല്ല. ഈ മക്കള്‍ ദൈവത്തിന് അത്രമേല്‍ പ്രിയപ്പെട്ടവരായതുകൊണ്ട് അവര്‍ക്കായി ദൈവം മുന്നില്‍ നടക്കുന്നു. അതുകൊണ്ടു മാത്രം. ചെറുചിരിയോടെ അച്ചൻ പറഞ്ഞുനിര്‍ത്തി …

    മരിയ ജോസ്