തിരുഹൃദയം – കരുതുന്ന സ്‌നേഹം

ലോകചരിത്രത്തില്‍ ഇന്നോളം ഒരു നേതാക്കളും പറയാത്ത ഒരു വലിയ സത്യം പ്രപഞ്ചസൃഷ്ടാവും മാനവകുലത്തിന്റെ രക്ഷകനുമായ ദൈവപുത്രനായ ഈശോ പറയുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും” (മത്തായി 11:28-29).

ഇന്നത്തെ ലോകത്തില്‍ ഈശോയുടെ മുഖമാകേണ്ടവനാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. സ്‌നേഹത്തിന്റെ, നന്മയുടെ, സാഹോദര്യത്തിന്റെ, ശാന്തതയുടെ, കരുതലിന്റെ, കാരുണ്യത്തിന്റെ, ക്ഷമയുടെ രൂപഭാവങ്ങളായിത്തീരുവാനാണ് ഈശോ പറയുന്നത്. നീ ആയിരിക്കുന്ന അവസ്ഥ എന്തു തന്നെ ആയാലും നിന്റെ ഹൃദയത്തെ എനിക്കു തന്നാല്‍ ഞാന്‍ അതിനെ രൂപപ്പെടുത്തി എടുത്തുകൊള്ളാം. പകരം എന്റെ ഹൃദയം നിനക്ക് ഞാന്‍ നല്‍കാമെന്ന് ഈശോ പറയുന്നു.

വിണ്ണില്‍ നിന്ന് ഭൂമിയിലേയ്ക്ക് താഴ്ന്നിറങ്ങി സ്‌നേഹിക്കുന്ന ദിവ്യഗുരുവിന്റെ മൊഴികള്‍ അഭ്യസിക്കുന്നവര്‍ ഭാഗ്യവാന്‍. എല്ലാവരാലും മാറ്റിനിര്‍ത്തപ്പെട്ട ചുങ്കക്കാരെയും പാപികളെയും കാരുണ്യഹൃദയത്തോടെ നോക്കിയ ഈശോയുടെ തിരുഹൃദയം. മരണത്തിന്റെ തീവ്രവേദനയാല്‍ ഗത്സേമേനിയില്‍ പ്രാര്‍ത്ഥിക്കുന്ന ഈശോ പാപികളുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെടുവാന്‍ പോകുന്ന സമയത്തും ഉറങ്ങി വിശ്രമിക്കുന്ന ശിഷ്യരെ കുറ്റപ്പെടുത്താതെ സ്‌നേഹപൂര്‍വ്വം തന്നോട് ഒന്നായിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുന്നു. പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിക്കുവാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍ എന്ന് ബലം നല്‍കുന്ന ഈശോ.

കവര്‍ച്ചക്കാരന്‍ എന്നപോലെ വാളും വടികളുമായി തനിക്കെതിരെ വന്ന പ്രധാന പുരോഹിതന്റെ സേവകന്റെ ചെവി പത്രോസ് ഛേദിക്കുന്നതു കണ്ടപ്പോള്‍ അവന്റെ ചെവി തൊട്ടുസുഖപ്പെടുത്തിയ ഈശോ. ശത്രുക്കളെപ്പോലും സ്‌നേഹിക്കുവാന്‍ നമ്മെ മാതൃകയിലൂടെ പഠിപ്പിച്ചു ഈശോയുടെ തിരുഹൃദയം.

ഈശോയുടെ പ്രബോധനം ശ്രവിക്കുവാന്‍ വന്ന മക്കളുടെ വിശപ്പടക്കാന്‍ ‘നിങ്ങള്‍ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുവിന്‍’ എന്നുപറഞ്ഞ് ശിഷ്യരുടെ മനസ്സിനെ തൊട്ടുണര്‍ത്തി. ഒരു ബാലന്റെ കയ്യില്‍ നിന്ന് അഞ്ച് ബാര്‍ലിയപ്പവും രണ്ട് ചെറുമീനും യേശുവിന്റെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അത് അനേകരുടെ വിശപ്പടക്കി. തന്റെ മക്കള്‍ക്ക് ഔദാര്യത്തോടെ, സംതൃപ്തി വരുവോളം ഭക്ഷിക്കുവാന്‍ കൊടുക്കുവിന്‍ എന്നു പഠിപ്പിച്ച ഈശോയുടെ തിരുഹൃദയം.

38 വര്‍ഷം ബെത്സെയ്ദാ കുളക്കരയില്‍ തളര്‍ന്നുകിടന്ന രോഗിയെ സുഖപ്പെടുത്തിയ യേശുവിന്റെ കരുതലുള്ള സ്‌നേഹം. നായിമിലെ വിധവയുടെ മകനെ ഉയര്‍പ്പിച്ച് അവന് ജീവന്‍ നല്‍കി അവളെ പറഞ്ഞയച്ച അനുകമ്പയുള്ള ഈശോയുടെ തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നത് ഏതു പ്രശ്നങ്ങളുടെ നടുവിലും ഇളകിമറിയുന്ന തിരമാലകളുടെ നടുവിലും ഈശോ കൂടെയുണ്ടെന്നാണ്. ‘അവിടുന്നില്‍ വിശ്വാസമര്‍പ്പിക്കുക. ഈശോയുടെ കൈപിടിച്ചു നടക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ക്ക് ബലവും ശക്തിയും ലഭിക്കും.’ ഈ തിരുഹൃദയസ്‌നേഹം അടുത്തറിഞ്ഞ് അനുഭവിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

സി. ബെറ്റി നടൂപ്പറമ്പിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.