മര്‍ത്തായും മറിയവും

തിരുഹൃദയസ്പന്ദനങ്ങള്‍ 14

എത്ര ധ്യാനിച്ചാലും മര്‍ത്തായും മറിയവും പിന്നെയും നമ്മുടെ കാതുകളില്‍ സംസാരിച്ചുകൊണ്ടേയിരിക്കും. എങ്ങോ പോകുന്നവഴിക്കാണ് ഈശോ മര്‍ത്തായുടെ വീട്ടിലെത്തുക. നേരത്തെ അറിയിച്ചിട്ടൊന്നുമല്ല അവന്‍ വരുന്നത്. പക്ഷേ മറിയം അവനെ സ്വന്തം ഭവനത്തിലേക്ക്, സ്വന്തം അവസ്ഥയിലേക്ക്, ഇല്ലായ്മയിലേക്ക് ക്ഷണിക്കുന്നു, സ്വീകരിക്കുന്നു. യേശുവിനെ ക്ഷണിച്ചു അകത്തേക്ക് കയറ്റിയെങ്കിലും അവനെ കേള്‍ക്കാന്‍ മര്‍ത്താക്ക് സമയമില്ല. അവള്‍ പലകാര്യത്തിലും വ്യഗ്രചിത്തയാണ്. തന്‍റെ കൂടെയുള്ളത്, തന്‍റെ ഭവനത്തിലെ അതിഥി ആരാണെന്ന് തിരിച്ചറിയാന്‍ മര്‍ത്താ പരാജയപ്പെടുന്നു. എല്ലാ ആകുലതകളെയും അകറ്റാന്‍ കഴിയുന്നവന്‍റെ മുന്‍പില്‍ അവള്‍ സഹോദരിയെക്കുറിച്ചു പരാതി പറയുക പോലും ചെയ്യുന്നുണ്ട്. പരാതിയുടെ മുന ചെന്നുനില്‍ക്കുന്നത് യേശുവിന് എതിരായിട്ടാണ്.

മറിയമാകട്ടെ ഒരു കാര്യം മാത്രമേ ചെയ്യുന്നുള്ളൂ. അവന്‍റെ പരമാവധി അടുത്തിരുന്നു അവനെ കേട്ടുകൊണ്ടേയിരിക്കുന്നു. ഒത്തിരി നാളുകളായി കാണാന്‍ കൊതിച്ച, കേള്‍ക്കാന്‍ കൊതിച്ച ഒരുവനെ കണ്ടുമുട്ടിയ പോലെ. ഒരു വാക്കുപോലും അവള്‍ മിണ്ടുന്നില്ല, അവള്‍ നിശബ്ദയായി കേള്‍ക്കുന്നു.

നമ്മള്‍ പലപ്പോഴും മര്‍ത്തായാണ്. കര്‍ത്താവിനെ വിളിക്കുന്നതും ക്ഷണിക്കുന്നതും എല്ലാം  ശരി തന്നെ. പക്ഷെ ഈശോയെ കേള്‍ക്കാന്‍ നമുക്ക് സാധിക്കുന്നില്ല. പതം പറയാനും പരാതി ബോധിപ്പിക്കാനും നാം സമയം കളയുകയാണ്. നേര്‍ച്ചയും കാഴ്ചയും നല്‍കാനാണ് ധൃതി. അവനെ ചെവിക്കൊള്ളാനല്ല. മര്‍ത്താ പലതും ചെയ്യുന്നുണ്ട്, പക്ഷെ വേണ്ടത് ചെയ്യുന്നില്ല. അത് ചെയ്യുന്നത് മറിയമാണ്. ഈ മര്‍ത്തായും മറിയവും എന്‍റെ രണ്ട് സാധ്യതകളാണ്. മറിയത്തെപ്പോലെ ഹൃദയത്തെ നിന്‍റെ മുന്‍പില്‍ അര്‍പ്പിക്കാന്‍, കര്‍ത്താവേ കൃപ നല്‍കേണമേ.

തിരുവചനം: മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും. (1 സാമുവല്‍ 16:7)

സുകൃതജപം: വിനയശീലത്തിന്‍റെ മാതൃകയായ ഈശോയുടെ തിരുഹൃദയമേ, എനിക്ക് വിനയശീലം തന്നരുളണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.