നിങ്ങൾ ഭാവിയിലെ നായകന്മാരാണെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ ലോകത്ത് സമാധാനപരവും മെച്ചപ്പെട്ടതുമായ നല്ല നാളെയുടെ നിർമ്മാതാക്കളാകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ച് ഇറ്റലിയിലെ ‘സ്കൂൾ ഫോർ പീസിലെ’ 6,000 ത്തോളം വരുന്ന വിദ്യാർഥികളും യുവജനങ്ങളും അധ്യാപകരുമായി ഏപ്രിൽ 19 ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

” യുദ്ധക്കെടുതിയിൽ കഴിയുന്ന കുട്ടികളെക്കുറിച്ച് ചിന്തിക്കുക. എങ്ങനെ പുഞ്ചിരിക്കണമെന്ന് പോലും മറന്നുപോയ ഉക്രൈനിയൻ കുട്ടികളെക്കുറിച്ച് ചിന്തിക്കുക. അവർക്കായി പ്രാർത്ഥിക്കുക. ഇപ്പോഴും യുദ്ധം തുടരുന്ന നമ്മുടെ ലോകത്ത് ഭാവിയിലെ കാഴ്ചക്കാരാകാനല്ല സമാധാനത്തിന്റെ നായകന്മാരാകാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു” പാപ്പ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ഗാസയിൽ മെഷീൻ ഗണ്ണിനു കീഴിൽ ക്ലേശിക്കുന്ന സമപ്രായക്കാരെ ഓർക്കാനും അവർക്കായി ഒരു നിമിഷം നിശബ്ദമായി പ്രാർഥിക്കാനും മാർപാപ്പ യുവജനങ്ങളെ ക്ഷണിച്ചിരുന്നു.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക – സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെക്കുറിച്ചും മാർപാപ്പ തന്റെ കൂടിക്കാഴ്ചയിൽ പരാമർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.