പിതാവിന്റെ ഹിതം പൂർത്തീകരിച്ച തിരുഹൃദയം

ഹൃദയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക സ്‌നേഹത്തിന്റെ രൂപവും ഭാവവുമാണ്. എന്നാല്‍ യേശുവിന്റെ ഹൃദയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമുക്കു മുമ്പില്‍ തെളിഞ്ഞുനില്‍ക്കുക കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട്, സ്‌നേഹത്താല്‍ ജ്വലിച്ച് സകല പുണ്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന മാധുര്യമായ ഒരു ഹൃദയമാണ്. സ്‌നേഹത്തിന്റെ വറ്റാത്ത ഉറവയായ യേശുവിന്റെ ഹൃദയത്തിലേയ്ക്ക് നോക്കി പഠിക്കാം.

തിരുവചനത്തില്‍ യേശുവിന്റെ ഹൃദയത്തിന്റെ പ്രത്യേകതകള്‍

ജറുസലേം ദൈവാലയത്തില്‍ തങ്ങിയ ബാലനായ യേശു തന്റെ മാതാപിതാക്കളോട് ഇപ്രകാരം ചോദിക്കുന്നുണ്ട്: “ഞാന്‍ എന്റെ പിതാവിന്റെ കാര്യത്തില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?” (ലൂക്കാ 2:49). ചെറുപ്പം മുതല്‍ പിതാവില്‍ ഹൃദയം കേന്ദ്രീകരിച്ച് പിതാവിന്റെ കാര്യങ്ങള്‍ നിറവേറ്റുവാന്‍ ശ്രദ്ധ കാണിക്കുന്ന, താല്‍പര്യം പ്രകടിപ്പിക്കുന്ന യേശു. “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹ. 4:31). ഈ തിരുവചനത്തില്‍ വ്യക്തമാണ് യേശുവിന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന്. യേശുവിന്റെ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവും ജീവിതം തന്നെയും പിതാവിന്റെ ഇഷ്ടത്തിനു മുന്നില്‍ അടിയറ വച്ചതായിരുന്നു. യേശുവിന്റെ ഹൃദയം എപ്പോഴും പിതാവിന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്ന് ഇരുന്നതായിരുന്നു.

ഈ ലോകത്തിലെ സകല സുഖസൗകര്യങ്ങളും ലോകം തന്നെയും യേശുവിന്റെ മുമ്പില്‍ നിരത്തി പിശാച് അവനെ മരുഭൂമിയില്‍ പരീക്ഷിച്ചപ്പോള്‍ അതെല്ലാം നിഷ്പ്രയാസം അതിജീവിക്കുവാന്‍ സാധിച്ചത് യേശുവിന്റെ പിതാവിന്റെ ഹിതത്തോടുള്ള വിധേയത്വമായിരുന്നു. ഈ ലോകത്തിലെ ഒരു ശക്തിക്കും സ്വാധീനത്തിനും യേശുവിന്റെ ഹൃദയത്തെ വിഭജിക്കുവാന്‍ സാധിക്കുകയില്ല എന്ന് വി. ലൂക്കായുടെ സുവിശേഷം 4-ാം അദ്ധ്യായം ഒന്ന് മുതല്‍ 13 വരെയുള്ള വാക്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

പിതാവിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ യേശു ദൈവാലയം ശുദ്ധീകരിക്കുന്നു. തന്റെ പ്രിയപ്പെട്ട ജനത്തോടും യേശു ഓര്‍മ്മിപ്പിക്കുന്നു: “എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്” (യോഹ. 3:16). പിതാവായ ദൈവത്തിന് യേശു തന്റെ ഹൃദയത്തില്‍ കൊടുത്ത സ്ഥാനവും തന്റെ ഹൃദയം പിതാവില്‍ മാത്രം ഊന്നിനില്‍ക്കുന്നതാണെന്നും യേശു ഇവിടെ സ്പഷ്ടമായി പ്രഖ്യാപിക്കുന്നു.

തന്റെ ഈ ഭൂമിയിലെ ജീവന്റെ അവസാന മണിക്കൂറിലും ചങ്ക് പിടഞ്ഞ് രക്തം വാര്‍ന്ന് അവിടുന്ന് പ്രാര്‍ത്ഥിക്കുന്നത് പിതാവിന്റെ ഇഷ്ടം, അവിടുത്തെ ഹിതം നിറവേറ്റാനായുള്ള ശക്തിക്കായിട്ടാണ് (ലൂക്കാ 22:42). കുരിശില്‍ തന്റെ ജീവന്‍ പിരിയാന്‍ പോകുന്ന അവസാന നിമിഷം പിതാവിന്റെ കരങ്ങളില്‍ തന്റെ ജീവനെ, ആത്മാവിനെ സമര്‍പ്പിക്കുകയായിരുന്നു. യേശുവിന് തന്റെ ജീവിതത്തില്‍ പിതാവിന്റേതല്ലാത്ത ഒരു ചിന്തയും പ്രവര്‍ത്തിയും ഇല്ലായിരുന്നു. തന്റെ ചുറ്റും ജനങ്ങള്‍ കൂടിനിന്നപ്പോള്‍ യേശു അവരെയും ഓര്‍മ്മിപ്പിച്ചത് ‘ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ അമ്മയും സഹോദരനും സഹോദരിയും’ (മര്‍ക്കോ. 3:35) എന്നാണ്. വിഭജിക്കപ്പെടാത്ത ഹൃദയം തന്റെ മക്കള്‍ക്കും ഉണ്ടാകണമെന്ന് ആഗ്രഹിച്ച് തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചതും ഇപ്രകാരമാണ് ‘അങ്ങയുടെ തിരുഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ’ എന്ന്.

ഇന്നത്തെ ആധുനിക കാലഘട്ടത്തില്‍ സ്‌നേഹവും കാരുണ്യവും വാത്സല്യവും അനുകമ്പയുമെല്ലാം മാഞ്ഞുപോയിരിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും അധികാരങ്ങള്‍ക്കുമായി നെട്ടോട്ടമോടുന്നു. സ്വാര്‍ത്ഥത നിറഞ്ഞ ഹൃദയത്തിന്റെ ഉടമകളായിത്തീര്‍ന്ന മനുഷ്യര്‍ക്ക് ആരെയും ഒന്നു നോക്കുവാനോ കരുണ കാണിക്കുവാനോ പുഞ്ചിരിക്കുവാനോ സമയം ഇല്ലാതായിരിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ പലതിനും പിന്നാലെ പാഞ്ഞ് വിഭജിതമായിത്തീര്‍ന്ന് കുടുംബ ബന്ധങ്ങളും സഹോദരബന്ധങ്ങളും തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. അതുകൊണ്ടാവാം മദര്‍ തെരേസ ഇങ്ങനെ പറഞ്ഞുവച്ചത്: “അപ്പത്തിനു വേണ്ടിയുള്ള വിശപ്പ് നീക്കുന്നതിനേക്കാള്‍ സ്‌നേഹത്തിനു വേണ്ടിയുള്ള വിശപ്പ് നീക്കുവാന്‍ വളരെ പ്രയാസമാണ്” എന്ന്.

സ്‌നേഹമുള്ളവരേ, ഈ തിരുഹൃദയ മാസത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ഈശോയുടെ ഹൃദയസ്നേഹത്തെ അനുഭവിച്ചറിയാം. അഭിവിഭജിതമായ ഹൃദയത്തോടെ എല്ലാവരെയും സ്‌നേഹിക്കാം. ലോകത്തിന് സ്‌നേഹത്തിന്റെ ദീപ്തനാളമായി മാറുവാന്‍ പരിശ്രമിക്കാം.

സി. പ്രിൻസി കുന്നേൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.