ഇന്തോനേഷ്യയിൽ ജപമാല പ്രാർഥന നയിച്ച കത്തോലിക്കാ വിദ്യാർഥികൾക്കുനേരെ ആക്രമണം

ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്തയ്ക്കു സമീപമുള്ള റസിഡൻഷ്യൽ ഏരിയയിൽ ഭവനങ്ങൾതോറും നടത്തിവരുന്ന ജപമാല പ്രാർഥന നയിച്ചിരുന്ന കത്തോലിക്കാ വിദ്യാർഥികൾക്കു നേരെ ആക്രമണം നടത്തി ഇസ്ലാമികവിശ്വാസികൾ. പരമ്പരാഗതമായി മെയ് അഞ്ചിനു നടത്തിവരുന്ന ജപമാല ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം നടന്നത്.

സൗത്ത് ടാൻഗെരാങ് നഗരത്തിലെ പാമുലാംഗ് സർവകലാശാലയിലെ 12 കത്തോലിക്കാ വിദ്യാർഥികളായിരുന്നു ജപമാലയജ്ഞത്തിൽ പങ്കെടുത്തിരുന്നത്. ആക്രമണത്തിൽ രണ്ടു വിദ്യാർഥിനികൾക്കു പരിക്കേറ്റു. “വീട്ടിൽ ആരാധന നടത്തരുത്, പള്ളിയിൽ വച്ചാണ് ആരാധന നടത്തേണ്ടത്. നിങ്ങൾക്ക് പ്രാർഥിക്കണമെങ്കിൽ, ഞങ്ങൾ മുസ്ലീങ്ങൾ പള്ളിയിൽ ആരാധിക്കുന്നതുപോലെ പള്ളിയിൽ പോകുക” എന്നുപറഞ്ഞാണ് തങ്ങളെ ആക്രമിച്ചതെന്ന് ഒരു വിദ്യാർഥി പങ്കുവച്ചു.

മുസ്ലീങ്ങൾ കൂടുതലുള്ള ഇന്തോനേഷ്യയിൽ മതന്യൂനപക്ഷങ്ങളുടെ പ്രാർഥനായജ്ഞങ്ങൾ പലപ്പോഴും തടസ്സപ്പെടാറുണ്ട്. മെയ് ആറാം തീയതിയോടെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങൾ കേസ് അന്വേഷിക്കുകയാണെന്നും പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കൾ ഉൾപ്പെടെ സംഭവത്തിനു കരണക്കാരായവരെ കണ്ടെത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗത്ത് ടാൻഗെരാംഗ് പൊലീസ് വക്താവ് അൽവിനോ കാഹ്യാദി പറഞ്ഞു.

ഇന്തോനേഷ്യയിൽ പരമ്പരാഗതമായി മെയ്, ഒക്ടോബർ മാസങ്ങളിൽ വീടുകൾതോറും കയറി ജപമാലപ്രാർഥനകൾ നടത്തുന്ന പതിവുണ്ട്. “പ്രാർഥിക്കുന്നവരെ ശല്യപ്പെടുത്തുന്ന ആളുകൾ ഒരു ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്തോനേഷ്യയെ നശിപ്പിക്കുകയാണ്” – വിദ്യാർഥികളെ രക്ഷിക്കാൻ സഹായിച്ച മുസ്ലീങ്ങളോട് നന്ദിപറഞ്ഞുകൊണ്ട് ഹർദും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.