തിരുസഭയിലെ ഭോഷത്തം!!!

റോസിന പീറ്റി

റോസിന പീറ്റി

ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസഭയെ നന്നാക്കുവാന്‍ നിരീശ്വരവാദികളും ക്രൈസ്തവ നാമധാരികളായ മത വിദ്വേഷികളും ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന കാലമാണല്ലോ ഇത്. വചനത്തെ വളച്ചൊടിച്ചും തനിക്കുതകുന്നവിധം മാത്രം ബൈബിളില്‍ നിന്നും വചനം ഉദ്ധരിച്ചും സ്വന്തം വിഴുപ്പുകള്‍ ന്യായീകരിക്കുവാന്‍ ഇക്കൂട്ടര്‍ അശ്രാന്തപരിശ്രമം നടത്തുകയാണ്. ക്രിസ്തുവിനെ പരീക്ഷിക്കാന്‍ സാത്താന്‍ വചനം ഉപയോഗിച്ചത് പോലെയുണ്ട് ഇക്കൂട്ടരുടെ വചന വ്യാഖ്യാനം!!

ദൈവത്തെ പോലും സാത്താന്‍ പരീക്ഷിച്ചത് വചനം ഉപയോഗിച്ചാണ് എന്ന കാര്യം മറക്കരുത്. സുവിശേഷത്തിലെ ക്രിസ്തുവിനെ അറിയണമെങ്കില്‍ ഉല്‍പ്പത്തിമുതല്‍ പുറപ്പാട് വരെയുള്ള ക്രിസ്തുവിന്റെ ജീവിതം മനനം ചെയ്യണം. കര്‍ത്താവിന്റെ മണവാട്ടിയുടെ വേഷം ധരിച്ച് അവന് എതിര്‍ സാക്ഷ്യം നല്‍കുന്നത് ഒരിക്കലും പൊറുക്കപ്പെടും എന്ന് തോന്നുന്നില്ല. ക്രിസ്തുവിന്റെ ഭവനത്തില്‍ നിന്നുകൊണ്ടുതന്നെ സ്വന്തം സഭയെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നവര്‍, ജീവിതകാലം മുഴുവന്‍ കൂടെ ആയിരിക്കുകയും അപ്പമായി സ്വയം മുറിച്ചു നല്‍കുകയും ചെയ്തവനെ ഒറ്റരാത്രികൊണ്ട് ചുംബനത്താല്‍ ഒറ്റു കൊടുത്തവനില്‍ നിന്നും ഒട്ടും പിന്നിലല്ല.

ക്രിസ്തുവിന്റെ സ്വഭാവം എന്തായിരുന്നു? കരുണ, കനിവ്, ഇടയന്‍, സ്‌നേഹം, സമാധാനം, തോളിലേറ്റുന്നവന്‍, സൗഖ്യ ദായകന്‍, തലചായ്ക്കാന്‍ ഇടമില്ലാത്തവന്‍, ഒറ്റുകാരനില്‍പ്പോലും സ്‌നേഹം ചൊരിഞ്ഞവന്‍, മുറിവേറ്റവന്‍ എന്നിങ്ങനെയാണ് അവന്റെ പര്യായങ്ങള്‍. അവനെ അനുഗമിക്കുന്നവര്‍ ഈ സ്വഭാവം ഉള്‍ക്കൊണ്ടെ പറ്റൂ. അല്ലാത്തവര്‍ വെറും വിഡ്ഢി വേഷം കെട്ടിയവര്‍ ആയി ഗണിക്കപ്പെടും. സന്യസ്തരും, പുരോഹിതരും, കൂദാശകളും തലങ്ങുംവിലങ്ങും വഴിയോരങ്ങളില്‍ പോലും ആക്രമിക്കപ്പെടുകയാണ്. ഒരുവന്‍ അന്വേഷിക്കുന്നതാണ് അവന്‍ കണ്ടെത്തുന്നത്. വേശ്യാലയങ്ങളുടെ പടി കയറിയിറങ്ങിയിട്ടുള്ളവന്‍ സ്ത്രീകള്‍ ഒരുമിച്ചു കൂടുന്നതെല്ലാം അതാണോ എന്ന് സംശയിച്ചു പോകുന്നതില്‍ അതിശയിക്കാനില്ല. ക്രിസ്തുവിനെയൊ, സഭാ സംവിധാനങ്ങളെയൊ, കൂദാശകളെയോ അംഗീകരിക്കാത്തവന്‍ സഭാ മക്കള്‍ക്ക് ഉപദേശം നല്‍കുന്നു! വളരെ വിചിത്രമായ കാലമായി ലോകം മാറിക്കൊണ്ടിരിക്കുകയാണ്.

അറിവില്ലായ്മയുടെ ബാല്യകാലങ്ങളില്‍ ടിവി സ്‌ക്രീനില്‍ വരുന്നതൊക്കെ സത്യമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇവയൊക്കെ എന്തേ വിദ്വേഷം വിളമ്പുന്ന വിഷ സ്‌ക്രീനുകള്‍ ആയി നമ്മുടെ കുടുംബത്ത് കടന്നുകയറുന്നത്. സന്യസ്തര്‍ക്ക് സ്വന്തം ജീവിതം ധ്യാന വിഷയമാക്കാന്‍ കിട്ടുന്ന അവസരമാണിത്. ക്രിസ്തുവിനെ ഫോക്കസ് ചെയ്യുന്ന ഒരോ വ്യക്തിയും മുന്നോട്ടു നീങ്ങാനുള്ള എനര്‍ജി സംഭരിച്ചുകഴിഞ്ഞു. അവര്‍ ആരുടെ ഉച്ചഭാഷിണിയിലും തളര്‍ന്നു പോകുന്നില്ല. അവരുടെ ആശ്രയം ക്രൂശിതന്‍ മാത്രമാണ്.

ഇരുട്ടത്ത് ഇരുന്ന് കൊഞ്ഞനം കാട്ടുന്നവരെ ഇരുട്ടില്‍ തപ്പുന്നവര്‍ മാത്രമേ വന്ന് തട്ടുകയുള്ളൂ. വെളിച്ചത്ത് നടക്കുന്നവര്‍ തടസ്സങ്ങള്‍ തിരിച്ചറിയും. പ്രാര്‍ത്ഥനയില്‍ ആത്മശോധന ചെയ്യുന്നവര്‍, ഒഴുകുന്ന പുഴയില്‍ മാലിന്യം ഏശാത്ത പോലെ വെടിപ്പായും തെളിമയാര്‍ന്നും കാണപ്പെടും. പ്രാര്‍ത്ഥന കുറയുമ്പോള്‍ ചെളി അടിഞ്ഞു കൂടുന്ന പോലെ അപകര്‍ഷതയും അധികാരമോഹവും ധനാകര്‍ഷണവും കടന്നുകൂടും. സ്വന്തം ടൈറ്റിലും പരിസരവും പോലും മറന്ന് അവര്‍ ഉച്ചഭാഷിണികള്‍ ആയി മാറും.

ദൈവപിതാവിന്റെ ഹിതം പുത്രനായ ക്രിസ്തുവിന് ഭോഷത്വം ആയി തോന്നിയിരുന്നെങ്കില്‍ മാനവകുലം രക്ഷയുടെ തീരം കാണുമായിരുന്നോ? അന്ന് ഈ മാധ്യമവിചാരണ ഉണ്ടായിരുന്നെങ്കില്‍ പിതാവായ ദൈവത്തെ എത്ര അധികമായി വിചാരണയുടെ മുള്‍മുനയില്‍ നിര്‍ത്തിയേനെ? ത്രിത്വൈക സംവിധാനത്തില്‍ തന്നെ മാറ്റം വരുത്തുവാന്‍ ഇക്കൂട്ടര്‍ തയ്യാറാകുമായിരുന്നു. പിലാത്തോസിന്റെ മുന്‍പില്‍ മൗനമായി നിന്ന ക്രിസ്തുവിനെ ഭോഷന്‍ എന്ന് ലോകം കുറ്റപ്പെടുത്തിയതില്‍ അതിശയിക്കാനൊന്നുമില്ല. തളര്‍ന്നു പോകാന്‍ അല്ല ചിറകടിച്ച് ഉയരാനുള്ള ക്ഷണം ആണ് ഇത്. ഓരോ ക്രൈസ്തവനും സന്യാസ സഹോദരങ്ങളും തങ്ങളുടെ മാറ്റ് തെളിയിക്കേണ്ട അവസരം.

പുരോഹിതരോ സന്യസ്തരോ നോക്കുകുത്തികള്‍ ഒന്നും അല്ല കേട്ടോ. പ്രഭാതത്തില്‍ സക്രാരിയുടെ മുന്‍പില്‍ മണിക്കൂറുകള്‍ കരങ്ങള്‍ വിരിച്ച് ഇടവകയ്ക്കും ഇടറിപ്പോയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന വൈദികനെ എനിക്കറിയാം. സ്വന്തം ഇടവകയില്‍ ഒരാള്‍ മരിച്ചാല്‍ അവരില്‍ ഒരാളെ പോലെ ഉപവസിച്ച് അവരുടെ കൂടെ ആയിരിക്കുന്ന വൈദികനെ എനിക്കറിയാം. വൃദ്ധസദനങ്ങളില്‍ മാന്യന്മാര്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കളെ പകലന്തിയോളം നോക്കി, അവര്‍ക്കുവേണ്ടി സെമിത്തേരിയില്‍ ഇറങ്ങി ശവകുടീരങ്ങള്‍ തീര്‍ത്തു പ്രാര്‍ത്ഥനയോടെ അവരെ യാത്രയാകുന്ന യുവ വൈദികരെ എനിക്കറിയാം.

ആഫ്രിക്കയില്‍, വിശപ്പടക്കാന്‍ പാടുപെടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി യാചകനായി മാറുന്ന വിശുദ്ധ വൈദികരെ എനിക്കറിയാം. വിശപ്പും ദാഹവും മറന്നു രോഗികളെ രാവും പകലും ശുശ്രൂഷിക്കുന്ന എത്രയോ വിശുദ്ധരായ സന്യസ്തര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ക്രിസ്തുവിന്റെ തിരുനിണത്താല്‍ മുദ്രിതമാണ് തിരുസഭ. അത് തള്ളിമറിക്കാന്‍ ശ്രമിക്കുന്നത് മുള്ളാണിയില്‍ തൊഴിക്കുന്നതു പോലെ ഇരിക്കും. വീടും കൂടും വിട്ടു ദൈവജനത്തിനായ് ഇറങ്ങിപ്പോന്നവര്‍ക്കു തുണ ആകേണ്ടത് നമ്മുടെ പ്രാര്‍ഥനകള്‍ ആണ്. മുറിവേല്‍ക്കുന്ന സഭയില്‍ നിന്ന് ക്രിസ്തു ഇന്നും ചോദിക്കുന്നു ‘നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു.’

റോസിന പീറ്റി