ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തിലുള്ള ജപമാല പ്രാര്‍ത്ഥന ഇന്ന്

ലോകത്തെ മുഴുവന്‍ പിടികൂടിയിരിക്കുന്ന കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ പരിശുദ്ധ മറിയത്തിന്റെ സഹായം തേടി ഫ്രാന്‍സിസ് പാപ്പാ നടത്തുന്ന ജപമാല പ്രാര്‍ത്ഥന ഇന്ന്. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ് ഗ്രോട്ടോയില്‍ വച്ചാണ് ഫ്രാന്‍സിസ് പാപ്പ പ്രത്യേകം ജപമാല അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നത്. സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജപമാല അര്‍പ്പണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ചേര്‍ന്നുനിന്നു കൊണ്ട്, പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാര്‍ത്ഥിക്കുകയാണ് വിശേഷാല്‍ ജപമാല അര്‍പ്പണത്തിലൂടെ പാപ്പ ഉദ്ദേശിക്കുന്നത്. വത്തിക്കാന്‍ സമയം വൈകിട്ട് 5.30-നാണ് (ഇന്ത്യന്‍ സമയം രാത്രി 9 മണി) ജപമാല അര്‍പ്പണം നടക്കുക. ലോകമെങ്ങുമുള്ള പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും ഇതേസമയം പാപ്പയ്‌ക്കൊപ്പം ജപമാലയില്‍ അണിചേരും.

വിശ്വാസീ സമൂഹത്തിന് ജപമാല അര്‍പ്പണത്തില്‍ പങ്കുചേരാന്‍ വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ തത്‌സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. പാപ്പയോടു ചേര്‍ന്ന് മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോര്‍ച്ചുഗലിലെ ഫാത്തിമ, ഫ്രാന്‍സിലെ ലൂര്‍ദ്ദ് എന്നിവിടങ്ങളിലും മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളായ അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ഇറ്റലിയിലെ സാന്‍ ജിയോവാനി, തുടങ്ങീ നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പങ്കുചേരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.