ജപമാലഭക്തി ഒക്‌ടോബറിന്റെ ആവേശം!

”അനുഗ്രഹങ്ങളുടെ ധനമാണ് ജപമാല”  പോള്‍ അഞ്ചാമന്‍ പാപ്പാ

പരിശുദ്ധ മറിയത്തോടുള്ള ഭക്തിയും ജപമാലയര്‍പ്പണവുമൊക്കെ വര്‍ധിക്കുന്നുണ്ടെങ്കിലും ജപമാല ചൊല്ലുന്നത് എന്തിനെന്നോ എങ്ങിനെയെന്നോപോലും അറിയാത്തവരുടെ എണ്ണവും ഇന്ന് അനുദിനം വര്‍ധിച്ചുവരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തെയും മറച്ചുവയ്ക്കാനാവില്ല. ജപമാല ഒക്‌ടോബര്‍ മാസത്തിന്റെ ഒരാവേശമാണിന്ന്. ദശദിന ജപമാലയജ്ഞങ്ങളും അഖണ്ഡജപമാല സമര്‍പ്പണങ്ങളുംകൊണ്ടെല്ലാം ഒക്‌ടോബര്‍ സമ്പന്നമാണ്. പക്ഷേ ഇതൊക്കെ യഥാര്‍ത്ഥ ഭക്തിയും വിശ്വാസവും പ്രകടിപ്പിച്ചുകൊണ്ടുതന്നെയാണോ അതോ ഒക്‌ടോബറിനെ പരിപൂരിതമാക്കുന്നതിനുള്ള ‘വഴിപാടുകള്‍’ മാത്രമാണോ?

തേന്‍ നുകരാനായി ഒരു പൂവിനുചുറ്റും തേനീച്ചകള്‍ പറന്നെത്തുന്നതു കണക്കേ എത്ര ജപമാല ചൊല്ലിയാലും മതിവരാതെ ക്രൈസ്തവര്‍ മുഴുവന്‍ മറിയത്തിനുചുറ്റും ഓടിക്കൂടുന്നത് ഒക്‌ടോബര്‍ മാസത്തിലാണ്. ഇത് ഒരു പ്രത്യേകത തന്നെയാണ്. കര്‍ത്താവിന്റെ ശിഷ്യത്വം ഏറ്റം മനോഹരമായി ആവിഷ്‌ക്കരിച്ച മാതൃകയാണ് മറിയമെന്ന് ഓരോ ജപമാലയര്‍പ്പണത്തിലൂടെയും നാം ഏറ്റുപറയുന്നവരാണ്. ”ഇതാ നിന്റെ അമ്മയും സഹോദരങ്ങളും നിന്നെ കാത്തുനില്‍ക്കുന്നു” എന്ന് ജനക്കൂട്ടം പറഞ്ഞപ്പോഴും ”നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ പയോധരങ്ങളും ഭാഗ്യമുള്ളവ” എന്ന് പറഞ്ഞപ്പോഴും അവിടുന്ന് നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ”ദൈവവചനം അനുസരിച്ച് ജീവിക്കുന്നവരാണ് എന്റെ അമ്മയും സഹോദരങ്ങളും” എന്നാണ്. ഇതിലൂടെ തന്റെ അമ്മയായ മറിയത്തെ സുവിശേഷ ശിഷ്യത്വത്തിന്റെ അളവുകോലായി അവിടുന്ന് നിശ്ചയിച്ചു തരുകയായിരുന്നു.

കേരളക്രൈസ്തവര്‍ ഒക്‌ടോബര്‍ മാസത്തില്‍ പ്രകടമാക്കുന്ന മാതൃഭക്തി കേവലം ഒരു വികാരപ്രകടനമായി തരംതാഴാതെ ശ്രദ്ധിക്കേണ്ടതാണ്. കാരണം, അത്തരത്തിലുള്ള വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി അനുഭവപ്പെടുന്നുള്ളുവെങ്കിലും അവയെ പെരുമയോടെ പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളും പന്തക്കുസ്താവിഭാഗങ്ങളും പൊലിപ്പിച്ചുകാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് മേല്‍സൂചിപ്പിച്ച യേശു വചനങ്ങള്‍. അതിനാല്‍ നാം നടന്നു തീര്‍ക്കേണ്ട വഴികളെക്കുറിച്ചുള്ള ഒരോര്‍മ്മപ്പെടുത്തലായി മരിയഭക്തിയെ മാറ്റണം. അതിന് മറിയത്തെപ്പോലെ വചനകേന്ദ്രീകൃതമായ ജീവിതം നയിച്ച് വിശ്വാസത്തില്‍ വേരുറക്കാന്‍ കഴിയണം.

നമ്മുടെ മരിയഭക്തിയും ജപമാല യജ്ഞങ്ങളുമൊക്കെ ഒരു തീര്‍ത്ഥാടനമാക്കി മാറ്റണം. മംഗളവാര്‍ത്തയ്ക്ക് ആത്മസമര്‍പ്പണം ചെയ്ത മറിയവും ദൈവത്തെ സ്തുതിച്ച് തന്റെ വിധേയത്വം ഏറ്റുചൊല്ലിക്കൊണ്ട് ഒരു തീര്‍ത്ഥാടനം ആരംഭിക്കുകയായിരുന്നു. മലമ്പ്രദേശത്തേക്കുള്ള യാത്രയും എലിസബത്തിനൊപ്പം മൂന്നുമാസം താമസിച്ചതും ഈ തീര്‍ത്ഥാടനത്തിന്റെ നന്മനിറഞ്ഞവഴികളായിരുന്നു. മറിയത്തിന്റെ കരം പിടിച്ച് യേശുവിലേക്കുള്ള തീര്‍ത്ഥാടനമായി മാറണം നമ്മുടെ മരിയഭക്തികളെല്ലാം. ഈ മാതൃഭക്തി ആണ്ടിലൊരിക്കലുള്ള വിളവെടുപ്പുപോലെ ഒക്‌ടോബറിന്റെ മാത്രം സ്വന്തമാക്കി മാറ്റരുത്. എല്ലാ മാസങ്ങളും മരിയന്‍ തീര്‍ത്ഥാടനത്തിന്റെ, ജപമാല ധ്യാനത്തിന്റെ നാളുകളാക്കി മാറ്റണം. അല്ലെങ്കില്‍ നമ്മുടെ ജപമാലഭക്തി വഴിയരികിലും പാറപ്പുറത്തും മുള്‍പ്പടര്‍പ്പുകള്‍ക്കിടയിലും വീണ വിത്തുകള്‍ക്ക് സമാനമായിപ്പോകും. കൊന്ത കരങ്ങളിലും കഴുത്തിലുമണിഞ്ഞ് നന്മനിറഞ്ഞ മറിയത്തെക്കുറിച്ചുള്ള അധരവ്യായാമായി ജപമാലയര്‍പ്പണം അധഃപതിച്ചുപോകരുത്. നമ്മുടെ ജപമാല പ്രാര്‍ത്ഥനകള്‍. ഒക്‌ടോബറിന്റെ മാത്രം ആവേശമാക്കി മാറ്റരുത്. ഒക്‌ടോബറിനെ ഒരു തിരിച്ചറിവിന്റെ മാസമാക്കി മാറ്റണം. മാതാവ് കൂടെയുള്ളപ്പോള്‍ ഒന്നിനും കുറവുണ്ടാകില്ലെന്ന തിരിച്ചറിവ്. ഈ ലോകത്തില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ പ്രബലപ്പെടുന്ന എല്ലാ നാരകീയ ശക്തികള്‍ക്കുമെതിരെ ബലം നല്‍കുന്ന പരിശുദ്ധ അമ്മയിലേക്ക്, ജപമാലയിലേക്ക് മടങ്ങിവരാനുള്ള തിരിച്ചറിവ്.

തിരിച്ചറിവുകള്‍ നഷ്ടമാകുമ്പോഴാണ് ഏകാന്തതയും ഒറ്റപ്പെടലുമനുഭവപ്പെടുന്നത്. പരിശുദ്ധ മറിയം കൂടെയുണ്ടെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ ഒന്നിനും കുറവുണ്ടാകുകയില്ല. അതിനാല്‍ ഒക്‌ടോബറിനെ ജപമാലയര്‍പ്പണത്തിന്റെ ആവേശം നിറഞ്ഞ മാസമാക്കി മാത്രം നിജപ്പെടുത്താതെ തിരിഞ്ഞു നടക്കലിന്റെ ഒരു മാസമാക്കി മാറ്റണം. മാതാവില്‍ നിന്നും അകന്നു ജീവിച്ച മക്കള്‍ക്ക് തിരിച്ചുവരാനുള്ള അവസരമാക്കി മാറ്റി ജപമാലയുടെ സംരക്ഷണയിലും നിഴലിലും ജീവിക്കാനാവുന്ന സ്ഥിതിവിശേഷമുണ്ടാക്കണം. മനുഷ്യജീവിതത്തിലെ സുഖദുഃഖങ്ങള്‍, ആശനിരാശകള്‍, രോഗാരോഗ്യങ്ങള്‍, ഉയര്‍ച്ച താഴ്ചകള്‍ തുടങ്ങിയവ പരിശുദ്ധ ജപമാല രഹസ്യങ്ങളുടെ താളത്തില്‍ ലയിച്ച് ജീവിക്കാന്‍ പ്രേരകമായിത്തീരണം. വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നതുപോലെ മറിയത്തിന്, മക്കളായ നമുക്ക് നല്‍കാവുന്നതില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായ സമ്മാനം ജപമാല ചൊല്ലി കാഴ്ചവയ്ക്കുന്നതാണ്. രക്ഷാകര രഹസ്യങ്ങളുടെ ധ്യാനമായ ജപമാല ഉചിതമാംവിധം പരിശുദ്ധ അമ്മയോടൊപ്പം ധ്യാനിച്ച് അമ്മയ്ക്ക് സമ്മാനമായി നല്‍കാന്‍ കഴിയണം. അപ്പോള്‍ ക്രിസ്തുവിനെ വളര്‍ത്തിയ പരിശുദ്ധ മറിയത്തിന് തന്റെ ഭക്തരായ ഓരോരുത്തരെയും യഥാര്‍ത്ഥ ക്രിസ്ത്യാനികളാക്കി വളര്‍ത്താന്‍ കഴിയും. അതുകൊണ്ടാണ് വിശുദ്ധ അഗസ്റ്റിന്‍ ഇപ്രകാരം ഓര്‍മ്മപ്പെടുത്തുന്നത്: ”രക്ഷപെടേണ്ടവര്‍ മനുഷ്യപുത്രനോട് അനുരൂപരാകേണ്ടതിന് അവര്‍ ഈ ലോകത്തിലായിരിക്കുമ്പോള്‍ മറിയത്തിന്റെ കന്യകാ ഉദരത്തില്‍ സൂക്ഷിക്കപ്പെടുന്നു. അവര്‍ സംരക്ഷണവും സഹായവും പോഷണവും ഈ നല്ല അമ്മയില്‍ നിന്നും സ്വീകരിച്ച് അവിടെ വളരുന്നു. മരണംവരെ, നീതിമാന്മാരുടെ ജന്മദിനംവരെ അവള്‍ അവരെ സംരക്ഷിച്ച് മഹത്വത്തിലേക്കാനയിക്കും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.