ജപമാലമധുരം – ഒക്ടോബർ 31: മധുരം നിന്റെ ജീവിതം..!

മധുരം നിൻ്റെ ജീവിതം..!

ഫാ. അജോ രാമച്ചനാട്ട്

2006 – എഴുതി, 2008 – ൽ മരണാനന്തരബഹുമതിയായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂടി നേടിയ പുസ്തകമാണ് കെ. പി. അപ്പന്റെ ‘മധുരം നിന്റെ ജീവിതം.’  പരി.മറിയത്തെക്കുറിച്ചാണ്, കേവലം 76 പേജ് മാത്രമുള്ള ഈ ഗ്രന്ഥത്തിലെ 15 ലേഖനങ്ങൾ. നിർബന്ധമായും ഓരോ ക്രിസ്ത്യാനിയും വായിച്ചിരിക്കേണ്ട പുസ്തകം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ആറാമധ്യായത്തിലാണ്, മറിയത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കിടയിൽ ‘മധുരം’ എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നത്. എട്ടാം അധ്യായത്തിലും ആവർത്തനമുണ്ട്. എന്തുകൊണ്ടാവും മറിയത്തിന്റെ ജീവിതത്തെ “മധുരം” എന്ന് പദ്മനാഭൻ അപ്പൻ എന്ന ഹൈന്ദവ എഴുത്തുകാരൻ വിളിക്കുന്നത്?

മധുരവും ആനന്ദവും ലഹരിയും നിറഞ്ഞ ജീവിതമായിരുന്നു, മറിയത്തിൻ്റേത് എന്ന് ഒട്ടും കരുതാൻ വയ്യ. ജീവിതത്തിന്റെ പ്രതികൂലതകളിൽ മറിയം സൂക്ഷിച്ച ധൈര്യമാണ് അപ്പൻ അതിന്റെ കാരണമായി കണ്ടെത്തുന്നത്. “വൈരുദ്ധ്യങ്ങളുടെ രാജ്ഞി” എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്.

പ്രതികൂലതകളിൽനിന്ന് മധുരം സൃഷ്ടിക്കുക എന്നത് ധീരത തന്നെയാണ്.
ഒന്നോർത്തു നോക്കിയാൽ മറിയത്തോട് ജീവിതം കരുണ കാണിച്ച ഏതു സംഭവമാണ് ദൈവവചനത്തിൽ ഉള്ളത്? ബൈബിളിൽ പ്രത്യക്ഷപ്പെടുന്നിടത്തൊക്കെ അവൾ തച്ചുടയ്ക്കപ്പെടുന്നുണ്ട്. അവളുടെ കണ്ണീര് വീഴുന്നുണ്ട്. എന്നിട്ടും വിശ്വസ്തതകൊണ്ട് അവൾ സഹനങ്ങളിൽ നിന്ന് മാധുര്യം ഉണ്ടാക്കിയെടുക്കുകയാണ്.

ജപമാല പ്രാർത്ഥനയിലൂടെ പരിശുദ്ധ അമ്മയുടെ ചാരത്ത് ആയിരുന്നു, നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ. ഞങ്ങളുടെ ഇടവകയിൽ കൂട്ടായ്മകൾ തോറും അഖണ്ഡ ജപമാല നടക്കുകയാണ്. കഴിഞ്ഞ പതിമൂന്നാം തീയതി തുടങ്ങിവെച്ച അണമുറിയാത്ത ജപമാലപ്രാർത്ഥന ഇന്ന് സന്ധ്യയ്ക്കേ അവസാനിക്കുകയുള്ളൂ. ഒരുകാര്യം സത്യമാണ്, പരിശുദ്ധ മറിയത്തിന്റെ സാമീപ്യം തേടുന്നവർക്കൊക്കെ അതു വല്ലാതെ മധുരം ആകുന്നുണ്ട്. അമ്മയോടുള്ള സ്നേഹം ലഹരിയായി മാറുന്നുണ്ട്..

ഇനി നമ്മുടെ ജീവിതവും മധുരം ആകണം. കെ. പി. അപ്പൻ വാഴ്ത്തിയ ഈ മധുരക്കാരിയിൽ നിന്ന് നമ്മളിലേക്ക് ഈ മധുരം സാംക്രമിക്കണം. എന്റെ വാക്കിലും എന്റെ സംസാരത്തിലും എന്റെ നോട്ടത്തിലുമെല്ലാം മധുരം നിറഞ്ഞു തുടങ്ങണം. മധുരമായ ഇടപെടലുകളും മധുരം നിറഞ്ഞ വർത്തമാനങ്ങളും മാധുര്യമുള്ള ചർച്ചകളും..

കന്യാമറിയത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഒരു തവണയെങ്കിലും ജോൺ പോൾ രണ്ടാമൻ മാർപാപ്പയെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ അത് അനൗചിത്യമാകും. തികഞ്ഞ ജപമാലഭക്തനായിരുന്നു അദ്ദേഹം. ലോകത്തോടു മുഴുവൻ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ച മാർപാപ്പ 2002 ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് ജപമാലവർഷം പ്രഖ്യാപിച്ചതും ഓർക്കുന്നു. വെടിയേറ്റ് വീഴുന്ന മാർപാപ്പയെ താങ്ങിപ്പിടിക്കുന്ന ദൈവമാതാവിൻ്റെ ചിത്രം എത്ര ഹൃദയസ്പർശിയാണ് !

ഇന്നലെ രാവിലെ പരിചയമില്ലാത്ത ആരുടെയോ ഒരു ഇ-മെയിൽ. ഒരു ഡയറിക്കുറിപ്പിന്റെ ചിത്രമാണ്. നിലത്ത് വീഴാൻ പോയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും തൊട്ടിലിനെയും ഇല്ലോളം പോന്നൊരു കൊന്തച്ചരട് താങ്ങിനിർത്തിയതിൻ്റെ കഥ. ആ ചിത്രവും ഇതിനൊപ്പം അയയ്ക്കുന്നു.

ഒരുകാര്യം സത്യമാണ്, വിശ്വാസത്തോടെ – കണ്ണുനീരിന്റെ താഴ് വരയിൽ നിന്ന് മറിയത്തിൽ ശരണപ്പെടുന്ന, ജപമാലപ്രാർത്ഥന ചൊല്ലുന്ന ആരുടെയും മുമ്പിൽ ജീവിതം വല്ലാതെ വഴി മാറുന്നുണ്ട്, പ്രകൃതിനിയമങ്ങളെപോലും തോൽപ്പിച്ചു കൊണ്ട്.

വെള്ളം വീഞ്ഞായത് ഓർക്കണം സുഹൃത്തേ.
ഗർഭത്തിലെ ശിശു കുതിച്ചു ചാടുന്നത്..
ഏലീശ്വാമ്മയ്ക്ക്‌ വെളിപാട് കിട്ടുന്നത്.. കുരിശിൻ ചോട്ടിൽ വച്ച് പൊക്കിൾകൊടി ബന്ധമില്ലാതെ മറിയം യോഹന്നാന്റെ അമ്മയാകുന്നത്..
മറിയം പലയിടത്തും പ്രകൃതിയെ തോൽപിക്കുകയാണ് !

ഈയമ്മയെ ചേർത്ത് പിടിക്കുന്ന മനുഷ്യന്മാരുടെ ജീവിതം മുഴുവൻ ഇനി അദ് ഭുതങ്ങളുടെ ഘോഷയാത്രയാകട്ടെ..

അമ്മ എന്നും ജീവനിൽ മധുരമാകട്ടെ..

പ്രാർത്ഥനയോടെ,

ഫാ. അജോ രാമച്ചനാട്ട്‌