സുവിശേഷം ജീവിച്ച കടപ്ളാമറ്റംകാരന്‍ സേവ്യർ സ്വാമി 

നെഞ്ചിൽ എരിയുന്ന സ്‌നേഹവും നാവിൽ കത്തുന്ന സുവിശേഷവുമായി നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു മിഷനറി ഈ മണ്ണിൽ ചുറ്റി നടന്നു. ‘ആത്മാക്കളെ തരുക ബാക്കിയെല്ലാം എന്നിൽ നിന്ന് എടുത്തു കൊള്ളുക’ എന്നതായിരുന്നു ആപ്ത വാക്യം. അദ്ദേഹമാണ് ഇസ്താനിയാ നാട്ടിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഫ്രാൻസിസ് സേവ്യർ.

അതേ തീക്ഷ്ണതയോടെ സേലം ധർമ്മപ്പൂരി പ്രദേശങ്ങളിൽ യേശുവിനെ തേടി നടന്ന് അവരുടെ ഹൃദയങ്ങളിൽ യേശുവിനെ പ്രതിഷ്ഠിച്ച മറ്റൊരു മിഷനറി ഉണ്ട്. കേരളത്തിലെ കടപ്ളാമറ്റത്തു നിന്ന് തമിഴകത്ത് എത്തിയ കാട്ടിയംകുറ്റിയിൽ സേവ്യർ!

വിരിഞ്ഞു ചുളിവ് പാകിയ നെറ്റിത്തടവും കുഴിഞ്ഞു താണ കൺതടങ്ങളിൽ തിളങ്ങുന്ന മിഴികളും തെളിഞ്ഞ പുഞ്ചിരിയുമായി മെലിഞ്ഞുണങ്ങിയ ആ മനുഷ്യൻ ‘നടപ്പു സ്വാമി’ എന്നറിയപ്പെട്ടു. താപസോന്നതനായ ആ മിഷനറി, തോളിൽ തൂക്കിയ കോറ സഞ്ചിയും കഴുത്തിൽ ചുറ്റിയ ചേലയും കൈയിൽ വളകാലൻ കുടയും പാദങ്ങളിൽ തേഞ്ഞ ചെരുപ്പുമായി മൈലുകളും മൈലുകളും നടന്നു! തന്റെ സാനിധ്യം ആവിശ്യമുള്ളിടത്തെല്ലാം ഓടിയെത്തി. സ്വന്തം ആടുകളെ ഓരോരുത്തരെയും പേര് ചൊല്ലി വിളിച്ചു. രക്ഷയുടെ പുൽമേടുകളിൽ അവരെ മേയിച്ചു.

പട്ടിണിക്കാരും കിടപ്പുരോഗികളും വർദ്ധക്യത്താൽ ഇരുന്ന്  പോയവരും എല്ലാം ഈ മിഷ്ണറിയുടെ  സാന്നിധ്യത്തിന്റെ സ്വാന്ത്വനം  നുകർന്നു. പഠിക്കാൻ സാഹചര്യം ഇല്ലാതിരുന്ന നൂറു കണക്കിന് ബാല്യങ്ങൾക്ക് അദ്ദേഹം ആശ്രയം ആയി. ആ കൂട്ടത്തിൽ നിന്ന് വൈദികരും സമർപ്പിതരും ഉദ്യോഗസ്ഥരുമൊക്കെയായി നിരവധി പേർ ഉയർന്ന് വന്നു.

യേശു ആകുന്ന സത്യത്തിന്  ജീവിതം  കൊണ്ട് സാക്ഷ്യം വഹിച്ച ഈ മിഷനറി വിൻസെന്‍ഷ്യൻ പഞ്ചസുകൃതങ്ങളുടെ ആൾ രൂപം ആയിരുന്നു. അദ്ദേഹത്തിലെ ലാളിത്യവും സൗമ്യതയും ക്ഷമയുമെല്ലാം സവിശേഷമായിരുന്നു.  ഒരു ആവശ്യക്കാരന് കൈ നീട്ടിയാൽ തന്റെ പക്കലുള്ളത് കൊടുത്തിരിക്കും മേലും കിഴും നോക്കാതെ! 

പരാതിയോ പരിഭവമോ ആരോടുമില്ലാതെ തുച്ഛമായവ കൊണ്ട് തൃപ്തിപ്പെടുന്ന സന്തോഷപ്രദമായ ജീവിതം. അമേരിക്കൻ ഐക്യനാടുകളിൽ ജീവിക്കുന്ന സഹോദരങ്ങൾ അങ്ങോട്ടുള്ള വിസ എടുത്ത്  ക്ഷണിച്ചപ്പോൾ ഇല്ല എന്ന് തീർത്ത് പറഞ്ഞു. അതിനുള്ള തുക തന്റെ കുഞ്ഞാടുകൾക്ക് ആല പണിയുവാൻ ചോദിച്ചു വാങ്ങി. ഊരിയിൽ തീകത്തി അമർന്ന് പോയ അനേകം വീടുകൾ അങ്ങനെ പുതുക്കിപ്പണിതു. കിറി തുന്നിയ കുപ്പായം കണ്ട് വ്യസനിച്ച് അനുജൻ വാങ്ങി കൊടുത്ത ളോഹത്തുണി കൊണ്ട് കുട്ടികൾക്ക് യൂണിഫോം തയ്‌ക്കാൻ ഉപയോഗിച്ചു പോലും! മാതാപിതാക്കൻമാർക്ക് അന്ന്  കുട്ടികളെ  സ്കൂളിൽ അയക്കുന്നതിനേക്കാൾ പ്രിയം ബാലവേലക്ക് വിടുന്നതായിരുന്നു.

ഒരിക്കൽ ഒരു ഊരു നിവാസി- അച്ചന്റെ ഇടവകയിലെ ഒരാൾ-  മദ്യപിച്ച് വന്ന് വല്ലാതെ അസഭ്യം പറഞ്ഞു. അച്ചൻ അയാളെ ഗുണദോഷിച്ചു എന്നതിന്റെ പേരിൽ ആണ് ഈ തെറി വിളി ഉണ്ടായത്. അച്ചനിലെ ക്ഷമയെ  അയാളിലെ തിന്മയെ അതിശയിച്ചു നിന്നു. എന്നാൽ ശിഷ്യൻ ആയ വൈദികവിദ്യാർത്ഥിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ഇത്. ശെമ്മാശൻ ചോദിച്ചു: “ഞാൻ ഇയാളെ കൈകാര്യം ചെയ്‌തോട്ടെ?” അവനെ ഒന്നും ചെയ്യരുതെ എന്ന വിനീതമായ അഭ്യർത്ഥനയാണ് സേവ്യർ അച്ചനിൽ നിന്നുണ്ടായത്.

പിറ്റേന്ന് അച്ചൻ ടൗണിലൂടെ നടന്നു പോകുമ്പോൾ അടുത്തുള്ള കടയിൽ നിന്ന് ഒരു കശപിശ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത്  തലേ ദിവസം തന്നെ അസഭ്യം പറഞ്ഞ ആളെ തടഞ്ഞു വച്ചു ബഹളമുണ്ടാക്കുന്ന കടക്കാരനെയാണ്. വീടിലേക്ക് വേണ്ട പലചരക്ക് സാമാനങ്ങൾ എല്ലാം അളന്നു തൂക്കി വാങ്ങിയിട്ടു പണം കൊടുക്കാതവൻ  കൊണ്ടുപോകാൻ ശ്രമിച്ചു പോലും. ആ പാവത്തിന്റെ കൈയിൽ പണം ഇല്ലാത്തതു കൊണ്ട് കടം പറയുകയായിരുന്നു. സേവ്യർ അച്ചന് മനസ്സലിഞ്ഞ് ആ തുകയത്രയും സ്വന്തം കീശയിൽ നിന്ന് അദ്ദേഹം എടുത്ത് കൊടുത്തു. തികയാതെ  വന്ന ബാക്കി പത്തു രൂപ അടുത്ത ദിവസം വരുമ്പോൾ തരാമെന്ന് അദ്ദേഹം ഉറപ്പും കൊടുത്തു. എല്ലാ സാധനകളുമായി അയാളെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്ത.

വെറുപ്പിനെ സ്‌നേഹം കൊണ്ടാണ് അച്ചൻ കീഴടക്കിയത്. അതോടെ അയാൾ ദൂശീലങ്ങൾ ഉപേഷിച്ച് അച്ചന്റെ സുഹൃത്തും സഹായിയുമായി മാറി. സുവിശേഷത്തിന്റെ കാതലായ സന്ദേശം ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയിരുന്നു. “ദൈവം മനുഷ്യരുടെ തെറ്റുകൾ- പാപങ്ങൾ – അവർക്കെതിരെ പരിഗണിക്കാതെ ക്രിസ്തു വഴി ലോകത്തെ തന്നോട് രമ്യപ്പെടുത്തുകയായിരുന്നു” ( 2 കോറി. 5; 19) എന്നതത്രേ സൂവിശേഷം. ഈ സൂവിശേഷത്തിനാലാണത്രേ യേശു കുരിശുമരണത്തിന് തന്നെ തന്നെ വിട്ടു കൊടുത്തത്. ‘നിങ്ങൾ എന്റെ സാക്ഷികളാകുവിൻ’ എന്നതിന്റെ പൊരുളറിഞ്ഞവനാണ് ഈ മിഷനറി.

താൻ സ്നേഹിച്ച എളിയ മക്കളോടൊപ്പം ഉണ്ടും ഉറങ്ങിയും നാലു പതിറ്റാണ്ടിലേറെ ജീവിതം അർപ്പിച്ച  സേവ്യർ കട്ടിയംകുറ്റിയിൽ എന്ന മഹാ പ്രേഷിതൻ 85 – വയസിൽ 2016 ജൂലൈ 11 ന് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. താൻ കഠിനാദ്ധ്വാനം ചെയ്ത പ്രേഷിത ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളണം എന്ന ആഗ്രഹം ബാക്കി വച്ച് അധികാരികളുടെ താല്പര്യം പോലെ അദ്ദേഹത്തെ അടിച്ചിറയിൽ അടക്കം ചെയ്തു. അങ്ങനെ സംഭവിച്ചതിലും അദ്ദേഹം സ്വർഗ്ഗത്തിൽ ഇരുന്ന് സന്തോഷിക്കുകയെ ഉള്ളു. അത്രക്കാണ് അനുസരണം എന്ന പുണ്യം  അദ്ദേഹത്തിൽ വിളങ്ങിയിരുന്നത്.

എന്നാൽ ആ കബറിടം  അദ്ദേഹത്തിന്റെ കർമ്മ രംഗത്ത് ആയിരുന്നെങ്കിൽ ഫ്രാൻസിസ് സേവ്യറിന്റെയോ അൽഫോൻസാമ്മയുടെയോ കബറിടത്തിലെന്നപോലെ ആ വിശുദ്ധിയെ അറിഞ്ഞ ആ നാട്ടുകാർ അതും തീർത്ഥ സ്ഥാനമാക്കുമായിരുന്നു.

കട്ടിയംകുറ്റിയിൽ സേവ്യർ അച്ചന്റെ ഓർമ്മയ്ക്ക് മുന്നിൽ  പ്രണമിക്കുന്ന ഒരു വലിയ ജനാവലി പുണ്യ പുരുഷന്റെ ചിത്രം വീടുകളിലും മറ്റും പ്രതിഷ്ഠിച്ച് പ്രാർത്ഥന നടത്തി വരുന്നുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും രോഗ സൗഖ്യങ്ങളും അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.  അടിച്ചിറയിലെ നിത്യരാധനാ ചാപ്പലിനോടനുബന്ധിച്ച് അന്ത്യ വിശ്രമം കൊള്ളുന്ന ഈ പുണ്യ ശ്ലോകന്റെ മദ്ധ്യസ്ഥത നമുക്ക് തേടാം. തിരുസഭയുടെ അൾത്താരയിലേക്കുള്ള പ്രയാണ പാതയിൽ ഈ എളിയ പ്രേഷിതനെ കണ്ടെത്തിയ വിശ്വസികളോടൊപ്പം നമുക്കും ആ തീർത്ഥാടനത്തിൽ പങ്കു ചേരാം.

ഫാ. മൈക്കില്‍ പനച്ചിക്കല്‍  വി.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.