ജോലി പോലെ പ്രധാനമാണ് വിശ്രമം എന്ന് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞത് എന്തുകൊണ്ട്?

ശരാശരി ഒരാഴ്ച, 50 മണിക്കൂറെങ്കിലും  ആളുകള്‍ അദ്ധ്വാനിക്കുന്നുണ്ടെന്നാണ് പറയുന്നത്. വീട്ടുജോലി ചെയ്യുന്നവരെ ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടുമില്ല. ലോകത്തിന്റെ മിക്കയിടങ്ങളിലും ഞായറാഴ്ച എന്നത് അവധി ദിവസം പോലുമല്ല. അതുകൊണ്ടു തന്നെ വിശ്രമം എന്നത് പലരുടെയും ജീവിതത്തില്‍ നിന്ന് അകന്നുപോകുന്ന ഒരു കാര്യമാണ്.

എന്നാല്‍, ജോലി ചെയ്യുന്നതു പോലെ തന്നെ എത്രമാത്രം പ്രധാനപ്പെട്ടതാണ് വിശ്രമമെന്ന് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞുതന്നിട്ടുണ്ട്. ഉല്‍പത്തി പുസ്തകത്തില്‍ നിന്ന് ഇക്കാര്യം മനസിലാക്കാമെന്നാണ് പരിശുദ്ധ പിതാവ് പറയുന്നത്. കാരണം, ആറു ദിവസത്തെ സൃഷ്ടികര്‍മ്മത്തിനു ശേഷം ഏഴാം ദിവസം ദൈവം വിശ്രമിക്കുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ദൈവത്തെ അനുകരിക്കാനും അനുസരിക്കാനും കടപ്പെട്ടിരിക്കുന്നവരെന്ന നിലയില്‍ നാമും ഇതേ രീതിയാണ് പിഞ്ചെല്ലേണ്ടത്. അദ്ധ്വാനത്തിനു ശേഷം പ്രത്യേകിച്ച് ഞായറാഴ്ച വിശ്രമത്തിനായി നീക്കിവയ്ക്കണം – പാപ്പാ പറഞ്ഞു.

വിശ്രമിക്കാതെ ജോലി ചെയ്യാന്‍ ഒരു മനുഷ്യന് സാധിക്കുകയില്ലെന്ന് മനുഷ്യശരീരം പോലും സാക്ഷ്യപ്പെടുത്തുന്നു. ഉറക്കമാണ് അതിന് തെളിവ്. നിശ്ചിത മണിക്കൂറുകളില്‍ കൂടുതല്‍ ഉറങ്ങാതെ ചിലവഴിക്കാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല. അതുകൊണ്ട് പാപ്പാ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയുണ്ടായി, വിശ്രമമെന്നത് യുക്തമായ പ്രവര്‍ത്തിയാണെന്നും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വിശ്രമത്തിനായി മാറ്റിവയ്ക്കണമെന്നും.