ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല; വേദപാഠത്തിനും പോയിട്ടില്ല – റോസ് മരിയയുടെ വൈറൽ കുറിപ്പ്

റോസ് മരിയ (അച്ചു)

കത്തോലിക്കാ സഭയുടെയും സന്യാസത്തിന്റെയും രൂക്ഷ വിമർശകർ ‘ലേലം’ സിനിമയിലെ ഡയലോഗ് വച്ച് തങ്ങളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ റോസ് മരിയ (അച്ചു) അവരെ പൊളിച്ചടുക്കുന്നു. സിനിമയല്ല ജീവിതം. ഡയലോഗല്ല സന്യാസം! എല്ലാവരും ഓർമ്മിക്കണം…

പല സഹോദരങ്ങളും അയച്ച ആനക്കാട്ടിൽ ഈപ്പച്ചൻ കോൺട്രാക്ടറുടെ തകർപ്പൻ സംഭാഷണത്തിന്റെ വീഡിയോ കണ്ടു ബോധിച്ചു. ഉത്തരം അർഹിക്കുന്നില്ലെങ്കിലും ഉത്തരം മുട്ടിപ്പോയോ എന്ന ചോദ്യങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു ചെറിയ മറുപടി.

പല ചലച്ചിത്ര കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണല്ലോ. ചില കഥാപാത്രങ്ങൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് നന്നാവാനും നശിക്കാനും അതു മാത്രം മതിയായിരുന്നു. സിനിമ എന്നത് ഒരു വിനോദോപാധിയും നേരമ്പോക്കും മാത്രമാണെന്ന് എല്ലാവർക്കുമറിയാം. ചിലർക്ക് ആരാധനയും ആസക്തിയും നൈമിഷികമായ സംഗതികളോടാണ്. ജീവിതത്തിലെ  യാഥാര്‍ത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ വിഷമമുള്ളവരാണ് പൊതുവെ അങ്ങനെ പെരുമാറുക. ഞാൻ ഒരു സിനിമാ വിരോധിയല്ല. എന്നാൽ, അമിത താല്പര്യങ്ങളോ ആരാധനയോ ഇല്ല. ഒരു കല എന്ന നിലയിൽ ആസ്വദിക്കുന്നു, കലാകാരന്മാരെ ബഹുമാനിക്കുന്നു.

തിരികെ ഈപ്പച്ചനിലേയ്ക്കു‌ വരാം. മിക്ക സിനിമകളും വർഷങ്ങൾ കടന്നുപോകുമ്പോൾ വിസ്മൃതിയുടെ ആഴങ്ങളിലേയ്ക്ക്‌ പോകാറുണ്ട്. പക്ഷേ കഥയുടെ മൂല്യം കൊണ്ടോ, സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടതോ, പഞ്ച്  ഡയലോഗുകള്‍ ഉള്ളതോ ആയ സിനിമകള്‍ അത്ര പെട്ടെന്ന് മായാറില്ല. അനുഗ്രഹീത കലാകാരനായ ശ്രീ. സോമന്റെ അഭിനയചാരുതയാലും ശക്തമായ, പ്രാസം ഒപ്പിച്ചുള്ള, ഇടിമുഴക്കം പോലുള്ള വാചകങ്ങളാൽ മലയാള സിനിമയ്ക്ക് ധാരാളം സംഭാവനകൾ നൽകിയ ശ്രീ. രഞ്ജി പണിക്കരുടെ എഴുത്തിനാലും കാണികളെ ഒട്ടധികം രസിപ്പിച്ച, കോൾമയിർ കൊള്ളിച്ച ഭാഗം തന്നെയാണ് അത്. തർക്കമില്ല.

പിന്നെ, വ്യക്തിപരമായ ജീവിതത്തിൽ, പ്രത്യേകിച്ച് വിശ്വാസജീവിതത്തിൽ തരിമ്പും ഉത്തേജനമോ ക്ഷീണമോ ഈ സംഭാഷണശകലത്തിൽ എനിക്ക് തോന്നിയിട്ടില്ല. എന്നിരുന്നാലും ചിലരെ അത് ഒത്തിരി സ്വാധീനിക്കുന്നത് കാണുമ്പോൾ പഴയ ഒരു ചൊല്ലാണ് ഓർമ്മ വരുന്നത് -“മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങ വീണാലുള്ള അവസ്ഥ.” ഇനി എന്റെ വ്യക്തിപരമായ അഭിപ്രായം…

ഏതു ജീവിതാന്തസ്സിൽ ആണെങ്കിലും ആ ജീവിതത്തിൽ ശോഭിച്ചവരാണ് അഭിപ്രായം പറയേണ്ടത്. ഇല്ലെങ്കിൽ അത് പക്ഷപേദമോ സ്വാഭിപ്രായപ്രാധാന്യം ഉള്ളതായോ മാറും. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പല സംഭവങ്ങളും അതിന്റെ പ്രതിച്ഛായകൾ ആണ്. സന്യാസത്തെ ബഹുമാനിക്കാത്തവരെ, ആ ജീവിതത്തിൽ ഇടർച്ച വന്നവരെ സന്യാസത്തിന്റെ വക്താക്കൾ ആക്കുന്നു. ചിരിച്ചു തള്ളുകയേ നിവർത്തിയുള്ളൂ.

ഈ ഈപ്പച്ചന്റെ ഡയലോഗിന്റെ അവസാനഭാഗം ശ്രദ്ധിക്കാം – “കർത്താവിന്റെ കാര്യത്തിലും അതെ; കള്ളു കച്ചവടത്തിലും അതെ. എനിക്കൊരു മെത്രാച്ചന്റെയും ഇടനില വേണ്ട” – രഞ്ജി പണിക്കരുടെ ഈ ഡയലോഗിൽ നിന്നു തന്നെ നമ്മുടെ ഈപ്പച്ചൻ ഒരു സഭാവിരോധി (സഭയോടുള്ള വിധ്വേഷം മനസ്സിൽ വച്ച് പെരുമാറുന്ന വ്യക്തി) ആണെന്ന് മനസ്സിലാക്കാം. ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ നമ്മുടെ ഈപ്പച്ചൻ അങ്കിൾ എത്രയോ ഭേദം. മനസ്സിലുള്ള കടുത്ത വിധ്വേഷത്തിലും അസഭ്യം പറയാതെ, വ്യക്തിപരമായി ദുഷിക്കാതെ മെത്രാനച്ചൻ എന്നാണ് പറഞ്ഞിരിക്കുന്നത്.

ഇനി ഈപ്പച്ചൻ എന്ന കഥാപാത്രം അവിടെ വികാരവിക്ഷോഭത്താൽ സംസാരിച്ചതിനു കാരണം, കുഞ്ഞുമനസ്സിൽ ഏറ്റ മുറിവുകളാണെന്നും തിരക്കഥാകൃത്ത് മനസ്സിലാക്കിച്ചു തരുന്നു. ഈപ്പച്ചൻ, പ്രസ്തുത സിനിമയിൽ ഒരു സഖാവിനെതിരെയും ശക്തമായ വാചക കസർത്ത് നടത്തുന്നുണ്ട്. പക്ഷേ പണികിട്ടും എന്നറിയാവുന്നതു കൊണ്ട് അതിന് അധികം പ്രചാരം കിട്ടിയില്ല. പള്ളിക്കെതിരെ ആവുമ്പോൾ സ്വന്തം സുരക്ഷിതത്വവും ഉറപ്പാണ്, കൂടാതെ അനുകൂലിക്കാൻ ഒത്തിരിപ്പേരും കൈയടിക്കാൻ പള്ളിയുമായി ബന്ധപ്പെട്ടവരും ഉണ്ടാവും. വീറും വാശിയും കൂടാൻ മറ്റെന്തു വേണം.

കള്ളു ബിസിനസിനു കോംപ്രമൈസ് ചെയ്യാൻ അരമനയിലേയ്ക്കു വിളിപ്പിക്കുന്ന എത്ര മെത്രാന്മാരെ നിങ്ങൾക്ക് നേരിട്ടറിയാം? ഈപ്പച്ചൻ ചെറുപ്പത്തിലേ കള്ളുവാറ്റ് തുടങ്ങിയതാണ്. അന്ന് കന്യാസ്ത്രീ അമ്മമാർ നടത്തുന്ന അനാഥാലയത്തിൽ പോയിരുന്നെങ്കിൽ കഥ മാറിയേനെ. പിന്നെ ഈപ്പച്ചൻ പള്ളിക്കൂടത്തിൽ മാത്രമല്ല, പള്ളിയിലും പോയിട്ടില്ല. വേദപാഠ ക്ലാസ്സുകളിൽ പോയിട്ടില്ല. ഇന്നത്തെ സഭാവിരോധികൾ അങ്ങനെയാണോ? സഭയെ പഠിച്ച്, അറിഞ്ഞ് അനുഭവിച്ചവർ. ഒന്നും പറയാനില്ല പ്രിയപ്പെട്ടവരെ… നമോവാകം…

സിനിമയെ സിനിമയായി മാത്രം കാണുക. നമ്മുടെയിടയിൽ നല്ലതും ചീത്തയുമായ പല ശീലങ്ങളും കൊണ്ടുവരാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഡബിൾ മീനിംഗിൽ സംസാരിക്കാനും തെറി പറയുന്നത് സംഭവമായി കാണാനും നമ്മുടെ സമൂഹത്തെ ഒരു പരിധി വരെ സ്വാധീനിച്ചത് സിനിമയാണ്. കൂടുതൽ കളിച്ചാൽ 3 മൂന്ന് മാസം കഴിയുമ്പോൾ പച്ചമാങ്ങ തീറ്റിക്കും എന്ന് നായകൻ പറയുമ്പോൾ, അതിന് എന്ത് അർത്ഥമാണ് ഉള്ളതെന്ന് മനസ്സിലാവുന്നില്ല. സ്ത്രീ എന്താണെന്ന് ഒരു മിനിമം അറിവും അനുഭവവും ഉള്ളവർക്ക് ഇതു കേട്ട് ചിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

പിന്നെ അടുത്ത ഡയലോഗ് സെക്സ് ഈസ്‌ നോട്ട് എ പ്രോമിസ് – എന്നതാണോ ഇത് എഴുതിയവർ ഉദ്ദേശിച്ചത്. കുറെ പഠിച്ചതുകൊണ്ട് ഒരു കാര്യവുമില്ല, ജീവിതമൂല്യങ്ങൾ മനസ്സിലാക്കാൻ വിദ്യാഭ്യാസം വേണ്ട, വിവരം മതി. അവസാനമായി ഒരു ഉദാഹരണം കൂടി, സ്വന്തം അപ്പനെയും മറ്റൊരാളുടെ അപ്പനെയും ഒരുമിച്ചു സ്മരിക്കാനുള്ള ആപ്തവാക്യവും ഇപ്പോൾ നമ്മുടെ ഇടയിലുണ്ട്, ‘നിന്റെ അപ്പനല്ല (സിനിമയിൽ പച്ച മലയാളം ആണ്) എന്റെ അപ്പൻ.’ കൂടുതൽ പറയുന്നില്ല, ഭാഷയുടെ ശുദ്ധി വികലമായി കൊണ്ടിരിക്കുകയാണ്, വേദനിക്കുകയേ നിവർത്തിയുള്ളൂ…

അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് പറഞ്ഞാൽ നമുക്ക് വേദനിക്കണം. മാതാപിതാക്കളെ പറയുന്നതു കേൾക്കുമ്പോൾ ഉള്ളതിനേക്കാൾ ചങ്ക് നീറണം. ഒരു വിശ്വാസിയുടെ മനസ്സിൽ, പള്ളിക്ക് അമ്മയുടെ സ്ഥാനമാണ്. വിശ്വാസപരമായ കാര്യങ്ങൾ ആക്ഷേപഹാസ്യത്തിന് ഉള്ളതല്ല.

പറയാനുള്ളത് സ്വന്തം വാചകത്തിൽ, അന്തസ്സോടെ പറയുന്നതാണ് വിമർശനം. അല്ലാത്തത് വ്യക്തിത്വമില്ലാത്തവരുടെ ജൽപനങ്ങൾ. ഈ മറുപടി പോലും അർഹിക്കുന്നില്ല. അതുകൊണ്ട് ഇനി മാന്താൻ വരുന്നവർക്കായി കളയാൻ സമയമില്ല എന്നതുകൊണ്ട് മറ്റൊരു സിനിമയിലെ പദപ്രയോഗം കൊണ്ട് അറിയിക്കുന്നു “നീ പോ മോനേ ദിനേശാ.”

റോസ് മരിയ (അച്ചു)