കേഴുന്ന നിലമ്പൂരിന്റെ കണ്ണീരൊപ്പുന്നവർ 

പ്രിൻസ് പിട്ടാപ്പിള്ളിൽ

കവളപ്പാറയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, ഏത് രീതിയിലാണ് ഇവിടെ ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത് എന്നൊക്കെ നമ്മൾ അറിയേണ്ടതുണ്ട്. അവയെക്കുറിച്ചും അവരുടെ സങ്കട ഓർമ്മകളെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും പ്രിൻസ് പിട്ടാപ്പിള്ളിൽ എഴുതുന്നു.

പതിനഞ്ചോളം ഹിറ്റാച്ചികളാണ് കവളപ്പാറയിൽ തിരച്ചിൽ നടത്തിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറത്തിനടുത്ത് ഇരുപത്തിയേഴിലെ അൽ- ജബൽ എർത്ത് മൂവേഴ്സിലേയും പിന്നെ പ്രദേശിക എർത്ത് മൂവേഴ്സിലേയും അംഗങ്ങളാണ് ഗവൺമെന്റ് നിർദ്ദേശ പ്രകാരം ഇവിടെ ദിവസങ്ങളായി തിരച്ചിൽ നടത്തുന്നത്. കോട്ടക്കുന്നിലെ ഉരുൾപൊട്ടലിലെ അമ്മയേയും മക്കളേയും പുറത്തെടുത്തിട്ടാണ് ജബൽ ടിം തങ്ങളുടെ മാനേജർ സമീറലിയോടൊപ്പം കവളപ്പാറയിൽ എത്തിയത്. 12 ദിവസമായി ഇവരടങ്ങുന്ന തിരച്ചിൽ സംഘം 46 പേരെ ആകെ കണ്ടെടുത്തു. ഇനി പത്ത് പുരുഷൻമാരേയും മൂന്നു  പെൺകുട്ടികളേയും കണ്ടെത്താനുണ്ട്.

തമിഴ്നാട് ധർമ്മപുരം സ്വദേശി പെരുമാൾ ആറു പേരെയാണ് ഇവിടെ കണ്ടെത്തിയത്. തഞ്ചാവൂർ സ്വദേശി സുഭാഷ് , മലപ്പുറം സ്വദേശികളായ ഇയ, ശെൽവം, വിപിൻ, ഷെമീർ എന്നിവരാണ് കൂടെ ഉള്ളവർ.  വളരെ ദുർഘടമായ കാലാവസ്ഥയിൽ ചെളിനിറഞ്ഞു താണുപോകുന്ന മണ്ണിൽ ഇവർ വിശ്രമമില്ലാതെ തിരച്ചിൽ നടത്തുന്ന മറ്റു സംഘങ്ങളോടൊപ്പം പങ്കു ചേരുന്നു. മണ്ണുമാന്തി മാറ്റുവാൻ എളുപ്പമാണ്. പക്ഷേ  മണ്ണിനടിയിൽ കുരുങ്ങിക്കിടക്കുന്ന മനുഷ്യജീവനുകളെ തിരയുക എന്നത് ഏറെ പ്രയാസകരം തന്നെ. ശരീരത്തിൽ പരുക്കേൽക്കാതെ അവയെ മണ്ണുമാന്തി കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ കർമ്മമാണ്. ആഴത്തിൽ കുഴിക്കാനായി ലിവർ നിവർത്തുക എന്നതും അപകടകരമാണ്. താഴ്ന്നു പോകുന്ന ചെളിയും മറുവശത്ത്.

ഞങ്ങളുടെ അവസാനത്തെ പ്രിയപ്പെട്ടവരെ കണ്ടെടുക്കും വരെ നിങ്ങൾ ഈ ശ്രമം തുടരും എന്നുറപ്പുണ്ട്. പ്രാർത്ഥനയോടെ, കണ്ണീരോടെ, പ്രതീക്ഷയോടെ ഒരു ജനത മുഴുവൻ നിങ്ങൾക്കു മുൻപിൽ കാത്തിരിക്കുന്നു. ഒരു പക്ഷേ ഈ കുറിപ്പ് ഇവർ കാണില്ലായിരിക്കാം. എങ്കിലും ഇതു കാണുന്ന ഒരാളെങ്കിലും നിങ്ങൾക്കു കരം നൽകി നെഞ്ചോടു ചേർക്കും എന്ന് ഉറപ്പുണ്ട്. നൽകാൻ നന്ദിയല്ലാതെ വേറെ ഒന്നുമില്ല.

നമ്മുടെ മലവാരങ്ങളിൽ നിങ്ങളുടെ ഇത്തരം തിരച്ചിലുകൾ ഇനിയുള്ള കാലങ്ങളിൽ ഉണ്ടാവാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. ആംബുലൻസുകൾ മാത്രം ചീറിപ്പായുന്ന വഴികളായ് ഞങ്ങളുടെ തെരുവുകൾ മാറിയത് കാണുവാൻ വയ്യാതായി. കരമേകി തുണച്ച മലയാള മനസുകളോട് ഒരു വാക്ക്.

ഇനിയൊരു ദുരന്തം താങ്ങുവാൻ നിലമ്പൂരിന് ശക്തിയില്ല. ജാതി-മത-വർഗ്ഗ-രാഷ്ട്രീയ ചിന്തയില്ലാതെ സർവ്വരും മനുഷ്യരായി മാറുവാനാണെങ്കിൽ പോലും ഇനി ഒരു ദുരന്തം താങ്ങാൻ ഞങ്ങൾക്ക് ശേഷിയില്ല. കരമേകി കണ്ണീർ തുടയ്ക്കുന്ന മലയാള മണ്ണിന് നിലമ്പൂരിന്റെ നന്ദി. വെള്ളത്തിലും വെയിലിലും നശിക്കാത്ത നിലമ്പൂർ തേക്ക് കണ്ട് ചെറുപ്പം മുതൽ വളർന്നവരാണ് ഞങ്ങൾ. പക്ഷേ, ഞങ്ങൾ ഒരു നിമിഷം തളർന്നു പോയി.

നിറഞ്ഞു കവിഞ്ഞ ലോറികളിൽ നിങ്ങൾ നൽകുന്ന ആശ്വാസവസ്തുക്കൾക്ക് നന്ദി മാത്രം. ഭവനങ്ങൾ കഴുകി തുടയ്ക്കാനെത്തിയതോ പതിനായിരങ്ങൾ. ആരു പറഞ്ഞു നന്മയും സ്നേഹവും മനുഷ്യ മനസിൽ നിന്നും വറ്റിപ്പോയെന്ന്? ഇവരേപ്പോലെ സർവ്വതും നൽകി സഹായിച്ച മലയാള നന്മക്കു മുൻപിൽ നന്ദിയുടെ കണ്ണീർപ്പൂക്കൾ മാത്രം.

മഴയുടെ കണ്ണീർ താങ്ങുവാനാകാതെ ഞാൻ ഒഴുകിപ്പോയതാണെന്ന് ഞങ്ങളുടെ പുഴകളും പറയുന്നു. പെയ്തൊഴിഞ്ഞ മാനം നോക്കി ഞങ്ങളുടെ തലമുറ സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നു. ചെളിയിൽ താണുപോയ പാഠപുസ്തകങ്ങൾ മാറ്റി നിങ്ങൾ നൽകിയ പുത്തനുടുപ്പുകൾ അണിഞ്ഞ് ഞങ്ങളുടെ മക്കൾ സ്കൂളുകളിലേക്ക് യാത്രയാവുന്നു. മുന്നിൽ പുതിയ പ്രഭാതം. പുതിയ സ്വപ്നങ്ങൾ. കറുത്ത ഓർമ്മകൾ പോയ് മറയുന്നു. ഭീകരമായ രാത്രികൾ മാഞ്ഞു പോകുന്നു. എല്ലാം ഓർമ്മകൾ മാത്രമാകുന്നു. കൂപ്പുകരങ്ങളോടെ…

പ്രിൻസ് പിട്ടാപ്പിള്ളിൽ