കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട്

ഫാ. ജയിംസ് കൊക്കാവയലില്‍

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുമ്പാകെ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക- സാമ്പത്തിക- സാംസ്കാരിക പിന്നോക്കാവസ്ഥയെക്കുറിച്ച്, അത്മായർക്കു വേണ്ടിയുള്ള പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ സമർപ്പിക്കുന്ന റിപ്പോർട്ട്.

കണ്ടെത്തലുകൾ

1. സംസ്ഥാനത്തെ ക്രൈസ്തവരുടെ ജനസംഖ്യയുടെ അനുപാതത്തിലും എണ്ണത്തിലും വൻതോതിൽ കുറവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 2011-ലെ സെൻസസ് പ്രകാരം 18.38 % മാത്രമാണ് കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ. 2004-ലെ സെൻസസ് പ്രകാരം ഇത് 19.05 % ആയിരുന്നു.

2. ക്രൈസ്തവ യുവജനങ്ങളുടെ ഇടയിൽ തൊഴിൽരഹിതരുടെ എണ്ണം ആശങ്കാകുലമായ വിധം ഉയരുന്നു. ഇത് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ. മുക്താർ അബ്ബാസ് നഖ്വി ലോക്സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കാര്യമാണ്.

3. തൊഴിൽ തേടി പ്രവാസികളാക്കപ്പെടുന്നവരുടെ എണ്ണം ക്രൈസ്തവ യുവജനങ്ങളുടെ ഇടയിൽ വൻതോതിൽ വർദ്ധിക്കുന്നു. ഇതുമൂലം താഴെപ്പറയുന്ന വിവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

a. നിസാര ശമ്പളത്തിന് വിദേശങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന പലർക്കും രണ്ടോ അതിലധികമോ വർഷങ്ങൾ കൂടുമ്പോഴാണ് കുടുംബവുമായി ഒന്നിക്കാൻ സാധിക്കുന്നത്. ഇത് ഇത്തരം വ്യക്തികളിലും അവരുടെ കുടുംബാംഗങ്ങളിലും മാനസികവും വൈകാരികവുമായ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

b. മക്കൾ പ്രവാസികൾ ആക്കപ്പെടുന്നതു മൂലം വീടുകളിൽ തനിയെ കഴിയേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ വളരെ ദയനീയമാണ്. 2018 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിന്റെ അവസരത്തിൽ, ചെങ്ങന്നൂർ പ്രദേശത്ത് മരണമടഞ്ഞവരിൽ ഏറെപ്പേരും പരസഹായം ലഭിക്കാതെ ജീവിക്കേണ്ടി വന്ന ഇത്തരം വൃദ്ധ മാതാപിതാക്കളാണ് എന്ന കാര്യം അവരുടെ ദയനീയാവസ്ഥയ്ക്ക് ഉദാഹരണമാണ്.

c. ക്രൈസ്തവർ വൻതോതിൽ പ്രവാസികളാക്കപ്പെടുന്നതിനാൽ ഭാരതീയവും പൗരസ്ത്യവുമായ ക്രൈസ്തവ പൈതൃകവും സംസ്കാരവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് ഈ സമൂഹത്തിന്റെ സാംസ്കാരിക പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്നു.

4. തൊഴിലില്ലായ്മ മൂലം വിവാഹം നടക്കാത്തവരുടെ എണ്ണം ക്രൈസ്തവരുടെ ഇടയിൽ വളരെ കൂടുതലാണ്. സീറോ മലബാർ സഭയിൽ മാത്രം 30 വയസ്സിനു മുകളിൽ പ്രായമായിട്ടും വിവാഹം കഴിക്കാത്ത പുരുഷന്മാരുടെ എണ്ണം ഒരു ലക്ഷത്തിൽ പരമാണെന്ന് ഈയിടെ ദീപിക നടത്തിയ സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങൾ ഉളവാക്കുന്നു. ക്രൈസ്തവ സംസ്കാരത്തിന്റെ കൈമാറ്റം നടക്കേണ്ട കുടുംബങ്ങളുടെ എണ്ണം കുറയുന്നത് സമൂഹത്തെ സാംസ്കാരികമായ പിന്നോക്കാവസ്ഥയിലേയ്ക്ക് നയിക്കുന്നു.

5. ക്രൈസ്തവർ പരമ്പരാഗതമായി കാർഷിക മേഖല കൊണ്ട് ഉപജീവനം നടത്തുന്നവരാണ്. താഴെപ്പറയുന്ന ഗുരുതരമായ കാർഷിക പ്രതിസന്ധികൾ അവരെ വളരെയധികം സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആക്കിയിരിക്കുകയാണ്.

a. ആറു വർഷമായി തുടരുന്ന റബർ വിലയിടിവ്, ധാരാളം ക്രൈസ്തവ കുടുംബങ്ങളെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്. കാരണം, റബർ മേഖല ക്രൈസ്തവരുടെ പ്രധാനപ്പെട്ട ഒരു വരുമാന മാർഗ്ഗമായിരുന്നു.

b. കുടിയേറ്റ മേഖലകളിലുള്ള കർഷകർ, വന്യമൃഗങ്ങളുടെ ക്രമാതീതമായ വർദ്ധനവും ആക്രമണവും മൂലം യാതൊരുവിധ കൃഷിയും ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയിൽ വിഷമിക്കുകയാണ്.

c. മറ്റ് നാണ്യവിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിലയിടിവും ക്രൈസ്തവ കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്നു.

5. കടക്കെണിയിൽ പെട്ട് നട്ടംതിരിയുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവരെക്കുറിച്ച് താഴെ വിവരിക്കുന്നു.

a. കാർഷിക പ്രതിസന്ധികൾ മൂലം കാർഷിക വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്ന ധാരാളം കർഷകർ ക്രൈസ്തവരുടെ ഇടയിലുണ്ട്.

b. എങ്ങനെയെങ്കിലും മക്കളെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണം എന്ന ചിന്തയോടെ വിദ്യാഭ്യാസ ലോൺ എടുത്ത് അവരെ പഠിപ്പിക്കുകയും എന്നാൽ, അവർക്ക് തൊഴിൽ ലഭിക്കാതെ വരുന്നതു മൂലം കടം വീട്ടാൻ സാധിക്കാതെ വിഷമിക്കുകയും ചെയ്യുന്ന ധാരാളം ക്രൈസ്തവരുണ്ട്.

6. വിധവകളും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബ വ്യവസ്ഥിതിയിലേയ്ക്ക് ക്രൈസ്തവസമൂഹം മാറിയതിനാൽ ഇങ്ങനെയുള്ളവരെ ഉൾക്കൊള്ളുവാൻ സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ സാധിക്കാതെ വരുന്നു.

7. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ക്രൈസ്തവ സമൂഹത്തിന് കാര്യമായ അവബോധമില്ല എന്നത് വസ്തുതയാണ്. ഇപ്രകാരം ആവശ്യങ്ങൾക്കായി സമീപിച്ച പലർക്കും നിഷേധാത്മകമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത് എന്നതും ഖേദകരമാണ്.

ആവശ്യങ്ങൾ

1. മുസ്ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാൻ സച്ചാർ, പാലോളി മുഹമ്മദ് കുട്ടി കമ്മീഷനുകളെ നിയമിച്ചതു പോലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ സമുദായ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു കമ്മീഷനെ നിയമിക്കണം.

2. നിലവിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന 80:20 എന്ന അനുപാതം തികഞ്ഞ അനീതിയാണ്. ജനസംഖ്യ ആനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ നടപടി ഉണ്ടാകണം.

3. പി എസ് സി, ബാങ്ക് കോച്ചിങ്ങ്  തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രങ്ങളും, വിവിധ തൊഴിലുകൾ പരിശീലിപ്പിക്കുന്നതിനായുള്ള കേന്ദ്രങ്ങളും ക്രൈസ്തവർക്ക് അനുവദിച്ചു നൽകണം. മുസ്‌ലിം സമൂഹത്തിന് ഇപ്രകാരം 17 കേന്ദ്രങ്ങളും 40 ഉപകേന്ദ്രങ്ങളും നിലവിലുള്ളപ്പോൾ ക്രൈസ്തവ സമൂഹത്തിന് ഇത്തരത്തിൽ ഒന്നുപോലുമില്ല എന്നുള്ളത് ഖേദകരമാണ്. 2011-ലെ സെൻസസ് പ്രകാരം, ആലപ്പുഴ ജില്ലയിൽ ജനസംഖ്യയുടെ 10.55 % ശതമാനമുള്ള മുസ്ലീങ്ങൾക്ക് ഇപ്രകാരമുള്ള കേന്ദ്രം നിലവിലുള്ളപ്പോൾ 20.45 %  ഉള്ള ക്രൈസ്തവർക്ക് ഇത്തരമൊരു കേന്ദ്രത്തിനായി നൽകിയ അപേക്ഷയോട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിഷേധാത്മകമായ നിലപാട് തികച്ചും പ്രതിഷേധാർഹമാണ്.

4. ക്രൈസ്തവ യുവജനങ്ങളുടെ ഇടയിൽ സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടി ഉണ്ടാകണം. ഇതിനായി വായ്പകൾ അനുവദിച്ചു നൽകുകയും പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയും വേണം.

5. ക്രൈസ്തവ സമൂഹത്തിലെ വിധവകൾക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുമായി പ്രത്യേക പാർപ്പിട- പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കണം.

6. വിദ്യാഭ്യാസ വായ്പകളും, കാർഷിക വായ്പകളും എടുത്തിട്ട് തിരിച്ചടയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് പ്രത്യേക സഹായങ്ങൾ നൽകണം.

7. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ക്രൈസ്തവ സമൂഹത്തിൽ ബോധവൽക്കരണം നടത്താൻ കമ്മീഷൻ മുൻകൈയെടുക്കണം.

8. സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക സംവരണം എത്രയും വേഗം ക്രൈസ്തവ സമൂഹത്തിന് ഉപകാരപ്രദമാകുന്ന വിധത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ ന്യൂനപക്ഷ കമ്മീഷൻ നടപടി സ്വീകരിക്കണം.

9. ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗ്യവും അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളുമായ പരിചമുട്ടു കളി, ചവിട്ടുനാടകം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.

10. ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമായ സുറിയാനി ഭാഷയെ പരിപോഷിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.

11. മദ്രസ അധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകുന്ന മാതൃകയിൽ സൺഡേ സ്കൂൾ അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകണം.

12. മോസ്കുകളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്ന മാതൃകയിൽ ക്രിസ്ത്യൻ പള്ളികളിലെ ജീവനക്കാരായ കപ്യാർ, കണക്കൻ തുടങ്ങിയവർക്ക് ആനുകൂല്യങ്ങൾ നൽകണം.

13. ദളിത് ക്രൈസ്തവരെ SC/ ST സംവരണത്തിൽ ഉൾപ്പെടുത്തണം.

14. മണ്ഡൽ കമ്മീഷൻ OBC പട്ടികയിൽ ഉൾപ്പെടുത്തിയ “മാപ്പിള” എന്ന വിഭാഗം, എങ്ങനെ കേരള ഗവൺമെന്റിന്റെ സംവരണ പട്ടികയിൽ “മാപ്പിള അല്ലെങ്കിൽ മുസ്ലിം” എന്നായി തീരുകയും, സംവരണം മുഴുവൻ മുസ്ലീങ്ങൾക്ക് ബാധകമാവുകയും ചെയ്തു എന്നും, ഈ വിഭാഗത്തിൽ നിന്നും സെമറ്റിക് വേരുകൾ ഉളളതും പരമ്പരാഗതമായി മാപ്പിളമാർ എന്ന് എന്ന അറിയപ്പെടുന്നവരുമായ സുറിയാനി ക്രിസ്ത്യാനികൾ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നും ന്യൂനപക്ഷ കമ്മീഷൻ വ്യക്തമാക്കണം.

മാർത്തോമാ വിദ്യാനികേതനു വേണ്ടി,
ഫാ. ജയിംസ് കൊക്കാവയലിൽ (ഡീൻ ഓഫ് സ്റ്റഡീസ്)

(NB: ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിംഗുകൾ വിവിധ ജില്ലകളിൽ നടന്നു കൊണ്ടിരിക്കയാണ്. ഇതിൽ ആർക്കും നിവേദനം സമർപ്പിക്കാം. അതിനു സാധിക്കാത്തവർക്ക് kscminorities.org എന്ന വെബ്സൈറ്റിൽ കയറി ഓൺലൈൻ പെറ്റീഷൻ ആയി നിവേദനം സമർപ്പിക്കാവുന്നതാണ്).