വായിക്കാതെ പോകരുത് ഈ കുറിപ്പ് – ഒരു സന്യാസിനിയുടെ ഓർമ്മപ്പെടുത്തൽ

ജീവിതം ഇങ്ങനെയാ, ഒരോ പ്രഭാതത്തിലും അത് പുതിയതാണ്. ചില കണ്ണുകൾ മനോഹരവും സുന്ദരവുമായ കാഴ്ചകൾ കാണുമ്പോൾ ചില കണ്ണുകൾ വേദനാജനമായ കാഴ്ചകൾ കാണുന്നു. ഇത് രണ്ടും ഒരേ ദിവസം സംഭവിക്കുന്നു. ദൈവം ദാനമായി നല്‍കിയ ജീവനും ജീവിതവും സ്വന്തമായി മുതൽമുടക്ക് ഇല്ലാതെ ആവശ്യാനുസരണം ശ്വസിക്കുന്ന ജീവവായുവും തനിക്കു മാത്രം സ്വന്തമാണെന്നു കരുതിയവർ തന്നിലേക്കും തനിക്കുള്ളവരിലേക്കുമായി ഒതുങ്ങി തനിക്ക് ചുറ്റുമുള്ള അപരനിലേക്കും വേദനിക്കുന്നവരിലേക്കും മുഖം മറച്ചുപിടിച്ച് അകറ്റിനിർത്തിയപ്പോൾ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ പഠിപ്പിച്ച്, സ്വന്തം ജീവൻ നല്‍കി രക്ഷ നേടിത്തന്ന ക്രിസ്തുനാഥന്റെ നിഷ്കളങ്കസ്നേഹത്തെയാണ് നാം അവഗണിച്ചത്.

ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ മഹാമാരി എനിക്കോ നിനക്കോ മാത്രം ഒറ്റയ്ക്ക് നേരിടേണ്ടതല്ല. നമുക്ക് ഒരുമിച്ച് നേരിടേണ്ടതാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ ഭരണാധികരികളും ആരോഗ്യപ്രവർത്തകരും സ്വജീവൻ പണയം വച്ച് നമുക്കൊരുക്കുന്ന സംരക്ഷണത്തിന്റെ തണലിൽ നിന്നുകൊണ്ട്, അവരെ വിമർശിച്ച് സമയം കളയാതെ അവർക്കൊപ്പം നമുക്കും അണിനിരക്കാം. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന യേശുനാഥന്റെ വചനം നമുക്ക് ജീവിക്കാം.

അക്രമണരാഷ്ട്രിയവും അതിരു കടന്ന മതവർഗ്ഗീയതയും മനുഷ്യരെ തമ്മിൽത്തമ്മിൽ ശത്രുക്കളാക്കുമ്പോൾ നഷ്ടപ്പെടുന്നത് ഒരു പാർട്ടിക്കോ, മതത്തിനോ അല്ല; നമ്മുടെ രാജ്യത്തിനാണ്. നമ്മുടെ കുടുംബത്തിനാണ്. എന്നാൽ ഒരുമിച്ചുനിന്നാൽ നഷ്ടപ്പെട്ട കരുത്ത് നമുക്ക് നേടിയെടുക്കാൻ കഴിയും. വിവിധ മതവിശ്വാസത്തിൽ നിന്നുയരുന്ന ആത്മീയതയുടെ നന്മയും വിവിധ രാഷ്ട്രീയപാർട്ടികളുടെ ആത്മാർത്ഥമായ രാഷ്ട്രസേവനവും ഇതിലൊന്നും പെടാതെ മൗനമായി ഈ ഭൂമിയിൽ വിയർപ്പൊഴുക്കി വിവിധ മേഖലകളിൽ അദ്ധ്വാനിക്കുന്ന സുമനസ്സുകളുടെ വിയർപ്പിന്റെ ഗന്ധവും നമ്മുടെ നാട്ടിൽ എന്നും നിലനില്‍ക്കട്ടെ എന്ന് പ്രാർത്ഥിക്കാം; അതിനായി പ്രവർത്തിക്കാം. കൽഭരണിയിൽ വെള്ളം നിറച്ചാൽ അത്ഭുതമായി, മേന്മയേറിയ വീഞ്ഞാക്കാൻ കർത്താവ് നമ്മോടു കൂടെയുണ്ട്.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.