ക്രിസ്തീയസന്യാസിനികളും സന്യാസിനീമഠങ്ങളും ചുമ്മാ ഒരു പ്രസ്ഥാനമല്ല

സിസ്റ്റർ സവിത SKD

“സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവും സന്തോഷപ്രദവുമാണ്‌!” (സങ്കീര്‍ത്തനങ്ങള്‍ 133:1)

സാമുഹൃപ്രവർത്തകരെന്ന് സ്വയം നടിക്കുകയും എന്തും എവിടെയും വിളിച്ചു പറയാമെന്നും വിചാരിച്ചു വച്ചിരിക്കുന്ന ‘പ്രമുഖരോട്’ … വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുമെന്ന് കരുതിയോ?

ക്രിസ്തീയസന്യാസിനികളും സന്യാസിനീമഠങ്ങളും അങ്ങനെ ചുമ്മാ ഒരു പ്രസ്ഥാനമല്ല. സന്യാസിനീഭവനങ്ങൾ സ്നേഹവും വിശുദ്ധിയും എളിമയും നിറഞ്ഞു നിൽക്കുന്ന ഭവനങ്ങളാണ്. ഞങ്ങൾ അങ്ങനെ വെറുതെ ഒരു സുപ്രഭാതത്തിൽ മാതാപിതാക്കളുടെ നിർബന്ധത്തിന് വന്നു കയറിയവരല്ല. പക്വതയുള്ള പെൺകുട്ടികളായിത്തന്നെ ഒരു ക്രൈസ്തവ സന്യാസിനി ജീവിതത്തിന്റെ വിശുദ്ധിയും മൂല്യവും തിരിച്ചറിഞ്ഞ് സ്വമേധയാ ആ ജീവിതം തിരഞ്ഞെടുത്ത് വ്യക്തമായ ബോധ്യത്തോടും മാതാപിതാക്കളുടെ അറിവോടും കൂടി ഈ ഭവനങ്ങളിൽ പ്രവേശിച്ചവരാണ്. ഒരു മഠത്തിൽ ചേർന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ടോ ഒന്നോ രണ്ടോ വർഷം കൊണ്ടോ ഞങ്ങളാരും സന്യാസിനീജീവിതം തിരഞ്ഞെടുക്കുന്നില്ല. വർഷങ്ങളുടെ പ്രാർത്ഥനയും പഠനവും വിചിന്തനത്തിനും ശേഷം ഈ ജീവിത ശൈലിയിൽ നേരിടേണ്ടി വരാവുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സാധിക്കും എന്നും തിരിച്ചറിഞ്ഞിട്ടാണ് ഞങ്ങൾ ഈ സന്യാസിനി ജീവിതത്തെ സ്വീകരിക്കുന്നത്.

മുന്നോട്ടുള്ള ജീവിതത്തിൽ ഒരു വ്യക്തിക്ക് ഇതിൽ നിലനിൽക്കാൻ പറ്റില്ല എന്ന് പിന്നീട് തിരിച്ചറിയുകയാണെങ്കിൽ ഈ ജീവിത ശൈലി ഉപേക്ഷിക്കുവാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് ഞങ്ങൾക്ക്. അതിന് ആരും തടസ്സം നിൽക്കില്ല. പുറത്ത് പോകുന്നവർക്ക് ആവശ്യമെങ്കിൽ സഹായവും ചെയ്തു കൊടുക്കും ഞങ്ങളും ഞങ്ങളുടെ നേതൃത്വം വഹിക്കുന്നവരും. അതു കൊണ്ട് തന്നെ പലവിധ വ്യർത്ഥ അവകാശവാദങ്ങളുമായി തെരുവിൽ ഇറങ്ങേണ്ട സാഹചര്യമോ ആവശ്യമോ ഞങ്ങൾക്കില്ല. സാമാന്യം മാന്യമായ ഒരു കുടുംബത്തിൽ മാതാപിതാക്കളുടെ വാക്കുകൾക്ക് മക്കൾ കൊടുക്കുന്ന മാന്യതയ്ക്കും ബഹുമാനത്തിനും തുല്യം തന്നെയാണ് ഞങ്ങളുടെ സുപ്പീരിയേഴ്സിനു മുന്നിലും പരസ്പരവും ഞങ്ങൾ അനുസരണവും വിധേയത്വവും കാണിക്കുന്നത്.

ഞാനും ഒരു സന്യാസിനിയാണ്. ഏകദേശം ഇരുപതു വർഷത്തിനടുത്തായി ഇവിടെ ചേർന്നിട്ട്. എന്റെ വ്യക്തമായ ബോധ്യത്തോടെ തിരഞ്ഞെടുത്ത ഈ ജീവിതത്തിൽ എനിക്ക് തെറ്റുപറ്റുമ്പോൾ എന്റെ സുപ്പീരിയേഴ്സ് എന്നെ ശാസിക്കും. നല്ലത് ചെയ്യുമ്പോൾ പ്രോത്സാഹനം തരാൻ അവർ മുൻപിലാ. ഇതൊന്നും ഒരിക്കലും അവരുടെ സ്വാർത്ഥ താത്പര്യത്തിന്റെ പേരിലല്ല. അത് മനസ്സിലാക്കാനുള്ള സാമാന്യബോധം എനിക്കും എന്നെപ്പോലെ ഉള്ള സന്യാസിനികൾക്കും ഉള്ളതുകൊണ്ട് തന്നെയാണ് ഞങ്ങൾ ഈ ജീവിത ശൈലിയിൽ തന്നെ ദൃഢതയോടെ തുടരുന്നതും ആസ്വദിക്കുന്നതും. ഞങ്ങൾ അങ്ങനെയാ….

ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ സന്യാസിനി ഭവനങ്ങളിലേക്ക് അയയ്ക്കുന്നത് കെട്ടിച്ചു വിടാൻ കാശില്ലാഞിട്ടോ കെട്ടാൻ ചെറുക്കനെ കിട്ടാഞ്ഞിട്ടോ അല്ല. മാന്യമായ കുടുംബങ്ങളിൽ മാന്യരായ മാതാപിതാക്കൾക്ക് ജനിച്ചവരാണ് ഞങ്ങളെല്ലാവരും. ഈ ജീവിതത്തിന്റെ വ്യത്യസ്തതയും മൂല്യവും ആവശ്യപ്പെടുന്ന വിശുദ്ധിയും വ്യക്തമായി മനസ്സിലാക്കിയിട്ടാണ് ഇത് ഞാൻ, ഞങ്ങൾ, തിരഞ്ഞെടുത്തതും തിരഞ്ഞെടുക്കുന്നതും.

ക്രിസ്തീയ സന്യാസിനീ ഭവനങ്ങളെയും സന്യാസിനികളെയും ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ അടച്ചാക്ഷേപിക്കുന്നവരോട് ഒരു ചോദ്യം: നിങ്ങളുടെ അയൽപക്കത്തെ വിട്ടിൽ ഒരു സ്വരചേർച്ച ഇല്ലായ്‌മ ഉണ്ടാകുമ്പോൾ അതിന്റെ യഥാർത്ഥ കാരണം എന്തെന്ന് അല്പം പോലും അറിയാത്ത നിങ്ങൾ (അറിയാൻ താൽപര്യവും കാണില്ല) , ലോകം മുഴുവനുമുള്ള കുടുംബങ്ങൾ (നിങ്ങളുടെ കുടുംബവും ഉൾപ്പെടും) മോശമെന്ന് പ്രഖ്യാപിക്കാൻ മുതിരുമോ?

ഉത്തരം സ്വയം പറഞ്ഞാൽ മതി. കൂടെ ഈ വചനവും. പ്രഭാഷകൻ 22,27: “എന്റെ വായ്ക്ക് കാവൽക്കാരനും എന്റെ ചുണ്ടുകളിൽ വിവേകത്തിന്റെ മുദ്രയും ഉണ്ടായിരുന്നെങ്കിൽ ഞാൻ വീഴുകയോ നാവു മൂലം നശിക്കുകയോ ചെയ്യില്ലായിരുന്നു “.

തിരിച്ചറിവും വിവേകവും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്നെങ്കിലും!

സിസ്റ്റർ സവിത SKD 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.