ദുരിതാശ്വാസം: 25 കോടി രൂപയുടെ പദ്ധതികളുമായി തൃശൂര്‍ അതിരൂപത

തൃശൂര്‍: പ്രളയദുരിതങ്ങളുടെ ആദ്യനാള്‍ മുതല്‍ 15 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ തൃശൂര്‍ അതിരൂപത കൊഴിഞ്ഞാമ്പാറയില്‍ ഭവനനിര്‍മ്മാണത്തിനായി 5 ഏക്കര്‍ സ്ഥലം നല്കുന്നതിന്‍റെ സമ്മതപത്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 15 ലക്ഷം രൂപ സംഭാവനയും നല്‍കി. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ജില്ലാ കളകട്റര്‍ ശ്രീമതി അനുപമ ടി.വി., മേയര്‍ ശ്രീമതി അജിത ജയരാജന്‍, ആലത്തൂര്‍ ലോകസഭ എം. പി. ശ്രീ പി.കെ. ബിജു എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ കേരള തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തിനു ചെക്ക് കൈമാറി.

വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെ 25 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതു പുരോഗമിക്കുകയാണ്. വീടു നിര്‍മിക്കാന്‍ കൊഴിഞ്ഞാമ്പാറയില്‍ അഞ്ച് ഏക്കര്‍ സ്ഥലം മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനു പുറമേ, സന്യസ്തര്‍ അതിരൂപതയിലെ മനക്കൊടി, ചിറ്റാട്ടുകര, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്ന് ഏക്കര്‍ സ്ഥലം വീടു നിര്‍മിക്കാന്‍ നല്‍കും. ഇടവകകളിലെ തിരുനാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലഭിക്കുന്ന വരുമാനം ദുരിതാശ്വാസത്തിന് ഉപയോഗിക്കും.

ജാതിമതഭേദമില്ലാതെയാണ് അതിരൂപത സഹായങ്ങള്‍ നല്‍കിയത്. പ്രളയദുരിതം ആരംഭിച്ച ആദ്യനാളുകള്‍ മുതല്‍ തൃശൂര്‍ അതിരൂപത തൃശൂര്‍ ജില്ലയിലേയും കൂടുതല്‍ ദുരിതങ്ങളുണ്ടായ വയനാട്, ആലപ്പുഴ ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

തൃശൂര്‍ അതിരൂപതയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ വിട്ടുപോയവര്‍ക്ക് നാലായിരം രൂപ വിലയുള്ള സാധനങ്ങളടങ്ങിയ അയ്യായിരം കിറ്റുകള്‍ വിതരണം ചെയ്തു. ഈയിനത്തില്‍ രണ്ടു കോടി രൂപ ചെലവാക്കി. രണ്ടായിരം രൂപ വിലവരുന്ന 2,150 വസ്ത്രകിറ്റുകള്‍ നല്‍കിയത് 43 ലക്ഷം രൂപ ചെലവിട്ടാണ്. ക്യാമ്പുകള്‍ തുടങ്ങിയ ആദ്യദിവസം തന്നെ പായ, പുതപ്പ് തുടങ്ങിയവ വിതരണം ചെയ്തു (ഏഴു ലക്ഷം രൂപ). അതിരൂപതയുടെ കീഴിലുള്ള 143 കേന്ദ്രങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായിരുന്നു. ഈ കേന്ദ്രങ്ങളിലും എല്ലാ ഇടവകകളുടേയും നേതൃത്വത്തിലും ഒന്നര കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്‍കി.

കാരിത്താസ് മുഖേന ഒന്നര കോടി രൂപയുടെ സഹായം നല്‍കി. അതിരൂപതയിലെ നാനൂറ് വൈദികരുടെ ഒരു മാസത്തെ അലവന്‍സായ പതിനായിരം രൂപ സമാഹരിച്ച് 40 ലക്ഷം രൂപ ദുരിതാശ്വാസത്തിനു വിനിയോഗിക്കുന്നു.

വിവിധ സന്യാസ സമൂഹങ്ങളായ സി.എം.ഐ. 3.2 കോടി രൂപയും, എഫ്.സി.സി, സി.എം.സി എന്നിവ ഒന്നര കോടി രൂപ വീതവും, എസ്.എ.ബി.എസ് 25 ലക്ഷം രൂപയും, സി.എസ്.സി. അറുപത്തി മൂന്ന് ലക്ഷം രൂപയും, സി.എച്ച.എഫ്. തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയും, ക്ലേലിയ ഏഴ് ലക്ഷം രൂപയും, സി.എസ്.എം. 2 ലക്ഷം രൂപയും, മറ്റു സന്യാസ സമൂഹങ്ങളെല്ലാം ചേര്‍ന്ന് ഒരു കോടി രൂപയും, ജൂബിലി മിഷന്‍ ഹോസ്പ്പിറ്റല്‍ 85 ലക്ഷം രൂപയും, മറ്റു അതിരൂപതാ സ്ഥാപനങ്ങള്‍ ഒരു കോടി രൂപയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍ സൗജന്യ ചികില്‍സാ ക്യാമ്പുകളിലായി രോഗികളെ പരിശോധിച്ച് മരുന്നു വിതരണം ചെയ്തു.

പള്ളികളും സ്ഥാപനങ്ങളും സന്യാസഭവനങ്ങളും അവരുടെ സ്വന്തമായ രീതിയില്‍ സഹായങ്ങള്‍ ചെയ്തു. അതിരൂപത ചെയ്ത സഹായങ്ങളില്‍ മുഖ്യപങ്കും അവശ്യസാധനങ്ങളായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചതാണ്. തലശ്ശേരി, പാലക്കാട്, ബാംഗ്ലൂര്‍, രാമനാഥപുരം തുടങ്ങിയ രൂപതകളില്‍നിന്നുള്ള സഹായങ്ങളും ലഭിച്ചുവെന്നും എന്ന് അതിരൂപത വക്താവ് ഫാ. നൈസണ്‍ ഏലന്താനത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.