ഇരുപത്തഞ്ച് വര്‍ഷത്തിനുശേഷം വി. കൊറോണയുടെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിനായി വയ്ക്കുന്നു

കൊറോണ എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം കിരീടം എന്നാണെന്നും ആ പേരില്‍, ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ച ഒരു വിശുദ്ധയുണ്ടെന്നും പലരും അറിഞ്ഞത് കൊറോണ വൈറസ് ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ടതിനു ശേഷമായിരുന്നു. പിന്‍വാങ്ങലിന്റെ ലക്ഷണമൊന്നും കാണിക്കാതെ മഹാമാരി പടരുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ വി. കൊറോണയുടെ തിരുശേഷിപ്പടങ്ങിയ പെട്ടകം ജര്‍മ്മനിയിലെ ആച്ചെന്‍ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ സഭാനേതൃത്വം തീരുമാനിച്ചിരിക്കുന്നു.

25 വര്‍ഷത്തിനുശേഷമാണ് വിശുദ്ധയുടെ തിരുശേഷിപ്പ് അടങ്ങിയ പേടകം പൊതുദര്‍ശനത്തിനു വയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള ഈ പെട്ടകത്തിന് 93 സെന്റിമീറ്റര്‍ ഉയരവും 98 കിലോഗ്രാം ഭാരവുമാണുള്ളത്. ഒമ്പതാം നൂറ്റാണ്ടില്‍ ചാര്‍ലിമേയിന്‍ ചക്രവര്‍ത്തിയാണ് ആച്ചെനിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചത്.

കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരുശേഷിപ്പ് പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവാലയത്തിന്റെ ഔദ്യോഗിക വക്താവായ ഡാനിയേല ലോയ്വെനിച്ച് അറിയിച്ചു. കൗമാരപ്രായത്തില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അതിക്രൂരമായ വിധത്തിലാണ് വി. കൊറോണയെ റോമാക്കാര്‍ കൊല്ലുന്നത്. വളച്ചുകെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.