സീറോമലബാര്‍: ഫെബ്രുവരി 6: മത്താ.18:23-35 സഹോദരനെ കാരാഗൃഹത്തിലടയ്ക്കുന്ന സേവകന്‍

നല്ലവനായ രാജാവ് സേവകന് തിരിച്ചുവീട്ടുവാനുള്ള കഴിവുണ്ടോ എന്നുപോലും പരിഗണിക്കാതെ ഒരു വലിയ തുക (പതിനായിരം താലന്ത്) സേവകന് കടമായി /ദാനമായി കൊടുക്കുന്നവനാണ്. സേവകന്‍ തന്റെ സഹസേവകനെ അളന്നുതൂക്കിനോക്കി കടമായുള്ള 100 ദനാറയ്ക്കുവേണ്ടി അവനെതിരെ വിധി പുറപ്പെടുവിച്ച് കാരാഗൃഹത്തിലടയ്ക്കുന്നവന്‍. മറ്റുള്ളവരുടെ ആത്മാര്‍ത്ഥതയെ വിശ്വസിക്കാതെ അവന്റെ വാക്കിനെ മാനിക്കാതെ, സ്വന്തം വിധി സഹോദരന്റെമേല്‍ അടിച്ചേല്‍പ്പിക്കുന്നവനെ പ്രതിനിധാനം ചെയ്യുന്നു ഈ സേവകന്‍. രാജാവ് തന്റെ സേവകന്‍ എത്ര വലിയ കടക്കാരനായിരുന്നാലും അവന്റെ പ്രതീക്ഷകളെ, വാക്കിനെ വിശ്വസിച്ച് കരുണക്കടലായി മാറുന്നു. രാജാവ് ഭൃത്യനോട് കാണിക്കുന്ന കരുണയേക്കാള്‍ എത്രയോ മടങ്ങ് കരുണ പരസ്പരം കാണിക്കാന്‍ സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ സഹോദരനോടും സഹപ്രവര്‍ത്തകരോടും ക്ഷമിക്കാനും അവരുടെ കുറവുകള്‍ക്കൂടി പരിഹരിക്കുന്നതിനുമാണ് ദൈവം നമ്മെ അയച്ചിരിക്കുന്നത് എന്ന സത്യം മനസ്സിലാക്കാന്‍, സഹോദരങ്ങളും സഹപ്രവര്‍ത്തകരും പരസ്പരം പുലര്‍ത്തേണ്ട ക്ഷമയും കാരുണ്യവും സഹിഷ്ണതയും ഇന്നത്തെ സുവിശേഷം നമ്മെ അനുസ്മരിപ്പിക്കുന്നു. ദനഹാക്കാലം ദൈവകാരുണ്യം ജീവിതത്തിലൂടെ പ്രകാശിതമാക്കാന്‍ നമ്മെ ക്ഷണിക്കുന്ന കാലമാണ്.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.