ഞായർ പ്രസംഗം: ഉയിർപ്പുകാലം ഏഴാം ഞായർ മെയ് 12, ലൂക്കാ 24: 44-53 സ്വര്‍ഗത്തിലേക്കുള്ള വഴി

രക്ഷകനായ മിശിഹായുടെ സ്വര്‍ഗാരോഹണത്തിനു സാക്ഷികളായിത്തീര്‍ന്ന ശിഷ്യന്മാര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാസമയവും ദൈവാലയത്തില്‍ കഴിഞ്ഞുകൂടി. മാനവകുലത്തിനെതിരെ അടയ്ക്കപ്പെട്ട സ്വര്‍ഗകവാടം തുറക്കപ്പെട്ടു. കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിലൂടെ ദൈവഭവനമായ സ്വര്‍ഗം നമ്മുടെ സ്വന്തം ഭവനമായിത്തീര്‍ന്നു.

ബ്രദര്‍ ഡിയോണ്‍ പുളിക്കക്കുന്നേല്‍ MCBS

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന സഹോദരങ്ങളെ,

ഉയിര്‍പ്പുകാലത്തിന്റെ അവസാനത്തെ ആഴ്ചയിലേക്കു നാം പ്രവേശിക്കുമ്പോള്‍ വി. ലൂക്കായുടെ സുവിശേഷം 24-ാം അധ്യായം 44 മുതല്‍ 53 വരെയുള്ള തിരുവചനങ്ങളാണ് തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്കു നല്‍കിയിരിക്കുന്നത്. ”ഈശോ ഉത്ഥാനം ചെയ്തതിനുശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവണ്ണം അവരുടെ മനസ്സ് തുറന്നു” (ലൂക്കാ 24:45) പഴയനിയമങ്ങളിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും ഈശോയെപ്പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കപ്പെട്ടു എന്ന് ശിഷ്യന്മാര്‍ക്ക് ബോധ്യമാവുകയാണ്. അവര്‍ അതിനു സാക്ഷികളായിത്തീരുകയാണ്.

ഈശോ അവരെ ബഥാനിയായിലേക്കു കൂട്ടിക്കൊണ്ടുപോയതിനുശേഷം കൈകളുയര്‍ത്തി ആശീര്‍വദിച്ച് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുമ്പോള്‍ ശിഷ്യന്മാരുടെ വിശ്വാസം ദൃഢമായിത്തീരുകയാണ്. പഴയനിയമ വെളിപാടിന്റെ പൂര്‍ണ്ണതയില്‍ നിന്നുകൊണ്ടുവേണം നാം ഇത് മനസ്സിലാക്കാന്‍. പഴയനിയമത്തില്‍ പുതിയനിയമം മറഞ്ഞിരിക്കുന്നുവെന്നും പുതിയനിയമത്തില്‍ പഴയനിയമം വെളിവാക്കപ്പെട്ടുവെന്നും സഭാപിതാവായ വി. അഗസ്റ്റിന്‍ പഠിപ്പിക്കുന്നു. രക്ഷാകര രഹസ്യത്തിന്റെ ഭാഗമായി രക്ഷകനായ മിശിഹായെ അനുഭവിച്ചറിഞ്ഞ ശിഷ്യന്മാരെപ്പോലെ പൂര്‍വപിതാവായ യാക്കോബിനുണ്ടായ ദൈവദര്‍ശനവും രക്ഷാകര രഹസ്യത്തിലുള്ള പങ്കുമാണ് ഇന്നത്തെ ആദ്യവായനയായ ഉല്‍പത്തി പുസ്തകം 28-ാം അധ്യായം 10 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ നാം ശ്രവിച്ചത്.

ഉറങ്ങിക്കിടന്നിരുന്ന യാക്കോബിനുണ്ടായ ദൈവദര്‍ശനം. ഭൂമിയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു ഗോവണി. അതിന്റെ അറ്റം മുകളില്‍ ആകാശത്തു മുട്ടിനില്‍ക്കുകയും ദൈവദൂതന്മാര്‍ ആ ഗോവണിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഈ ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ട് കര്‍ത്താവ് യാക്കോബിനെ അനുഗ്രഹിക്കുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുകയും രമ്യതപ്പെടുത്തുകയും ചെയ്യുന്ന രക്ഷാകര രഹസ്യത്തിന്റെ പ്രതീകമാണ് ഈ ഗോവണി. യാക്കോബിന്റെ സന്തതികളായ ഇസ്രായേല്‍ ജനത്തിലൂടെ രക്ഷാകരചരിത്രം മുന്നോട്ടുനീങ്ങുമ്പോള്‍ യാക്കോബിന്റെ സന്തതിപരമ്പരയിലൊരുവനായ യേശുക്രിസ്തുവിലൂടെയാണ് സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള രമ്യത പൂര്‍ണ്ണമാകുന്നത്. നമ്മുടെ കര്‍ത്താവ് ഈശോമിശിഹാ സ്വര്‍ഗം വിട്ട് ഭൂമിയിലേക്ക് ഇറങ്ങിവന്ന് മനുഷ്യരായ നമ്മെ രക്ഷിച്ച് വീണ്ടും സ്വര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാനാണ് മനുഷ്യനായി അവതരിച്ചത്. തുടര്‍ന്ന് മിക്ക പ്രവാചകന്റെ പുസ്തകം നാലാം അധ്യായം ഒന്നു മുതല്‍ അഞ്ചു വരെയുള്ള വാക്യങ്ങളില്‍, ദൈവത്തിന്റെ ആലയമായ ജെറുസലേമിനെപ്പറ്റിയാണ് നാം ശ്രവിച്ചത്. യാക്കോബിന് ദൈവദര്‍ശനമുണ്ടായ സ്ഥലത്ത് ദൈവത്തെ ദര്‍ശിക്കുക മാത്രമല്ല, ദൈവം അവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് ബഥേല്‍ – ദൈവത്തിന്റെ ആലയം – എന്ന് പേരിടുകയും ചെയ്തു. നമുക്കൊന്ന് വിചിന്തനം ചെയ്യാം, ദൈവത്തോടും ദൈവാലയത്തോടും എത്രമാത്രം തീക്ഷ്ണതയും അടുപ്പവുമാണ് എനിക്കുള്ളത് എന്ന്.

കേരളത്തിലെ ദൈവാലയങ്ങളിലേക്കു നോക്കുമ്പോള്‍ യുവജനസാന്നിധ്യം കുറയുന്നുവെന്നത് ഒരു വസ്തുതയാണ്. പഠനത്തിനായും ജോലിക്കായും പല ദേശങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കുന്ന നമ്മുടെ യുവജനങ്ങള്‍ അതിലൂടെ മാത്രമേ രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ എന്നു ചിന്തിക്കുമ്പോള്‍ സ്വന്തം നാട്ടില്‍, സ്വന്തം ഇടവകയില്‍ തങ്ങളുടെ വിശ്വാസം ജീവിക്കണമെന്ന ഈശോയുടെ ക്ഷണം നിരസിക്കപ്പെടുകയാണ്. ഏതു ദേശത്തായിരുന്നാലും, സ്വദേശത്താണെങ്കിലും വിദേശത്താണെങ്കിലും ദൈവത്തോടും ദൈവാലയത്തോടും ചേര്‍ന്നുനിന്നുകൊണ്ട് തങ്ങളുടെ വിശ്വാസം ജീവിക്കാനും വരുംതലമുറയ്ക്ക് അത് കൈമാറാനുമുള്ള തിരുസഭയുടെ നിയോഗത്തെ നമുക്കു സ്വീകരിക്കാം.

ഈശോ സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതുകണ്ട് ശിഷ്യന്മാര്‍ അവനെ ആരാധിച്ചു. അത്യധികം ആനന്ദത്തോടെ അവര്‍ ജെറുസലേമിലേക്കു പോയി. ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാസമയം ദൈവാലയത്തില്‍ കഴിഞ്ഞുകൂടി. ഈശോ പീഡ സഹിച്ച്, മരിച്ച്, ഉത്ഥാനം ചെയ്ത് ഇന്ന് വിശുദ്ധ കുര്‍ബാനയായി നമ്മുടെകൂടെ ആയിരിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയോടുള്ള എന്റെ അടുപ്പം എത്രമാത്രമാണെന്നു ചിന്തിക്കാം. ദൈവം സ്വര്‍ഗം വിട്ട് ഭൂമിയിലേക്ക് ഇറങ്ങിവന്നത് നമ്മുടെ കൂടെ ആയിരിക്കാനാണ്; നമ്മെ രക്ഷിക്കാനാണ്. ഈ ലോകത്തില്‍ ലൗകീകരായി ജീവിക്കേണ്ടവരല്ല ഉന്നതത്തിലുള്ളവയെപ്പറ്റി ചിന്തിച്ച് സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കാനാണ് നമ്മുടെ ജീവിതമെന്ന് ഇന്നത്തെ വചനഭാഗം നമ്മെ ഓര്‍മപ്പെടുത്തുകയാണ്. സ്വര്‍ഗത്തില്‍ സൂക്ഷിക്കപ്പെടുന്ന അക്ഷയവും ഒളിമങ്ങാത്തതുമായ അവകാശം വീണ്ടെടുത്ത ജനമെന്ന നിലയില്‍ അവിടുത്തെ രണ്ടാമത്തെ ആഗമനത്തെ കാത്തിരിക്കുന്ന വിശ്വാസസമൂഹമാണ് സഭ എന്ന് പത്രോസ് ശ്ലീഹായും ലേഖനഭാഗത്ത് ഉദ്‌ബോധിപ്പിക്കുന്നു.

സ്‌നേഹത്തിന്റെ അവസാനിക്കാത്ത നിമിഷമാണ് സ്വര്‍ഗം. ആ സ്‌നേഹസാഗരത്തില്‍ എത്തിച്ചേരുക എന്നതാണ് നമ്മുടെ ലക്ഷ്യവും. കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥമായ യു ക്യാറ്റ് നമ്പര്‍ 158-ല്‍ പറയുന്നു: ”സ്വര്‍ഗം സ്‌നേഹത്തിന്റെ അവസാനിക്കാത്ത നിമിഷമാണ്, ആ സ്‌നേഹസാഗരത്തില്‍ എത്തിച്ചേരുക എന്നതാണ് നമ്മുടെ ലക്ഷ്യം.” ”എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഞാന്‍ പോയി സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹ. 14: 2-3) എന്ന ഈശോയുടെ ആ വചനം സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ നമ്മെ സഹായിക്കുന്നു. ഈ സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുമ്പോള്‍ വഴിയും സത്യവും ജീവനുമായ മിശിഹാ തന്നെയായിരിക്കണം നമ്മുടെ മാര്‍ഗദീപം. അവിടുത്തെ വഴി കുരിശിന്റെ പാതയാണ്. കുരിശിന്റെ പാതയിലൂടെ ചലിച്ചാല്‍ മാത്രമേ നമുക്ക് സ്വര്‍ഗം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

ഓരോ വിശുദ്ധ കുര്‍ബാനയിലും ഈശോ നിത്യജീവനായി നമ്മിലേക്ക് കടന്നുവരുന്നുണ്ട്, സ്വര്‍ഗം തുറക്കപ്പെടുന്നുണ്ട്. വി. ജോണ്‍ ബോസ്‌കോ നമ്മെ ഓര്‍മപ്പെടുത്തുന്നു: ”കാലുകൊണ്ട് ഭൂമിയില്‍ ജീവിക്കുക, ഹൃദയം സ്വര്‍ഗത്തില്‍ ആയിരിക്കുക.”

കുരിശിന്റെ പാത പിന്തുടരാന്‍ നമ്മുടെ ഹൃദയം സ്വര്‍ഗത്തില്‍ ആയിരിക്കട്ടെ. സ്വര്‍ഗീയമുന്നാസ്വാദനമായ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ദൈവത്തോടും ദൈവാലയത്തോടും ചേര്‍ന്ന്, ഹൃദയം സ്വര്‍ഗത്തില്‍ ഉറപ്പിച്ചുകൊണ്ട്, സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ പരിശ്രമിക്കാം. പൗലോസ് ശ്ലീഹായുടെ വചനം ഓര്‍ക്കുക: ”ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ എന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാമുഖം ദര്‍ശിക്കും. ഇപ്പോള്‍ നമ്മള്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണ്ണമായും അറിയുന്നതുപോലെ ഞാനും പൂര്‍ണ്ണമായും അറിയും.”

സര്‍വശക്തനായ ദൈവം നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ഡിയോണ്‍ പുളിക്കക്കുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.