ഭ്രൂണഹത്യാ ക്ലിനിക്കില്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്കു വേണ്ടി വാദിച്ചു! വൈദികരുള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

അമേരിക്കയിലെ ന്യൂജേഴ്‌സി സംസ്ഥാനത്തുള്ള ട്രെന്‍ഡര്‍ നഗരത്തിലെ പ്ലാന്‍ഡ് പേരന്‍ഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ പ്രസ്ഥാനത്തിന്റെ ശൃംഖലയില്‍പ്പെടുന്ന ക്ലിനിക്കില്‍ പ്രതിഷേധിച്ചതിന് കത്തോലിക്കാ വൈദികനുള്‍പ്പെടെയുള്ള നാലുപേര്‍ അറസ്റ്റില്‍.

‘റെഡ് റോസ് റെസ്‌ക്യൂ’ എന്ന പേരിലറിയപ്പെടുന്ന റോസാപ്പൂവ് നല്‍കിയുള്ള ബോധവല്‍ക്കരണത്തിലൂടെ സ്ത്രീകളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഫാ. ഫിഡിലിസ് മൊസിന്‍സ്‌കി, ഫാ. ഡേവ് നിക്‌സ് എന്നീ രണ്ട് വൈദികരും, ഇവരോടൊപ്പം രണ്ട് പ്രോലൈഫ് ആക്ടിവിസ്റ്റുകളുമാണ് ഭ്രൂണഹത്യ ക്ലിനിക്കില്‍ നിന്നും അറസ്റ്റിലായത്. ഇതിനിടയില്‍ ഒരു സ്ത്രീയെ ഭ്രൂണഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാനും ഈ വൈദികര്‍ക്കായി.

ഇവര്‍, ക്ലിനിക്കിലെത്തിയ സ്ത്രീകളോട് അതിന്റെ ദൂഷ്യഫലങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്ലാന്‍ഡ് പേര്ന്റ്ഹുഡ് അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തി. പോലീസെത്തിയപ്പോള്‍ അവര്‍ സ്ത്രീകളുമായി സംസാരിക്കുന്നത് തുടരുകയും ചിലര്‍ നിലത്ത് നിശബ്ദരായി പ്രാര്‍ത്ഥിക്കാനും തുടങ്ങി. അതിക്രമിച്ച് അകത്ത് കടന്നു എന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തങ്ങളെ പോലീസ് അറസ്റ്റ് ചെയ്യും എന്നറിഞ്ഞിട്ടും നിഷ്‌കളങ്കരായ ഗര്‍ഭസ്ഥശിശുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച് അറസ്റ്റ് വരിച്ച ധീരരായ കത്തോലിക്കാ വൈദികരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. റോസാപ്പൂവ് നല്‍കി ബോധവല്‍ക്കരണത്തിലൂടെ സ്ത്രീകളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനെ റെഡ് റോസ് റെസ്‌ക്യൂ എന്നാണ് വിശേഷിപ്പിക്കുന്നത്. മേരി വാഗ്‌നര്‍ എന്ന കനേഡിയന്‍ പ്രോലൈഫ് ആക്ടിവിസ്റ്റാണ് ഈ രീതിയ്ക്ക് തുടക്കം കുറിച്ചത്.