സിനിമയില്‍ അഭിനയിച്ച മലയാളി വൈദികന്‍

ഇഷാന്‍ എന്ന  വിദ്യാര്‍ത്ഥിയുടെയും നികുംഭ് എന്ന അധ്യാപകന്റെയും അതിജീവനത്തിന്റെ കഥ പറഞ്ഞ ചലച്ചിത്രമായിരുന്നു ‘താരേ സമീന്‍ പര്‍’. ധാരാളം മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ നേരിടുന്ന പഠനവൈകല്യത്തെയും മാനസിക ബുദ്ധിമുട്ടുകളെയും തിരിച്ചറിഞ്ഞത് ഈ ചലച്ചിത്രത്തിന്റെ വരവോടെയായിരുന്നു. കുട്ടികള്‍ നേരിടുന്ന സമാനമായ പ്രശ്‌നത്തെ വെള്ളിത്തിരയിലെത്തിക്കുന്ന സിനിമയാണ് ആര്‍. ശരത് സംവിധാനം ചെയ്ത ‘സ്വയം.’

ഇതും ഒരു അതിജീവനത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ഓട്ടിസം ബാധിച്ച തന്റെ മകന് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. എന്നാല്‍ ഈ  ചലച്ചിത്രം വ്യത്യസ്തമാകുന്നതിന് മറ്റൊര കാരണം കൂടിയുണ്ട്. ഒരു യഥാര്‍ത്ഥ വൈദികന്‍  തന്നെയാണ് ഈ ചിത്രത്തിലെ വൈദിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്; ദിവ്യകാരുണ്യ മിഷിനറി സഭാ വൈദികനായ ഫാദര്‍ റോയി കല്ലമ്പള്ളില്‍. ഈ സിനിമയിലെ വൈദികനാകാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് ഫാദര്‍ റോയി പറയുന്നു.

യഥാര്‍ത്ഥ വൈദികന്‍

”ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവ് വിനോദിനെ എനിക്ക് നേരത്തെ അറിയാം. അദ്ദേഹം ജര്‍മനിയില്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. പത്ത് വര്‍ഷമായി ഞാന്‍ ജര്‍മ്മനിയിലെ റോട്ടൻബുർഗ്-സ്റ്റുട്ട്ഗാർട്ട്  രൂപതയിൽ, ഹൈ​യി​ങ്ൻ  ഇടവകയില്‍ ജോലി ചെയ്യുന്നു.” വിനോദ് നിര്‍മ്മിച്ച സിനിമയില്‍ ഒരു വൈദികന്റെ റോളുണ്ടെന്നറിഞ്ഞപ്പോള്‍ ഈ സൗഹൃദങ്ങളാണ് തന്നെ അഭിനയിക്കാന്‍ പ്രേരിപ്പിച്ചതെന്ന് റോയി അച്ചന്‍ പറയുന്നു.  ”ഒരു ദിവസം മുഴുവനും ഈ സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ പങ്കുചേർന്നു. ഞാ​ൻ ജോ​ലി ചെ​യ്യു​ന്ന പ​ള്ളി ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ​ള്ളി.”  കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശിയാണ് ഫാദര്‍ റോയി കല്ലമ്പള്ളില്‍. ചങ്ങനാശ്ശേരി രൂപതയിലെ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗമാണ്.

‘സ്വയം’ എന്ന സിനിമ 

ജര്‍മ്മന്‍ മലയാളിയായ മറൂണ്‍ എന്ന കുട്ടിയുടെ കഥയാണ് ‘സ്വയം’ എന്ന സിനിമ. ഓട്ടിസം ബാധിച്ച കുട്ടിയാണ് അവന്‍. ഇത്തരത്തില്‍ വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് പതിവ്. അവരെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ മറ്റുളളവര്‍ മടിക്കും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സംരക്ഷണവും സ്‌നേഹവും നല്‍കും. മറ്റ് കുട്ടികള്‍ക്കൊപ്പം വളരാനും ജീവിക്കാനും ഉള്ള സാഹചര്യം ഇവിടെ ഒരുക്കുന്നുണ്ട്. ഇത്തരത്തില്‍ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് മറ്റ് കഴിവുകള്‍ ഉണ്ടാകും. എന്നാല്‍ അത് കണ്ടുപിടിക്കാനുള്ള ക്ഷമ അവരുടെ മാതാപിതാക്കള്‍ക്ക് പോലും ചിലപ്പോള്‍ ഉണ്ടാകാറില്ല.

ഈ സിനിമയിലെ മറൂണ്‍ എന്ന കുട്ടി ഓട്ടിസം ബാധിതനാണെങ്കിലും ഫുട്‌ബോളില്‍ നൈപുണ്യമുള്ളവനാണ്. അത് തിരിച്ചറിഞ്ഞ് അവനെ സമൂഹജീവിതത്തിന് പ്രാപ്തനാക്കുകയാണ് അവന്റെ അമ്മ ആഗ്നസ്. ഒരമ്മയുടെ ത്യാഗത്തിന്റെ, ആത്മസമര്‍പ്പണത്തിന്റെ, പോരാട്ടത്തിന്റെ കഥ കൂടിയാകുന്നു ‘സ്വയം’ എന്ന ചലച്ചിത്രം. യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകള്‍ മലയാളത്തില്‍ കുറവാണെന്നെരിക്കേ ഈ സിനിമ യഥാര്‍ത്ഥ ജീവിതത്തിന്റെ ആവിഷ്‌കാരമാകുന്നു.

രോഗാവസ്ഥക്കു മാറ്റമില്ലെങ്കിലും പുതിയൊരു കാഴ്ചപ്പാടോടുകൂടി ജീവിതത്തെ നോക്കിക്കാണാൻ പറ്റിയാൽ, ആ ജീവിതംകൊണ്ടു മറ്റുള്ളവർക്കു ഉപകാരം ഉണ്ടാകാൻ സഹായിക്കും. ജീവിതത്തോടുള്ള കാഴ്ചപ്പാടുകളാണ് ഒരു വ്യക്തിയുടെ ജീവിതത്തെ നയിക്കുന്നത് എന്ന സന്ദേശം കൂടിയാണ് ഈ ചലച്ചിത്രം എന്ന് ഫാദര്‍ റോയി കല്ലമ്പിള്ളില്‍ പറയുന്നു.

ജര്‍മ്മന്‍ മലയാളിയായ വിനോദ് ബാലകൃഷ്ണനാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍. ശരതിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മറൂണ്‍ ആയി ബാലതാരം നിമയ് വേഷമിടുന്നു. ലക്ഷ്മിപ്രിയ മേനോന്‍ ആഗ്നസായും വേഷമിടുന്നു. സമൂഹത്തിന് നല്ലൊരു സന്ദേശം കൂടിയാണ് ‘സ്വയം’ എന്ന സിനിമ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.