കന്യാസ്ത്രീ മഠങ്ങൾക്ക് റേഷൻ കാർഡ്: പരിഗണനയിലുണ്ടെന്നു ഭക്ഷ്യവകുപ്പ് മന്ത്രി

കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ റേഷൻകാർഡ് നൽകുന്നതു പരിശോധിച്ചു വരുന്നതായി ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ചു. പി.ടി തോമസിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2013ന് മുന്പ് എസ്റ്റാബ്ലിഷ്‌മെന്റ് പെർമിറ്റ് അനുസരിച്ച് ഇവർക്ക് റേഷൻ നൽകിയിരുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതോടെ ഇതു നിർത്തലാക്കി.

നേരത്തേ 16 ലക്ഷം മെട്രിക് ടൺ വരെ ഭക്ഷ്യധാന്യങ്ങൾ കേരളത്തിനു ലഭിച്ചിരുന്നു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലായതോടെ ഇത് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള ഭക്ഷ്യവിഹിതം കുറഞ്ഞതാണ് റേഷൻ നൽകാതിരിക്കാനുള്ള കാരണം. എന്നാൽ ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ആളൊന്നിന് അഞ്ച് കിലോ അരി വീതവും നാലുപേർക്ക് ഒന്ന് എന്ന കണക്കിൽ കിറ്റും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 56,208 കിറ്റുകൾ സ്ഥാപനങ്ങൾക്ക് നൽകിയതായും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.