ഈ വൈദികർ പ്രാർത്ഥിച്ചുകൊണ്ട് നടന്നു; പാവങ്ങൾക്കായി

കൊറോണ ഭീതിയിൽ ലോകം വീടുകൾക്കുള്ളിലേയ്ക്ക് ചുരുങ്ങിയപ്പോൾ തങ്ങളുടെ ജനത്തിന്റെ ആത്മീയവും ബൗദ്ധികവുമായ കാര്യങ്ങൾക്കായി ഓടി നടന്നവരാണ് വൈദികർ. ഇപ്പോൾ അമേരിക്കയിൽ ദിവസങ്ങൾ നടന്ന നാല് വൈദികരുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. 54 മൈലുകൾ ഇവർ കാൽനടയായി താണ്ടിയത് പാവങ്ങളെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ്. കൊറോണ ബാധിതരായി ഏറ്റവും കൂടുതൽ ആളുകൾ മരിച്ചു വീഴുന്ന അമേരിക്കയുടെ തെരുവുകളിൽ കൂടെയുള്ള ഈ വൈദികരുടെ നടത്തത്തിനു ധൈര്യമായി കൂടെയുണ്ടായിരുന്നത് ഈശോയാണെന്നു ഇവർ വെളിപ്പെടുത്തുന്നു.

ഏപ്രിൽ 29 ന് മേരിലാൻഡിലെ വിശുദ്ധ ആൻഡ്രുസിന്റെ നാമത്തിൽ ഉള്ള ദൈവാലയത്തിൽ നിന്നുമാണ് ഈ വൈദികർ തങ്ങളുടെ നടത്തം ആരംഭിക്കുന്നത്. ഫാ. ഡാൻ ലെയറി, ഫാ. മാരിയോ മജാനോ, ഫാ. ഷൗൻ ഫൊഗ്ഗോ, ഫാ. ഇബുക മ്ബൗണ്ടേ എന്നീ വൈദികരാണ് പാവങ്ങൾക്കുള്ള പണം സമാഹരിക്കുന്നതിനായി നടന്നത്. എമ്മാവൂസിലേക്കുള്ള യാത്രയിൽ ജ്വലിക്കുന്ന ഹൃദയവുമായി ഈശോയ്‌ക്കൊപ്പം നടന്ന ശിഷ്യന്മാരുടെ കഥയിൽനിന്നും പ്രചോദനം സ്വീകരിച്ചു കൊണ്ടാണ് തങ്ങൾ ഈ ഒരു യാത്ര നടത്തുന്നത് എന്ന് വൈദികർ പറയുന്നു.

കൊറോണ വന്നതോടെ ആളുകൾ വീട്ടിലിരിക്കാൻ നിർബന്ധിതരായി. നിരവധി ആളുകൾക്ക് ജോലിക്കു പോകാൻപോലും കഴിയാതെ വന്നു. ഈ സാഹചര്യത്തിൽ സഹായം അടിയന്തിരമായി ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനായി പണം കണ്ടെത്തേണ്ടത് ആവശ്യമായി വന്നു. ഈ സാഹചര്യത്തിൽ ആണ് വൈദികർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. ഈ യാത്രകൾ വെറും പണം സമാഹരിക്കുന്നതിനു മാത്രമായിരുന്നില്ല. മറിച്ച് ഇതൊരു തീർത്ഥാടനം കൂടിയായിരുന്നു. കൊറോണ ഭീതിയിൽ കഷ്ടപ്പെടുന്നവർക്കും രോഗികൾക്കും മരണമടഞ്ഞവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നിയോഗം വച്ചുകൊണ്ടുള്ള തീർത്ഥാടനം.

നിരവധി ആളുകൾ സഹായങ്ങളും സഹായ വാഗ്ദാനങ്ങളും നൽകി എന്ന് ഈ വൈദികർ വെളിപ്പെടുത്തുന്നു. ഈ സഹായങ്ങൾ ഒക്കെയും വേദനിക്കുന്ന കഷ്ടപ്പെടുന്ന ആളുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ വൈദികർ.

വിവര്‍ത്തനം: മരിയ ജോസ് 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.