പുരോഹിത ദൈവവിളിയിലേയ്ക്ക് നയിക്കുന്ന ഘടകങ്ങള്‍

അമേരിക്കയിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ അപ്പസ്തോലേറ്റ് എല്ലാ വര്‍ഷവും വൈദിക വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒരു പഠനം നടത്താറുണ്ട്. ഇത്തവണത്തെ സര്‍വ്വേയില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാണ്.

പുരോഹിത ദൈവവിളിയിലേയ്ക്ക് തങ്ങളെ എത്തിച്ചത് ചിലരുടെ പ്രോത്സാഹനവും പിന്തുണയും ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒരു വര്‍ഷത്തിനകം വൈദികപട്ടം സ്വീകരിക്കാനിരിക്കുന്ന 379 വൈദികാര്‍ത്ഥികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. 92 ശതമാനം പേരും പറഞ്ഞത്, തങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ പ്രോത്സാഹനമാണ് തന്നെ ഈ വിളി സ്വീകരിക്കാന്‍ പ്രാപ്തനാക്കിയതെന്നാണ്. 69 ശതമാനം ആളുകള്‍ തങ്ങളുടെ ഇടവക വികാരിമാരായിരുന്ന വൈദികര്‍ തന്നെയാണ് പ്രോത്സാഹനം നല്‍കിയതെന്ന് വെളിപ്പെടുത്തി. മറ്റു ചിലര്‍ക്ക് മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, ഇടവക ജനങ്ങള്‍ എന്നിവരില്‍ നിന്നെല്ലാം പ്രോത്സാഹനം ലഭിച്ചു.

ഇവരില്‍ പലരും വെളിപ്പെടുത്തിയ മറ്റൊരു കാര്യം ചെറുപ്പം മുതല്‍ പുലര്‍ത്തി വരുന്ന ജപമാല, ദിവ്യകാരുണ്യ ഭക്തിയാണ് തങ്ങളെ ഈ ദൈവിവിളിക്ക് യോഗ്യരാക്കിയതെന്നാണ്. അതുപോലെ തന്നെ അള്‍ത്താര ബാലന്മാരായിരുന്ന സമയത്തെ അനുഭവങ്ങള്‍, ഇടവക പ്രവര്‍ത്തനങ്ങള്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രോത്സാഹനം തുടങ്ങിയവയും ദൈവവിളി സ്വീകരിക്കാന്‍ പ്രോത്സാഹനമായതായി അവര്‍ പറയുന്നു.