കൊറോണയും തളർത്തിയില്ല: കൃത്രിമ ശ്വാസത്തിന്റെ സഹായത്താല്‍ വൈദികന്റെ ബലിയർപ്പണം

കൊറോണ രോഗത്താൽ അവശനാണെങ്കിലും ഫാദർ മിഗുവൽ ഹോസ് മദീന ഒറമാസ് എന്ന വൈദികൻ ഇന്ന് ആത്മീയമായി ഊർജ്ജസ്വലനാണ്. കാരണം, രോഗാവസ്ഥയിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ അദ്ദേഹം ബലിയർപ്പിക്കുക മാത്രമല്ല, അനേകർക്ക് ധൈര്യവും പ്രത്യാശയും പകരുവാൻ അത് ലൈവായി ഫേസ്ബുക്കിൽ ഇടുകയും ചെയ്തു. തെക്കുകിഴക്കൻ മെക്സിക്കോയുടെ തലസ്ഥാനമായ മെറിഡയിലാണ് സംഭവം.

ഈ വികാരിയച്ചന്‍ മൂക്കിൽ ഓക്സിജൻ ട്യൂബുകൾ ഉപയോഗിച്ച്, വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രം ഫേസ്ബുക്കിൽ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ഒരു സമൂഹത്തോട് ചേർന്ന് വിശുദ്ധ ബലിയർപ്പിക്കാൻ സാധിക്കുന്നില്ലെങ്കിലും രോഗബാധിതനായ ശേഷം, അദ്ദേഹം ഒരു ചാപ്പലിൽ വിശുദ്ധ ബലിയർപ്പിക്കുകയും ഇടവകയുടെ ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യുകയുമായിരുന്നു.

ഈ രോഗബാധയാൽ, തളർന്ന് പോകാതെ അനേകർക്ക് പ്രചോദനമായി ഉണർന്നെഴുന്നേൽക്കാൻ ഈ വൈദികൻ പ്രചോദനമാകുന്നു. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അദ്ദേഹം നിരാശയിലല്ല; തികച്ചും സന്തോഷവാനാണ്. ഇപ്പോൾ 66 വയസുള്ള ഫാദർ മദീന വൈദികനായിട്ട് 38 വർഷമായി. വിവേകം കൈവെടിയാതെ ഈ രോഗത്തോട് ജാഗ്രത കാട്ടണമെന്നും ഇദ്ദേഹം നിർദ്ദേശിക്കുന്നു.

“തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സഹോദരങ്ങളിൽ നിന്നുമാണ് ഈ രോഗത്തെ അതിജീവിക്കാനുള്ള ശക്തി ലഭിക്കുന്നത്. പ്രാർത്ഥനയുടെ ശക്തിയിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു. കൂടാതെ കോവിഡിനെ അഭിമുഖീകരിക്കുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന അനേകം സഹോദരന്മാരിലൂടെ ദൈവത്തിന്റെ സ്നേഹം ഞാൻ അനുഭവിക്കുന്നു.” – ഫാദർ മദീന പറയുന്നു.

രാത്രിയിൽ ഉറങ്ങാൻ പ്രയാസമാണെങ്കിലും കൊറോണ വൈറസ് മൂലം ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും ഈ രോഗം മൂലം മരിക്കുന്നവർക്കുമായി പ്രാർത്ഥിക്കുകയെന്നതാണ് തന്റെ ദൗത്യം. ദൈവം എല്ലാ രോഗികളെയും സംരക്ഷിക്കട്ടെ. അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.