പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ച് വൈദികൻ; നിറകണ്ണുകളോടെ വീക്ഷിച്ച് ലോകം

കോവിഡ് 19 എന്ന കൊറോണ. ലോകം മുഴുവൻ ഭീതിയുടെ ഇരുൾ പടർത്തി താണ്ഡവമാടുകയാണ് ഈ രോഗം. പ്രതിരോധ മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നിരിക്കെ പ്രതിരോധ മാർഗ്ഗങ്ങൾ മാത്രമാണ് മുന്നിലുള്ള ഏകമാർഗം. ഈ യാഥാർഥ്യത്തെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് അറിയാതെ പറ്റിയ പിഴവിന് മാപ്പു ചോദിച്ചുകൊണ്ടുള്ള വൈദികന്റെ ദൃശ്യങ്ങൾ നിറകണ്ണുകളോടെയാണ് ലോകം സ്വീകരിച്ചത്.

സ്‌പെയിനിലെ വാൾടിമോറിലെ സെന്റ് വിൻസെന്റ് ഡി പോൾ ഇടവകയിലെ വികാരിയായ ഫാ. ഗബ്രിയേൽ ആണ് നിറകണ്ണുകളോടെ ക്ഷമ ചോദിച്ചു കൊണ്ടുള്ള ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “എനിക്ക് രോഗം വന്നത് ആരിൽ നിന്നാണെന്നു അറിയില്ല. ഞാൻ കാരണം ആരെങ്കിലും രോഗബാധിതനായാൽ അവരോടു ക്ഷമ ചോദിക്കുന്നു” വൈദികൻ പറഞ്ഞു. വാക്കുകൾ പൂർത്തിയാകുന്നതിനു മുൻപ് വൈദികൻ പൊട്ടിക്കരഞ്ഞു.

കൊറോണ രോഗബാധിതരായി മരണമടഞ്ഞവർക്കും ഇപ്പോൾ ചികിത്സയിൽ ആയിരിക്കുന്നവർക്കും ആയി പ്രാർത്ഥിക്കുവാൻ അദ്ദേഹം വീഡിയോയിൽ അഭ്യർത്ഥിച്ചു. വീടിനു പുറത്തേയ്ക്കു ആവശ്യമില്ലാതെ ഒരു കാരണവശാലും  ഇറങ്ങരുതെന്ന് ഓര്‍മ്മിപ്പിച്ച വൈദികൻ രോഗാവസ്ഥയിൽ ആയിരിക്കുന്നവർക്കായി ആത്മീയ ശുശ്രൂഷ ചെയ്യാൻ കഴിയാതെ പോയ തന്റെ അവസ്ഥയോർത്തും വേദന പങ്കുവച്ചു.

കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിതീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈയിനിലായിരിക്കവെയാണ് അദ്ദേഹം തന്റെ ഇടവക ജനങ്ങളോട് മാപ്പുപറഞ്ഞത്. നിറകണ്ണുകളോടെ ഉള്ള ഈ ക്ഷമാപണം എന്ന് വൈറലായി മാറിയിരിക്കുകയാണ്.