കഴുത്തോളം വെള്ളത്തിലൂടെ കുർബാന അർപ്പിക്കുവാൻ പോകുന്ന വൈദികൻ

മരിയ ജോസ്

കൊറോണ കാലത്തും ടാന്‍സാനിയയില്‍ കിലോമീറ്ററുകള്‍ താണ്ടി കുര്‍ബാനയ്ക്കു പോകുന്ന വൈദികരുണ്ട്. പൊതുജന പങ്കാളിത്വം ഇല്ലാതയേ കുര്‍ബാന അര്‍പ്പിക്കാവൂ എന്ന അവസ്ഥ അവിടെ ആയിട്ടില്ല. മഴ നനഞ്ഞ്, മലകളിറങ്ങി, പുഴകള്‍ നീന്തി, ചെളിയിലൂടെ ചവിട്ടിനടന്ന്, മേല്‍ക്കൂരയില്ലാത്ത പള്ളികളില്‍ കുര്‍ബാനയര്‍പ്പിക്കുന്ന ഒരു വൈദികനെ നമ്മള്‍ പരിചയപ്പെടണം.

  • കഴുത്തൊപ്പം വെള്ളം നിറഞ്ഞ വഴികളിലൂടെ കുര്‍ബാനയ്ക്കായി യാത്ര
  • കുര്‍ബാനയ്ക്കിടയില്‍ മഴ പെയ്താല്‍ കാസ, പീലാസ ഉള്‍പ്പെടെ നനയും
  • പള്ളിക്ക് മേല്‍കൂര ഇടാന്‍ ഇന്ത്യന്‍ രൂപ 50,000 ആവശ്യമാണ് 

“ഇന്ന് പതിമൂന്നു കിലോമീറ്റർ അകലെയുള്ള പള്ളിയിലാണ് പോയത്. രാവിലെ ഏഴുമണിയോടെ തുടങ്ങിയ യാത്ര മൺറോഡുകളും കഴുത്തൊപ്പം വെള്ളം നിറഞ്ഞ തോടുകളും ചെളി നിറഞ്ഞ വഴികളും കടന്ന് അവസാനിച്ചത് പതിനൊന്നു മണിയോടെയായിരുന്നു.” ആഫ്രിക്കയിലെ ടാന്‍സാനിയയിലെ ഇഫക്കാരാ രൂപതയിലെ നമവാല ഇടവകയിൽ സേവനം ചെയ്യുന്ന എംസിബിഎസ് വൈദികനായ ഫാ. ജോബി (ജോര്‍ജ്) ചെത്തിയിലിന്റെ വാക്കുകളാണ് ഇത്. കഴിഞ്ഞ മൂന്നു വർഷമായി മിഷൻ പ്രവർത്തനത്തിലൂടെ ആഫ്രിക്കയിലെ വിശ്വാസികളുടെ ജീവിതത്തെ അടുത്തറിഞ്ഞ ജോബിയച്ചന്റെ വാക്കുകളിലൂടെ ലൈഫ് ഡേയുടെ സഞ്ചാരം…

“നമ്മുടെ രാജ്യത്തെപ്പോലെ അടുത്തടുത്ത പള്ളികളൊന്നും ഇവിടെയില്ല. അതിനാൽ തന്നെ നമവാല ഇടവകയുടെ കീഴിൽ നാല് സബ് സ്റ്റേഷനുകളായി തിരിച്ചുകൊണ്ടാണ് ആളുകളുടെ ഇടയിലേയ്ക്ക് വൈദികർ വിശുദ്ധ കുർബാന അർപ്പിക്കുവാനെത്തുന്നത്” ജോബി അച്ചൻ തന്റെ മിഷൻ അനുഭവങ്ങൾ പറഞ്ഞുതുടങ്ങി.

“2016-ലായിരുന്നു എന്റെ പൗരോഹിത്യ സ്വീകരണം. 2017 മെയ് മാസത്തോടെ ഞാനുൾപ്പെടെ ആ ബാച്ചിൽ ഉണ്ടായിരുന്ന അഞ്ചുപേർ ആഫ്രിക്കൻ മിഷനിലേയ്ക്ക് അയയ്ക്കപ്പെട്ടു. ഒരു മാസത്തെ പരിശീലനത്തിനുശേഷം അഞ്ചുപേരും പല ഇടവകകളിലേയ്ക്ക് നിയോഗിക്കപ്പെട്ടു. അങ്ങനെ പല ഇടവകകളിൽ സേവനം ചെയ്ത ശേഷമാണ് നമവാല ഇടവകയിൽ കഴിഞ്ഞ ജൂൺ മാസത്തില്‍ ഞാനെത്തുന്നത്. ഒപ്പം, റോബിൻ പൂതുക്കുഴി അച്ചനും ഈ ഇടവകയിൽ സേവനം ചെയ്യുന്നു” – ആഫ്രിക്കയിലേയ്ക്കുള്ള തങ്ങളുടെ യാത്ര അച്ചൻ വെളിപ്പെടുത്തി.

കഴുത്തറ്റം വെള്ളത്തിലൂടെയുള്ള ആ യാത്ര

രണ്ടു വൈദികരുള്ളതിനാൽ തന്നെ എല്ലാമാസവും എല്ലാ മിഷൻ സ്റ്റേഷനുകളിലും രണ്ടു കുർബാന എന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്തിരുന്നു. എല്ലാ പള്ളികളിലും കിലോമീറ്ററുകൾ നടന്നുവേണം എത്താൻ. അന്ന്, ചെളിയും കഴുത്തറ്റം വെള്ളവും നിറഞ്ഞ ഇടങ്ങളിലൂടെ കുർബാന അർപ്പിക്കുവാൻ പോകുമ്പോൾ, വിശുദ്ധ കുർബാനയ്ക്കുവേണ്ടി ദാഹിച്ചു കാത്തിരിക്കുന്ന ദൈവജനമായിരുന്നു മനസ്സില് – അച്ചൻ ആ യാത്രയെ ഓർത്തെടുത്തു. ഈ മിഷൻ സ്റ്റേഷനിൽ കഴിഞ്ഞ ഡിസംബർ പതിനഞ്ചാം തീയതിയാണ് അവസാനമായി വിശുദ്ധ കുർബാന അർപ്പിച്ചത്. അതിനുശേഷം കനത്ത മഴയിൽ മിഷൻ സ്റ്റേഷനുകളിൽ പലതും ഒറ്റപ്പെട്ടു. അവിടേയ്ക്കു എത്തുവാൻ ഒട്ടുംതന്നെ കഴിയുമായിരുന്നില്ല. അന്നത്തെ ആ വിശുദ്ധ കുർബാനയ്ക്കുശേഷം പല പ്രാവിശ്യം അവിടെ നിന്നുള്ള വിശ്വാസികൾ കുർബാന അർപ്പിക്കുവാൻ വിളിച്ചു. എങ്കിലും എങ്ങനെ എത്തും എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു.

എങ്കിലും, അവരുടെ നിരന്തരമായ ആവശ്യം തള്ളിക്കളയുവാൻ അച്ചനു തോന്നിയില്ല. കാലാവസ്ഥ കണക്കാക്കാതെ അവിടേയ്ക്കു തിരിച്ചു. കൂടെ രണ്ടു പേരും ഉണ്ടായിരുന്നു. പാതിവഴിയിൽ കൂടെയുണ്ടായിരുന്നവർ മുങ്ങിപ്പോകുന്ന അത്രയും ആഴത്തിൽ വരെ വെള്ളം ഉണ്ടായിരുന്നു. ഈ പ്രയാസങ്ങളൊക്കെയും അവിടെ എത്തിയപ്പോൾ അവരുടെ സ്നേഹത്തിനു മുന്നിൽ ഇല്ലാതാവുകയായിരുന്നുവെന്ന് അച്ചൻ ഓർക്കുന്നു. ചെളിയിലും വെള്ളത്തിലുമൊക്കെയായി യാത്ര ചെയ്തെത്തിയ അച്ചനും കൂട്ടർക്കും കൈകഴുകാനും മറ്റും വെള്ളവും സോപ്പുമൊക്കെ അവർ കരുതിയിരുന്നു. അവർക്കൊപ്പമായിരുന്നു പ്രഭാതഭക്ഷണവും. തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ ആരംഭിച്ചു.

മഴയത്ത് ഒരു കുർബാനയർപ്പണം

മിഷൻ സ്റ്റേഷനിലെത്തി വൈകാതെ തന്നെ വീണ്ടും മഴ ആരംഭിച്ചു. ഏതാണ്ട് രണ്ടു മണിക്കൂറിനു മേലെ നീണ്ടുനിന്ന ഭയങ്കര മഴ. ആ മഴയത്താണ് അച്ചൻ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. അപ്പോൾ അവിടെ പള്ളി ഇല്ലേ എന്ന ചോദ്യത്തിന് മറുപടി അച്ചൻ പറഞ്ഞുതുടങ്ങി… “തികച്ചും സാധാരണക്കാരായ ആളുകൾ താമസിക്കുന്ന സ്ഥലം. മഴ കാരണം പതിമൂന്നു കിലോമീറ്ററുകൾക്കിപ്പുറത്തുള്ള ചെറിയ ടൗണിൽ എത്താൻ പോലും അവർക്കാകുന്നില്ല. മഴ കാരണം പ്രധാന കൃഷിയായ അരിയും ചോളവും കൃഷി ചെയ്യാൻ പറ്റിയിട്ടില്ല. പട്ടിണി അധികം ദൂരത്തല്ലാതെ നിലകൊള്ളുന്നു.

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തിന്റെ ദേവാലയം ഏതവസ്ഥയിലായിരിക്കും? ഇഷ്ടിക കെട്ടിയിട്ടുണ്ട്. എന്നാൽ, നല്ല മേൽക്കൂരയില്ല. മഴ പെയ്ത വെള്ളം മുഴുവൻ പള്ളിയ്ക്കുള്ളിൽ നിറഞ്ഞിരുന്നു. കുര്‍ബാനയുടെ ഇടയ്ക്ക് പിന്നെയും മഴ! കാസയും പീലാസയും എടുത്തുകൊണ്ട് അവിടെ നിന്നും മാറേണ്ടതായും വന്നു.”

അച്ചൻ തുടർന്നു… “ഇവിടെ കുറച്ച് കമ്പ് വച്ച് അതിന്റെ മുകളിൽ ഷീറ്റു വച്ച് ഒന്നു മറച്ചാൽ കൊള്ളാമെന്നുണ്ട്. അതിന് 50,000 രൂപയെങ്കിലും വേണം.  ഇവിടെ നിന്നുകൊണ്ടു തന്നെക്കൊണ്ട് അതിനു സാധിക്കില്ല എന്ന് അച്ചൻ വേദനയോടെ പറഞ്ഞു. എങ്കിലും സുമനസുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ വൈദികൻ.

ഈ വൈദികന്റെ പ്രതീക്ഷകൾ പൂവണിയുന്നതിനായി നമുക്കും കൈകോർക്കാം. നമ്മളാലാകുന്നത് നൽകാം.

ജോബി അച്ചന്റെ വാട്ട്‌സ് അപ്പ് : +255 628 512 364

മരിയ ജോസ്