കുര്‍ബാനമധ്യേ വൈദികന് കുത്തേറ്റു: ‘ലൈവ്’ ആയി ആളുകൾ കണ്ടുകൊണ്ടിരിക്കെ… 

    കാനഡയിലെ മോൺട്രയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ വൈദികന് കുത്തേറ്റു. വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു സംഭവം. മോൺട്രയയിലെ സെന്റ് ജോസഫ് ഒറേറ്ററിയിലെ റെക്ടറായ ഫാ. ക്‌ളൗടെ ഗ്രൂവിനാണ് ആക്രമിയുടെ കുത്തേറ്റത്.

    സംഭവസ്ഥലത്തു നിന്ന് 26 വയസ്സ് തോന്നിക്കുന്ന യുവാവ് പിടിയിലായി. ഏകദേശം അൻപതോളം ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഒപ്പംതന്നെ വിശുദ്ധ കുർബാന അർപ്പണത്തിന്റെ ലൈവ് സ്ട്രീമിങ് നടക്കുന്നതിനിടയിലാണ് യുവാവ് വലിയ കത്തിയുമായി വൈദികന് നേരെ ഓടിയടുത്തതും കുത്തിയതും. വൈദികനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ആദ്യം ഭയന്ന വിശ്വാസികൾ ആക്രമിയെ തടയാനും വൈദികനെ രക്ഷിക്കുവാനും ശ്രമിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. വൈദികനെ ആക്രമിച്ച യുവാവിനെ മുൻപ് ഒരിക്കൽപ്പോലും കണ്ടിട്ടില്ല എന്ന് ദേവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികൾ പോലീസിനോട് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല.

    ദേവാലയത്തിനു മുന്നിലുള്ള യൗസേപ്പിതാവിന്റെ രൂപത്തിനു മുന്നിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആക്രമി പെട്ടന്ന് ദേവാലയത്തിനു മുന്നിലേയ്ക്ക് ഓടിവരികയും വൈദികനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെട്ടന്നുതന്നെ ആംബുലൻസിൽ അച്ചനെ ആശുപത്രിയിൽ എത്തിച്ചു. വൈദികന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവ് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതരും കുടുംബാംഗങ്ങളും അറിയിച്ചു.

    സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മാർഗ്ഗമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും എങ്കിലും പല സന്യസ്തരുടെയും വൈദികരുടെയും ജീവൻ അപകടത്തിന്റെ മുനമ്പിലാണെന്നും മോൺട്രയൽ ആർച്ച്ബിഷപ്പ് വ്യക്തമാക്കി.