പ്രതിസന്ധികള്‍ക്കിടയില്‍ ദൈവത്തിനായി പൗരോഹിത്യം സ്വീകരിച്ച ചൈനക്കാരന്‍

ചൈനയില്‍ ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുക എന്നത് ഏറ്റവും അപകടകരമായ ഒന്നാണ്. വത്തിക്കാനുമായി ബന്ധം പുലര്‍ത്തുന്നവര്‍ ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ ഭരണാധികാരികളുടെ നോട്ടപ്പുള്ളിയാകും. പിന്നീട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പീഡനങ്ങളാകും നേരിടേണ്ടി വരുക. സര്‍ക്കാര്‍ അംഗീകരിക്കുന്ന സഭയില്‍ വിശ്വസിക്കാനും ആരാധന നടത്താനും മാത്രമാണ് ചൈനയില്‍ സ്വാതന്ത്ര്യം ഉള്ളത്. ഇങ്ങനെയുള്ള ചൈനയില്‍ സഭയോടുള്ള വിശ്വാസം മുറുകെ പിടിച്ചു കൊണ്ട് സേവനം ചെയ്യുന്ന ഒരു വൈദികന്‍ ഉണ്ട് ഈശോയുടെ ഫാ. ജോസഫ്‌.

‘ഒരു വീട്ടില്‍ ഒരു കുട്ടി’ എന്ന കര്‍ശന നയം സ്വീകരിച്ചിരിക്കുന്ന ചൈനയില്‍ കത്തോലിക്കരായ മാതാപിതാക്കളുടെ അഞ്ചു മക്കളില്‍ മൂന്നാമത്തെ ആളാണ് ഫാ. ജോസഫ്. പോലീസുകാര്‍ പട്ടണത്തില്‍ വരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ അവരുടെ മക്കളെ മറച്ചു പിടിക്കുവാന്‍ തുടങ്ങി. ഒപ്പം അവരുടെ വസ്തുവകകളും. കാരണം ഒന്നില്‍ കൂടുതല്‍ മക്കള്‍ ഉള്ളവരുടെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമായിരുന്നു.

“ഒന്നിലധികം കുട്ടികള്‍ ഉണ്ടായിരുന്ന ആളുകളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. അവര്‍ ഒന്നും ഇല്ലാത്തവരായി അവശേഷിക്കപ്പെട്ടു,” ഫാ. ജോസഫ് പറഞ്ഞു. പലപ്പോഴും അതൊരു പരീക്ഷണമായിരുന്നു. കുട്ടികള്‍ക്ക് ഇതെന്താണ് ചെയ്യുന്നതെന്ന്  മനസിലായില്ലെങ്കിലും ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ അവര്‍ മാതാപിതാക്കളില്‍ നിന്ന് പിരിയുകയും വിലകുറഞ്ഞ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുക എന്നത് വിശ്വാസത്തിന്റെ ഒരു പരീക്ഷണം ആയിരുന്നു. എന്നിരുന്നാലും അവർ അവരുടെ വിശ്വാസം സംരക്ഷിച്ചു. പ്രതിസന്ധികൾക്കിടയിലെ ജീവിതം അവരെ വിശ്വാസത്തിൽ ഉറപ്പിച്ചു എന്ന് മാത്രമല്ല അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരനും വൈദികരാവുകയും ചെയ്തു.

വീട്ടിൽ പ്രാർത്ഥനകൾ ചൊല്ലുവാൻ അനുവാദം ഉണ്ടായിരുന്നില്ല. അതിനാൽ ജോസഫും കുടുംബാംഗങ്ങളും രഹസ്യത്തിലാണ് ജപമാല പ്രാർത്ഥന ചൊല്ലിയിരുന്നത്. ജപമാലയായിരുന്നു വര്‍ഷങ്ങളോളം അവർക്കു ആത്മീയമായ കരുത്ത് പകർന്നു നൽകിയിരുന്നത്. കാരണം അവർക്കായി വൈദികരോ കർദ്ദിനാളന്മാരോ ആരും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും വിശ്വാസികൾ രാവിലെയും വൈകിട്ടും ഓരോ ജപമാല എത്തിക്കുവാൻ ശ്രമിച്ചിരുന്നു. ഫാത്തിമയിലെ പരിശുദ്ധ കന്യാമറിയം യഥാർത്ഥ ക്രൈസ്തവരായി ജീവിക്കുവാൻ അവർക്കു ശക്തി നൽകിയിരുന്നു.

പതിനഞ്ചാമത്തെ വയസിൽ അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. ക്രിസ്ത്യാനികൾ ഒരു ന്യൂനപക്ഷമായതിനാൽ ദൈവത്തെ അറിയാത്ത ധാരാളം  ആളുകൾ ചൈനയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട് എന്നദ്ദേഹം വിശ്വസിച്ചു. അവർക്കായി ദൈവത്തെ പകർന്നു കൊടുക്കുന്നതിനുള്ള ഉപകരണം ആകുവാൻ  അദ്ദേഹം തീരുമാനിച്ചു.  ഈ കാലയളവിൽ 60 ഗ്രാമങ്ങൾക്കായി ഒരു പുരോഹിതൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ചു സുവിശേഷവേല ചെയ്യുന്ന അദ്ദേഹം ജോസഫിനൊരു പ്രചോദനമായിരുന്നു. അങ്ങനെ അദ്ദേഹം സെമിനാരിയിൽ ചേർന്നു.

ആയിടയ്ക്കാണ് ചൈനീസ സർക്കാർ ചൈനീസ് കത്തോലിക്കാ പാട്രിയോട്ടിക് അസോസിയേഷനുമായി വരുന്നത്. ആ സംഘടനയുടെ കീഴിലേക്ക്  ക്രിസ്ത്യാനികളെ കൊണ്ടുവന്നു. എന്നാൽ അതിനു മാർപാപ്പായുമായോ  വത്തിക്കാനുമായോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. വത്തിക്കാനുമായി വിശ്വസ്തത പുലർത്തിയിരുന്ന കത്തോലിക്കര്‍  അതിൽ നിന്നും മാറിനിന്നു. അവർക്കായി ഭൂഗർഭ ദേവാലയങ്ങൾ സ്ഥാപിച്ചു. അത് രഹസ്യമായിരുന്നു. തങ്ങളുടെ ശുശ്രൂഷയെ കുറിച്ച്  അവർക്കു പുറത്തു പറയാൻ കഴിയുമായിരുന്നില്ല. തിരുപ്പട്ടങ്ങളും മറ്റും രഹസ്യത്തിലാണ്  നടത്തിയിരുന്നത്. ഫാ. ജോസഫ് അവരോടൊപ്പം ചേർന്നു.

പ്രതിസന്ധികൾക്കു നടുവിൽ അദ്ദേഹം കത്തോലിക്കാ വൈദികനായി. ഭൂഗർഭ ആരാധാലങ്ങളിൽ ബലിയർപ്പിച്ച ചൈനയിൽ അവശേഷിക്കുന്ന സത്യക്രിസ്ത്യാനികൾക്കായി രഹസ്യത്തിൽ ശുശ്രൂഷ ചെയ്തും മുന്നോട്ട് പോവുകയാണ് അദ്ദേഹം ഇന്ന്. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ചുറ്റുപാടുകളിൽ ദൈവത്തിനായി പ്രവർത്തിക്കുന്ന ദൈവത്തിന്റെ ഉപകരണമായി മാറുകയായിരുന്നു  ഫാ. ജോസഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.