ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയുടെ സാന്നിധ്യം എത്ര സമയമുണ്ടാവും

കത്തോലിക്കാ സഭയുടെ വിലമതിക്കാനാവാത്ത നിധിയാണ് അപ്പത്തിലും വീഞ്ഞിലും സന്നിഹിതനായ ക്രിസ്തു. വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിനെ നാം നമ്മുടെ ഉള്ളിലേയ്ക്ക് സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ ഉള്ളിലുള്ള ഒരു സംശയമാണ്, വിശുദ്ധ കുര്‍ബാന സമയത്ത് നാം സ്വീകരിക്കുന്ന ക്രിസ്തുസാന്നിധ്യം എത്ര സമയം നമ്മുടെ ഉള്ളിലുണ്ടെന്നത്.

ദിവ്യകാരുണ്യം സ്വീകരിച്ച്, ഉടന്‍ തന്നെ അവസാനിക്കുന്ന ഒന്നല്ല, നമ്മുടെ ഉള്ളിലെ ക്രിസ്തുസാന്നിധ്യം. കൂദാശാ സ്വീകരണ സമയം മുതല്‍ നമ്മുടെ ജീവിതാവസാനം വരെ ക്രിസ്തുസാന്നിധ്യം നിലനില്‍ക്കും. എന്നാല്‍, നാം അധരത്തില്‍ സ്വീകരിക്കുന്ന ദിവ്യകാരുണ്യം എത്ര സമയം നിലനില്‍ക്കും? ഈശോയുടെ സാന്നിധ്യം നമ്മുടെ ശരീരത്തില്‍ നിലനില്‍ക്കുന്നുണ്ടോ… വി. ഫിലിപ്പ് നേരിയുടെ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവം ഇതിന് ഉത്തരം നല്‍കും.

ഒരിക്കല്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് ദിവ്യകാരുണ്യത്തോട് തീരെ ഭക്തി കാണിക്കാതെ ഒരു വ്യക്തി ദേവാലയത്തില്‍ നിന്ന് നേരത്തെ ഇറങ്ങിപ്പോവുന്നത് വി. ഫിലിപ്പ് നേരിയുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍തന്നെ വിശുദ്ധന്‍ രണ്ട് അള്‍ത്താര ബാലന്മാരുടെ കൈയ്യില്‍ കത്തിച്ച തിരികള്‍ കൊടുത്തുവിട്ട് ആ മനുഷ്യനെ അനുഗമിക്കാന്‍ പറഞ്ഞുവിട്ടു. ആ വ്യക്തി പോകുന്നിടത്തെല്ലാം ബാലന്മാര്‍ കത്തിച്ച തിരികളുമായി അദ്ദേഹത്തെ അനുഗമിക്കുന്നതുകണ്ട്, അയാള്‍ വിശുദ്ധന്റെ അടുത്ത് തിരിച്ചുചെന്ന് എന്താണിതെന്ന് ചോദിച്ചു. താങ്കള്‍ ഉള്ളില്‍ സ്വീകരിച്ച ഈശോയോടുള്ള ആദരവാണ് താന്‍ കാണിച്ചതെന്ന് വിശുദ്ധന്‍ മറുപടി നല്‍കിയതിലൂടെ ആ വ്യക്തി മാനസാന്തരപ്പെട്ടു.

വിശുദ്ധ കുര്‍ബാന സ്വീകരണശേഷം പതിനഞ്ച് മിനിറ്റ് നേരത്തേക്ക് ഈശോയോട് നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പറയാറുണ്ട്. അതിനര്‍ത്ഥം അത്രയും സമയത്തേക്ക് മാത്രമാണ് ഈശോ നമ്മുടെ.ുള്ളില്‍ കുടികൊള്ളുന്നത് എന്നല്ല. പകരം പിന്നീടുള്ള മുഴുവന്‍ സമയവും ഈശോ നമ്മോടൊപ്പം തന്നെയാണ്. ആ സമയത്ത് ഹൃദയത്തിലേക്ക് എഴുന്നള്ളിവന്ന ഈശോയ്ക്ക് നന്ദി അര്‍പ്പിക്കുന്നു എന്നു മാത്രം. അതുകൊണ്ട് മനസിലാക്കാം.. ദിവ്യകാരുണ്യത്തിലൂടെ എഴുന്നള്ളി വരുന്ന ക്രിസ്തുസാന്നിധ്യം സദാ നമ്മോടൊപ്പമുണ്ട് എന്ന്.